റഫയിൽ ഇരച്ചുകയറി യുദ്ധടാങ്കുകൾ: ആക്രമണം ബന്ദിമോചനത്തിനെന്ന് നെതന്യാഹു; വ്യോമാക്രമണത്തിൽ പരിക്കേറ്റ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്
text_fieldsറഫ: വെടിനിർത്തൽ കരാറിന് സന്നദ്ധമാണെന്ന് ഹമാസ് അറിയിച്ചിട്ടും റഫയിൽ കടന്നുകയറി ഇസ്രായേൽ സേന. ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ തിങ്കളാഴ്ച രാത്രി ഇരച്ചുകയറിയ ഇസ്രായേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തു. നിരവധി ഹമാസ് പോരാളികളെ വധിച്ചതായും ഒളിയിടങ്ങൾ തകർത്തതായും സൈന്യം അവകാശപ്പെട്ടു.
റഫ, കറം അബൂസാലം അതിർത്തികൾ ഇസ്രായേൽ അടച്ചതോടെ ഗസ്സയിലേക്കുള്ള ഭക്ഷ്യസഹായ വിതരണം പൂർണമായും തടസ്സപ്പെട്ടു. ഹമാസിന്റെ സൈനിക-സാമ്പത്തിക ശേഷികൾ തകർക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പാണ് റഫ പിടിച്ചെടുത്തതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ബന്ദികളെ മോചിപ്പിക്കാൻ ആക്രമണം അനിവാര്യമാണെന്നും നെതന്യാഹു പറഞ്ഞു.
תיעוד: הטנקים של חטיבה 401 השתלטו על מעבר רפיח pic.twitter.com/j5KoycXHq9
— איתי בלומנטל 🇮🇱 Itay Blumental (@ItayBlumental) May 7, 2024
അതേസമയം, ഇസ്രായേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ ബന്ദിയായ ഇസ്രായേൽ സ്വദേശി ജൂഡി ഫെയിൻസ്റ്റൈൻ (70) മരണത്തിന് കീഴടങ്ങിയതായി ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സിൻറെ വക്താവ് അബു ഉബൈദ അറിയിച്ചു. ഒരുമാസം മുമ്പാണ് ഇസ്രായേൽ ആക്രമണത്തിൽ ജൂഡിക്ക് സാരമായി പരിക്കേറ്റത്.
ഹമാസ് പ്രഖ്യാപനത്തിൽ അമ്പരന്ന് ഇസ്രായേൽ; ആദ്യനിലപാടിൽ അയവ്
ഹമാസിന്റെ ശക്തികേന്ദ്രമാണെന്നാരോപിച്ച് റഫയിൽ ആക്രമണം ആസന്നമാണെന്ന് ഇസ്രായേൽ ഭീഷണി മുഴക്കിയതിനെ തുടർന്ന് പ്രദേശവാസികൾ ഒഴിഞ്ഞുപോകുന്നതിനിടെ തിങ്കളാഴ്ച രാത്രി അപ്രതീക്ഷിതമായാണ് വെടിനിർത്തൽ കരാർ അംഗീകരിക്കുന്നുവെന്ന ഇസ്മാഈൽ ഹനിയ്യയുടെ പ്രഖ്യാപനം വന്നത്. ഇതോടെ ഗസ്സയിൽ ഫലസ്തീനികൾ ആഹ്ലാദപ്രകടനം നടത്തി.
എന്നാൽ, ഇസ്രായേൽ കേന്ദ്രങ്ങളിൽ പ്രഖ്യാപനം അമ്പരപ്പാണ് സൃഷ്ടിച്ചത്. മധ്യസ്ഥരായ ഖത്തറും ഈജിപ്തും മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശങ്ങളിൽ ചിലത് സ്വീകാര്യമല്ലെന്നും അംഗീകരിക്കില്ലെന്നും ആദ്യം നിലപാടെടുത്ത ഇസ്രായേൽ, പിന്നീട് അനൗദ്യോഗിക ചർച്ചക്ക് തയാറാകുകയായിരുന്നു. ഹമാസ് അംഗീകരിച്ച വെടിനിർത്തൽ കരാറിനെക്കുറിച്ച് അനൗദ്യോഗിക ചർച്ചക്കായി ഇസ്രായേൽ സംഘം കൈറോയിലേക്ക് തിരിച്ചു.
