അൽശിഫ തരിപ്പണമാക്കി ഇസ്രായേൽ സേനയുടെ പിന്മാറ്റം
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രി സമുച്ചയമായ അൽശിഫയും പരിസരത്തെ കെട്ടിടങ്ങളും തകർത്തുതരിപ്പണമാക്കി ഇസ്രായേൽ സേനയുടെ പിന്മാറ്റം. കവചിത വാഹനങ്ങളുടെ അകമ്പടിയിൽ രണ്ടാഴ്ച നീണ്ട സൈനിക താണ്ഡവം അവസാനിപ്പിച്ചാണ് ഞായറാഴ്ച പിന്മാറിയത്. ആശുപത്രിയിൽ ചികിത്സ മുടക്കിയതിനെതുടർന്ന് നിരവധി രോഗികൾ മരിച്ചിരുന്നു. കൂട്ടിരിപ്പുകാരായും അഭയാർഥികളായും അകത്തുണ്ടായിരുന്ന 200ലേറെ പേരെ കൊല്ലപ്പെടുത്തിയ സൈന്യം നൂറുകണക്കിന് പേരെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. പരിസരമൊന്നാകെ നാമാവശേഷമാക്കുകയെന്ന ലക്ഷ്യത്തോടെ കെട്ടിടങ്ങൾക്ക് തീയിടുകയും ബോംബിട്ട് കോൺക്രീറ്റ് കൂനകളാക്കുകയും ചെയ്തു. ചിലയിടങ്ങളിൽ ഇപ്പോഴും മൃതദേഹങ്ങൾ കൂടിക്കിടക്കുകയാണ്. നൂറുകണക്കിന് മൃതദേഹങ്ങൾ പലയിടങ്ങളിലായി അനാഥമായി കിടക്കുകയാണെന്ന് ഫലസ്തീൻ വാർത്ത ഏജൻസി ‘വഫ’ റിപ്പോർട്ട് ചെയ്തു.
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയിൽ ഇനി ആതുരസേവനം ഉടൻ ആരംഭിക്കാനാകില്ലെന്ന് സ്ഥലത്തെത്തിയ ഫലസ്തീനികളെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ പറഞ്ഞു. പരിസരത്തെ അൽഅഹ്ലി ആശുപത്രിയിലേക്ക് രോഗികളിലേറെ പേരെയും മാറ്റിയിരുന്നെങ്കിലും അവശേഷിച്ചവരിൽ 107 പേരെ ചികിത്സ സൗകര്യങ്ങളില്ലാത്ത ഒരു കെട്ടിടത്തിലാക്കിയിരുന്നു. ഇവർക്ക് എന്തുപറ്റിയെന്ന് പരിശോധിച്ചുവരികയാണ്.
350ഓളം രോഗികളും ആയിരക്കണക്കിന് അഭയാർഥികളും കഴിഞ്ഞ ആശുപത്രിയിൽനിന്ന് എല്ലാവരോടും ഒഴിയാൻ നിർബന്ധിച്ചായിരുന്നു സൈനിക അതിക്രമം. 900 ഫലസ്തീനികളെയാണ് ഇവിടെനിന്ന് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ നവംബറിലും ആശുപത്രിയിൽ സമാന അതിക്രമങ്ങൾ നടത്തിയിരുന്നു. അന്നും നിരവധി പേരാണ് ഇതിനകത്തും പുറത്തും കൊല്ലപ്പെട്ടത്. അതിലേറെ ക്രൂരമായാണ് ഇത്തവണ ഇസ്രായേൽ സൈന്യം ആശുപത്രിക്കകത്ത് ഭീകരത തുടർന്നത്. സംഭവത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേലിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
ആശുപത്രി വളപ്പിൽ സമാനതകളില്ലാത്ത ക്രൂരത
ഗസ്സ സിറ്റി: സൈനിക പിന്മാറ്റമറിഞ്ഞ് ആധിയോടെ അൽശിഫ ആശുപത്രിയിലേക്ക് ഒഴുകിയെത്തിയ ഫലസ്തീനികളെ കാത്തുനിന്നത് കരളലിയിക്കുന്ന കാഴ്ചകൾ. അരുംകൊല നടത്തിയും പട്ടിണിക്കിട്ടും ഇസ്രായേൽ സേന ജീവനെടുത്ത നിരവധി പേരുടെ മൃതദേഹങ്ങളായിരുന്നു എങ്ങും. കെട്ടിടങ്ങളിൽ പലതും അഗ്നിക്കിരയാക്കിയിരുന്നു. പുകയിൽ പൊതിഞ്ഞ്, എല്ലാം കിളച്ചുമറിച്ച് തകർന്നുകിടക്കുന്ന പരിസരങ്ങൾ.
ആശുപത്രിയോട് ചേർന്ന് താൽക്കാലികമായി ഒരുക്കിയ ഖബറിടംപോലും നശിപ്പിച്ചുകളഞ്ഞിരുന്നു. അവിടങ്ങളിൽ ഖബറടക്കിയ നിരവധി മൃതദേഹങ്ങൾ പരിസരങ്ങളിലായി വാരിവലിച്ചിട്ട നിലയിലും. ‘സ്ഥിതി അതിഗുരുതരമാണിവിടെ. മെഡിക്കൽ ജീവനക്കാരിൽ പലരും കൊല്ലപ്പെട്ടു. നിരവധി പേർ ക്രൂര പീഡനത്തിനിരയായി. അവശേഷിച്ചവരെ പിടിച്ചുകൊണ്ടുപോയി. എല്ലാറ്റിലുമുപരി, ആശുപത്രിയിൽ ബാക്കിയായവർക്കുമേൽ രണ്ടാഴ്ച ഭക്ഷണവും വെള്ളവും അവശ്യമരുന്നുകൾ പോലും അനുവദിക്കാതെ സമ്പൂർണ ഉപരോധവുമേർപ്പെടുത്തി’- ഫലസ്തീൻ റെഡ്ക്രസന്റ് പ്രതിനിധി റാഇദ് അൽനിംസ് പറഞ്ഞു. അഗ്നിബാധ അണക്കാൻ സിവിൽ ഡിഫെൻസ് വിഭാഗത്തെ അനുവദിക്കാത്തതിനാൽ കെട്ടിടങ്ങൾക്കുള്ളിലെ സൗകര്യങ്ങളേറെയും ചാരമായി. ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, മറ്റു മെഡിക്കൽ സ്റ്റാഫ് എന്നിവരെയടക്കം വെടിവെച്ചുകൊന്നതായും അൽനിംസ് കൂട്ടിച്ചേർത്തു. സമാനമായി, കഴിഞ്ഞമാസം അതിക്രമം നടത്തിയ ഖാൻ യൂനുസിലെ വലിയ ചികിത്സാകേന്ദ്രമായ നാസർ ആശുപത്രിയും ഉപയോഗശൂന്യമായിരുന്നു.
ഇസ്രായേൽ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 63 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. 94 പേർക്ക് പരിക്കേറ്റു. ഇതോടെ ഗസ്സയിലെ മരണസംഖ്യ 32,845 ആയി. പരിക്കേറ്റത് 75,392 പേർക്കും. അതിനിടെ, ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് മധ്യസ്ഥ ചർച്ചകൾ കൈറോയിൽ പുനരാരംഭിച്ചു. ഈജിപ്ത്, ഖത്തർ, യു.എസ് എന്നിവയുടെ മധ്യസ്ഥതയിൽ നേരത്തേ നടന്ന ചർച്ചകളിൽ ഒത്തുതീർപ്പ് ഉണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.