വെടിനിർത്തൽ ചർച്ചക്ക് ഇസ്രായേൽ സംഘം കൈറോയിൽ
text_fieldsകൈറോ: ഒമ്പത് മാസത്തിലേറെയായി തുടരുന്ന ഗസ്സ ആക്രമണത്തിനിടെ വെടിനിർത്തൽ ചർച്ചകൾക്കായി ഇസ്രായേൽ സംഘം ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിലെത്തി. കൈറോ വിമാനത്താവള ഉദ്യോഗസ്ഥരാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇസ്രായേൽ ഗസ്സ ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് വെടിനിർത്തൽ ചർച്ചകൾ നിലച്ചിരുന്നു. അന്താരാഷ്ട്ര മധ്യസ്ഥർ നടത്തിയ ശ്രമത്തെ തുടർന്നാണ് വീണ്ടും ചർച്ചകൾ പുനരാരംഭിക്കുന്നത്.
11 പേർ കൂടി കൊല്ലപ്പെട്ടു
ഗസ്സ സിറ്റി: ഗസ്സ മുനമ്പിൽനിന്ന് പലായനം ചെയ്തവർ തിങ്ങിപ്പാർക്കുന്ന ദൈർ അൽബലാഹിനടുത്ത് ഇസ്രായേൽ സേന വീണ്ടും നടത്തിയ വ്യോമാക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമുൾപ്പെടെയാണ് ആക്രമണത്തിന് ഇരയായത്. വീടിനു നേരെയായിരുന്നു ആദ്യത്തെ ആക്രമണം. ഇതിൽ ആറുപേരാണ് കൊല്ലപ്പെട്ടത്. ദൈർ അൽബലാഹിന് തൊട്ടടുത്തുള്ള സവൈദയിലായിരുന്നു സംഭവം. ബോംബേറിൽ കാർ തകർന്നാണ് മൂന്നുപേർ മരിച്ചത്. ബുറൈജിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് തകർന്ന വീടിന്റെ അവശിഷ്ടങ്ങളിൽനിന്ന് രണ്ട് മൃതദേഹങ്ങളും പരിക്കേറ്റ ഏഴുപേരെയും പുറത്തെത്തിച്ചതായി ഗസ്സയിലെ സിവിൽ ഡിഫൻസ് സംഘടന അറിയിച്ചു.
അധിനിവേശ സേനയുടെ ആക്രമണത്തിൽ 38,600ലേറെ പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇസ്രായേലിനെതിരെ രണ്ട് അന്താരാഷ്ട്ര കോടതികൾ യുദ്ധക്കുറ്റങ്ങളും വംശഹത്യ കുറ്റവും ചുമത്തിയിരുന്നു. ഗസ്സയിലെ 2.3 ദശലക്ഷം ജനങ്ങളിൽ ഭൂരിഭാഗവും മധ്യ, തെക്കൻ ഗസ്സയിലെ പട്ടിണിയുമായി ക്യാമ്പുകളിൽ തിങ്ങിക്കഴിയുകയാണ്.
മാധ്യമങ്ങൾക്ക് വിലക്ക് നീട്ടി ഇസ്രായേൽ
ജറൂസലം: ദേശീയ സുരക്ഷക്ക് ഭീഷണിയുയർത്തുന്നെന്ന് ആരോപിച്ച് അൽജസീറ ഉൾപ്പെടെ വിദേശ മാധ്യമങ്ങൾക്കുള്ള വിലക്ക് ഇസ്രായേൽ നീട്ടി. നവംബർ 30 വരെയാണ് നീട്ടിയത്. വ്യാഴാഴ്ച പുലർച്ച വരെ നീണ്ട ഇസ്രായേൽ പാർലമെന്റ് സമ്മേളനത്തിലാണ് വിലക്ക് നീട്ടാനുള്ള നടപടിക്ക് അന്തിമ അനുമതി നൽകിയത്. ഈ നിയമപ്രകാരം ഇസ്രായേൽ അധികൃതർ അൽജസീറ ടി.വിയുടെ പ്രവർത്തനം വിലക്കുകയും വെബ്സൈറ്റ് നിരോധിക്കുകയും ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
മസ്ജിദുൽ അഖ്സ സന്ദർശിച്ച് ഇസ്രായേൽ മന്ത്രി
ജറൂസലം: വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കവെ, പുതിയ പ്രകോപനവുമായി മസ്ജിദുൽ അഖ്സ സന്ദർശിച്ച് ഇസ്രായേലിലെ തീവ്ര വലതുപക്ഷ മന്ത്രി ഇതാമർ ബെൻ ഗവിർ. ദേശീയ സുരക്ഷ മന്ത്രിയും തീവ്ര ജൂത കുടിയേറ്റ നേതാവുമാണ് ഗവിർ. ഉടമ്പടികളില്ലാതെ ബന്ദികളുടെ മോചനത്തിനുവേണ്ടി പ്രാർഥിക്കാനാണ് മസ്ജിദുൽ അഖ്സയിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മുസ്‍ലിംകളുടെ പ്രധാനപ്പെട്ട ആരാധന കേന്ദ്രമായ മസ്ജിദുൽ അഖ്സ സന്ദർശനം ഒമ്പത് മാസത്തിലേറെയായി തുടരുന്ന ആക്രമണം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.