കരാർ അംഗീകരിച്ചാൽ 33 ബന്ദികളെ ആദ്യഘട്ടത്തിൽ മോചിപ്പിക്കും
42 ദിവസം വീതം നീളുന്ന മൂന്നുഘട്ടങ്ങളിലായി ബന്ദികളെയും തടവുകാരെയും പരസ്പരം കൈമാറാനുള്ള വെടിനിർത്തൽ കരാറാണ് ഹമാസ് അംഗീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. അവശേഷിക്കുന്ന 132 ബന്ദികളിൽ 33 പേരെ ആദ്യഘട്ടത്തിൽ മോചിപ്പിക്കും. ഇതിന് പകരമായി ഫലസ്തീനി തടവുകാരെ ഇസ്രായേൽ വിട്ടയക്കണം. ഗസ്സയിൽനിന്ന് ഭാഗികമായി പിന്മാറുകയും വേണം.
അടുത്ത ഘട്ടത്തിൽ ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും ഹമാസ് മോചിപ്പിക്കുന്നതിന് പകരമായി ഗസ്സയിൽ സമാധാനം പുനഃസ്ഥാപിക്കണം. അവസാന ഘട്ടത്തിൽ ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറണം. ഇതോടെ ഗസ്സക്ക് മേലുള്ള ഉപരോധം നീക്കുകയും പുനർനിർമാണം ആരംഭിക്കുകയും വേണം.
പ്രക്ഷോഭം ശക്തമാക്കി ബന്ദികളുടെ ബന്ധുക്കൾ
ഗസ്സയിൽ സമ്പൂർണ വെടിനിർത്തൽ അംഗീകരിക്കില്ലെന്നും ഹമാസിനെ ഇല്ലാതാക്കുംവരെ പോരാട്ടം തുടരുമെന്നുമാണ് ഇസ്രായേൽ നിലപാട്. അതേസമയം, വെടിനിർത്തൽ കരാർ അംഗീകരിക്കാൻ ഇസ്രായേൽ ഭരണകൂടത്തിനുമേൽ അമേരിക്ക ഉൾപ്പെടെ രാജ്യങ്ങൾ സമ്മർദം ശക്തമാക്കണമെന്ന ആവശ്യവുമായി ബന്ദികളുടെ ബന്ധുക്കൾ പ്രക്ഷോഭം ശക്തമാക്കി.
റഫയിലേക്കുള്ള കടന്നുകയറ്റം വെടിനിർത്തൽ ചർച്ചകളെ ബാധിക്കുമെന്ന് ഹമാസും പ്രതികരിച്ചു. റഫ അധിനിവേശം ഇസ്രായേലിന്റെ മറ്റൊരു യുദ്ധ കുറ്റകൃത്യമാണെന്ന് തുർക്കിയയും സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാണെന്ന് ഈജിപ്തും വംശഹത്യയിൽ അന്താരാഷ്ട്ര സമൂഹം പ്രതികരിക്കണമെന്ന് സൗദി അറേബ്യയും നിലപാട് വ്യക്തമാക്കി.
റഫ ആക്രമണം വീണ്ടും ചോരപ്പുഴക്ക് കാരണമാകുമെന്ന് യൂറോപ്യൻ യൂനിയൻ വിദേശകാര്യ വക്താവ് ജോസപ് ബോറൽ പ്രതികരിച്ചു. ഹമാസും ഇസ്രായേലും പരസ്പരം വിട്ടുവീഴ്ച ചെയ്ത് ഗസ്സയിൽ വെടിനിർത്തലിന് വഴിയൊരുക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.