ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ലെബനാൻകാർ ഉപയോഗിച്ച അതിർത്തി പാത ഇസ്രായേൽ തകർത്തു
text_fieldsബെയ്റൂത്ത്: ഇസ്രായേൽ ബോംബാക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ലക്ഷക്കണക്കിന് ലെബനാനുകാർ ഉപയോഗിച്ചിരുന്ന അതിർത്തി റോഡ് ഇസ്രായേൽ തകർത്തതായി ലെബനാൻ ഗതാഗത മന്ത്രി അലി ഹാമി. സിറിയയുമായി അതിർത്തി പങ്കിടുന്ന ലെബനാനിലെ മസ്‌നക്കു സമീപമുള്ള റോഡാണ് വെട്ടിമാറ്റിയത്. ബോർഡർ ക്രോസിംഗിന് സമീപമുള്ള ലെബനാൻ പ്രദേശത്ത് കൂറ്റൻ ഗർത്തങ്ങൾ സൃഷ്ടിച്ചാണ് ഇത് ചെയ്തത്.
ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല ലെബനാനിലേക്ക് സൈനിക ഉപകരണങ്ങൾ കൊണ്ടുപോകാൻ ക്രോസിംഗ് ഉപയോഗിച്ചതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (ഐ.ഡി.എഫ്) സൈനിക വക്താവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ‘ഇനി ആയുധങ്ങൾ കടത്തുന്നത് ഐ.ഡി.എഫ് അനുവദിക്കില്ല. നിർബന്ധിച്ചാൽ പ്രവർത്തിക്കാൻ മടിക്കില്ല. ഈ യുദ്ധത്തിലുടനീളം ചെയ്തതുപോലെയെന്നും’ ഐ.ഡി.എഫ് വക്താവ് അവിചയ് അദ്രായി ‘എക്‌സി’ൽ പറഞ്ഞിരുന്നു. ലെബനീസ് സർക്കാറിന്റെ കണക്കുകൾ പ്രകാരം മൂന്നു ലക്ഷത്തിലധികം ആളുകൾ വർധിച്ചുവരുന്ന ഇസ്രായേൽ ബോംബാക്രമണത്തിൽനിന്ന് രക്ഷതേടി കഴിഞ്ഞ പത്തു ദിവസങ്ങളിലായി ഈ ക്രോസിങ്ങിലൂടെ സിറിയയിലേക്ക് കടന്നുവെന്നാണ്.
ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലുള്ള രൂക്ഷമായ പോരാട്ടം അമേരിക്കയെയും ഇറാനെയും പശ്ചിമേഷ്യൻ സംഘർഷത്തിലേക്ക് വലിച്ചെടുപ്പിക്കപ്പെടുമെന്ന ആശങ്ക പല കോണുകളിൽ ഉയർന്നിട്ടുണ്ട്. ബദ്ധശത്രുവിന് നേരെ ഇറാൻ നടത്തിയ എക്കാലത്തെയും വലിയ ആക്രമണത്തിനുശേഷം തിരിച്ചടിക്കാനുള്ള സാധ്യതകൾ ഇസ്രായേൽ വിലയിരുത്തുന്നതിനിടെ, മിഡിൽ ഈസ്റ്റിൽ ഒരു സമ്പൂർണ യുദ്ധം ഉണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് യു.എസ് പ്രസിഡൻ ജോ ബൈഡൻ പറഞ്ഞിരുന്നു. എങ്കിലും അതിനുള്ള സാധ്യത പൂർണമായും തള്ളിക്കളയാനാവില്ലെന്നും വലിയിരുത്തലുകൾ ഉണ്ട്. ലെബനാൻ സായുധ ഗ്രൂപ്പായ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ സൈന്യം ബെയ്‌റൂത്തിൽ പുതിയ വ്യോമാക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.