ഗസ്സയിൽ 35,000 പിന്നിട്ട് കൂട്ടക്കുരുതി; ജബാലിയയിലും റഫയിലും കടന്നുകയറി ഇസ്രായേൽ ടാങ്കുകൾ
text_fieldsറഫ: ഗസ്സയിൽ ഇസ്രായേൽ വംശഹത്യ 35,000 പിന്നിട്ട ദിനത്തിൽ വിവിധ ഭാഗങ്ങളിൽ കനത്ത ആക്രമണവുമായി ഇസ്രായേൽ. റഫക്ക് പുറമെ ജബാലിയ അഭയാർഥി ക്യാമ്പിലും ഇസ്രായേൽ ടാങ്കുകൾ കടന്നുകയറി. ക്യാമ്പിന്റെ കിഴക്കുഭാഗത്തെ കെട്ടിടങ്ങളിലേറെയും കനത്ത ബോംബിങ്ങിൽ തകർത്തതിനു പിറകെയാണ് ആഴ്ചകൾക്കിടെ രണ്ടാമതും ടാങ്കുകളെത്തിയത്. ഇവിടെ ഹമാസ് പോരാളികളും ഇസ്രായേൽ സേനയും തമ്മിൽ രൂക്ഷ പോരാട്ടം തുടരുകയാണ്.
സിവിലിയന്മാർ താമസിക്കുന്ന കെട്ടിടങ്ങളും അഭയകേന്ദ്രങ്ങളും ഇസ്രായേൽ സൈന്യം വളഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. രാത്രിയിലെ ബോംബിങ്ങിൽ നിരവധി പേർ കൊല്ലപ്പെട്ടു. രക്ഷാപ്രവർത്തകർക്ക് പ്രവേശനം സാധ്യമല്ലാത്തതിനാൽ കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും പുറത്തെത്തിക്കാനായിട്ടില്ല. ക്യാമ്പിന്റെ മധ്യത്തിൽ യു.എൻ അഭയാർഥി ഏജൻസി ക്ലിനിക്കിനു സമീപം ആംബുലൻസുകൾക്ക് നേരെയും ആക്രമണമുണ്ടായി.
കരയാക്രമണം ഉടനുണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രഖ്യാപിച്ച റഫയുടെ തെക്കൻ മേഖലകളിൽ കനത്ത ആക്രമണത്തിൽ നിരവധി കുരുന്നുകളടക്കം 27 പേർ കൊല്ലപ്പെട്ടു. ഇവിടെ കൂടുതൽ മേഖലകളിൽനിന്ന് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്നു ലക്ഷം ഫലസ്തീനികൾ ഇതിനകം റഫയിൽനിന്ന് വീണ്ടും പലായനം ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു.
ദെയ്ർ അൽബലഹിൽ പ്രമുഖ ശിശുരോഗ വിദഗ്ധൻ നിമ്ർ ഖസ്അത്തും ഡോക്ടറായ മകൻ യൂസുഫും കൊല്ലപ്പെട്ടു. എട്ടിടത്ത് കുരുതി കണ്ട ദിനത്തിൽ 24 മണിക്കൂറിനിടെ 63 മൃതദേഹങ്ങളാണ് ആശുപത്രികളിലെത്തിയത്. 114 പേർക്ക് പരിക്കേറ്റു. ഇതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 35034 ആയി. 78,755 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 10,000 ലേറെ പേർ കെട്ടിടാവശിഷ്ടങ്ങൾക്കടിയിലാണ്.
റഫയിലെ ആറുലക്ഷം കുഞ്ഞുങ്ങൾക്ക് പോകാൻ ഇടമില്ലെന്ന് യൂനിസെഫ് കുറ്റപ്പെടുത്തി. ഗസ്സയുടെ അടിസ്ഥാന സൗകര്യങ്ങളുടെ 80 ശതമാനവും ഏഴുമാസത്തിനിടെ ഇസ്രായേൽ തകർത്തുകളഞ്ഞതായി ഗസ്സ സിവിൽ ഡിഫൻസും അറിയിച്ചു. വടക്കൻ ഗസ്സയിൽ ഒരു ആശുപത്രിപോലും പ്രവർത്തിക്കുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. അതിനിടെ, ഗസ്സയിൽനിന്ന് ഇസ്രായേലിലെ അഷ്കലോൺ പട്ടണത്തിലേക്ക് നടന്ന റോക്കറ്റ് ആക്രമണത്തിൽ മൂന്നുപേർക്ക് നിസ്സാര പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.