രണ്ട് ബന്ദികൾകൂടി കൊല്ലപ്പെട്ടതായി ഹമാസ്
text_fieldsഗസ്സ: രണ്ട് ബന്ദികൾകൂടി ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസിന്റെ അൽ ഖസ്സാം ബ്രിഗേഡ് അറിയിച്ചു. എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശരിയായ ചികിത്സ നൽകാൻ കഴിയാത്തതിനാൽ ഓരോ ദിവസവും ബന്ദികളുടെ ജീവൻ അപകടത്തിലാവുകയാണെന്ന് ഹമാസ് വ്യക്തമാക്കി. പരിക്കേറ്റ ബന്ദികളുടെ ജീവൻ നഷ്ടമായാൽ, മരുന്നും അവശ്യവസ്തുക്കളും തടയുന്ന ഇസ്രായേൽ സൈന്യത്തിന് മാത്രമാണ് ഉത്തരവാദിത്തമെന്ന് മുതിർന്ന ഹമാസ് നേതാവ് പറഞ്ഞു.
അതിനിടെ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന റഫയിൽ ഇസ്രായേൽ കരയുദ്ധത്തിനിറങ്ങുന്നത് ബന്ദി കൈമാറ്റ ചർച്ച തകർക്കുമെന്ന് ഹമാസിന്റെ മുന്നറിയിപ്പ്. റഫയിൽ ശനിയാഴ്ച രാത്രി ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 40 ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലാകെ 24 മണിക്കൂറിനിടെ 112 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ കൊല്ലപ്പെട്ട ഫലസ്തീനികൾ 28,176 ആയി. 67,784 പേർക്ക് പരിക്കേറ്റു.
റഫയിൽ ആക്രമണം നടത്തിയാൽ പറയാൻ കഴിയാത്ത മാനുഷിക ദുരന്തമാണ് സംഭവിക്കുകയെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ് ബോൽ മുന്നറിയിപ്പ് നൽകി. വിഷയം ചർച്ച ചെയ്യാൻ ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് ഖത്തറിലെത്തും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.