'ദാരുണമാണ് ഇസ്രായേൽ നടപടി, ഇത് സമാധാന ശ്രമങ്ങളെ ഇല്ലാതാക്കും'; ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ
text_fieldsപാരീസ്: വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കവേ ഗസ്സയിൽ വീണ്ടും ആക്രമണം നടത്തിയ ഇസ്രായേൽ നടപടിയെ ശക്തമായി അപലപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഇത് സമാധാന ശ്രമങ്ങളെ പിറകോട്ട് നയിക്കുന്നതാണെന്നും ക്രൂരത ഉടൻ അവസാനിപ്പിക്കണമെന്നും മാക്രോൺ ആവശ്യപ്പെട്ടു.
"ഗസ്സയിലെ ഫലസ്തീനികളെ വീണ്ടും ബോംബാക്രമണ ഭീകരതയിലേക്ക് തള്ളിവിടുന്നത് ദാരുണമാണ്. ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ദുരന്തപൂർണമാണ് കാര്യങ്ങൾ. ഒരു വർഷത്തിലേറെ നീണ്ട യുദ്ധത്തിനും പ്രക്ഷോഭത്തിനും ശേഷം സമാധാനം വീണ്ടെടുക്കാനുള്ള മുഴുവൻ ശ്രമങ്ങളെയും ഇല്ലാതാക്കും". ബുധനാഴ്ച ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് മാക്രോണിന്റെ പ്രതികരണം. ശത്രുതകൾ ഉടൻ അവസാനിപ്പിച്ച് ചർച്ചകൾ പുനരാരംഭിക്കണമെന്നും മാക്രോൺ വ്യക്തമാക്കി.
ഇതിനകം തന്നെ തകർന്ന മനുഷ്യരിലേക്ക് കൂടുതൽ നാശം വിതക്കുന്നത് അങ്ങേയറ്റം അപകടരമാണെന്ന് അബ്ദുള്ള രണ്ടാമൻ രാജാവും മുന്നറിയിപ്പ് നൽകി.
ആഴ്ചകൾ നീണ്ട താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ച് മുന്നറിയിപ്പില്ലാതെ ഗസ്സയെ വീണ്ടും ചോരയിൽ മുക്കിയ ഇസ്രായേൽ ഭീകരതക്ക് പിന്നാലെ കരയുദ്ധം തുടങ്ങിയിരിക്കുകയാണ് ഇസ്രായേൽ.
ചൊവ്വാഴ്ച പുലർച്ചെ ഗസ്സയിലുടനീളം ഇസ്രായേൽ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 400-ലധികം പേരാണ് കൊല്ലപ്പെട്ടത്. യെമനിൽ അമേരിക്ക നേരിട്ട് കനത്ത വ്യോമാക്രമണം നടത്തി മണിക്കൂറുകൾക്കകമാണ് വൈറ്റ് ഹൗസിന്റെ നിറപിന്തുണയോടെ ഗസ്സയിലുടനീളം ചൊവ്വാഴ്ച ഇസ്രായേൽ ബോംബറുകളെത്തിയത്.
ട്രംപ് ഭരണകൂടവുമായും വൈറ്റ്ഹൗസുമായും ചർച്ച നടത്തിയശേഷമാണ് ഇസ്രായേൽ ആക്രമണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് സ്ഥിരീകരിച്ചു. ഇസ്രായേലിനെയും അമേരിക്കയെയും ഭീതിയിലാക്കാൻ ഉദ്ദേശിക്കുന്ന ഹമാസും ഹൂതികളുമടക്കം വിലനൽകേണ്ടിവരുമെന്നും ഗസ്സയടക്കം നരകമാക്കി മാറ്റുമെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.