വെസ്റ്റ് ബാങ്കിൽ പ്രാദേശിക കമാൻഡർ അടക്കം അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു
text_fieldsജറൂസലം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ രൂക്ഷമായ ആക്രമണം വ്യാഴാഴ്ചയും തുടർന്നു. തൂൽകറം പട്ടണത്തിന് പുറത്തുള്ള നൂർ ശംസ് അഭയാർഥി ക്യാമ്പിൽ പ്രാദേശിക കമാൻഡർ ഉൾപ്പെടെ അഞ്ച് ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്ലാമിക് ജിഹാദ് സംഘടന കമാൻഡർ അബൂ ശുജാ എന്നറിയപ്പെടുന്ന മുഹമ്മദ് ജാബിറാണ് കൊല്ലപ്പെട്ടത്. കമാൻഡർ കൊല്ലപ്പെട്ട കാര്യം ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് സ്ഥിരീകരിച്ചു.
പള്ളിയിൽ ഒളിച്ചിരുന്നവരെയാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രായേൽ സേന അവകാശപ്പെട്ടു. ഈ വർഷം ആദ്യം നടന്ന ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് വിചാരിച്ചിരുന്ന അബൂ ശുജാ മറ്റു പോരാളികളുടെ ഖബറടക്ക ചടങ്ങിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ജൂണിൽ ഖൽഖീലിയയിൽ ഇസ്രായേൽ പൗരനെ വെടിവെച്ച് കൊലപ്പെടുത്തിയത് അബൂ ശുജാ ആണെന്നും സേന ആരോപിച്ചിരുന്നു.
നീണ്ട കാലയളവിനുശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ ബുധനാഴ്ച പുലർച്ചെ തുടങ്ങിയ ഏറ്റവും വലിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.
ഇപ്പോഴും വെസ്റ്റ് ബാങ്കിൽ പരിശോധനയും വെടിവെപ്പും തുടരുന്ന ഇസ്രായേൽ സേന 25 ഫലസ്തീനികളെ അറസ്റ്റ് ചെയ്തു. അഞ്ച് വീടുകൾക്ക് തീവെച്ചു. ഡസനിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഫലസ്തീനിയൻ റെഡ് ക്രസന്റ് സംഘത്തിന്റെ രക്ഷാപ്രവർത്തനം സേന തടഞ്ഞു.
ഗസ്സയിലെപോലെ വെസ്റ്റ് ബാങ്കിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഫലസ്തീൻ അതോറിറ്റിയുടെ മുഖ്യ വക്താവ് നബീൽ അബൂ റുദീന മുന്നറിയിപ്പ് നൽകി.
ഇസ്രായേൽ മന്ത്രിമാർക്ക് ഉപരോധം ഏർപ്പെടുത്തണം –യൂറോപ്യൻ യൂനിയൻ
ബ്രസൽസ്: ഗസ്സയിലെ ആക്രമണവുമായി ബന്ധപ്പെട്ട് ഫലസ്തീനികൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന ഇസ്രായേൽ മന്ത്രിമാർക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ തലവൻ ജോസെപ് ബോറെൽ. ഇക്കാര്യം ചർച്ച ചെയ്യണമെന്നും വ്യാഴാഴ്ച ബ്രസൽസിൽ നടന്ന യൂറോപ്യൻ യൂനിയൻ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കവെ ബോറെൽ ആവശ്യപ്പെട്ടു.
ഇസ്രായേൽ മന്ത്രിമാരുടെ നടപടി കുറ്റകൃത്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവുമാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയില്ല. എന്നാൽ, അന്താരാഷ്ട്ര മാനുഷിക നിയമം മാനിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതിൽനിന്ന് യൂറോപ്യൻ യൂനിയനെ തടയാൻ കഴിയില്ലെന്നും ബോറെൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.