ഫലസ്തീനിൽ കാർയാത്രികനെ ഇസ്രായേൽ സൈന്യം വെടിവെച്ചുകൊന്നു
text_fields
റാമല്ല: വെസ്റ്റ് ബാങ്കിൽ വാഹനത്തിലെത്തിയ ഫലസ്തീനിയെ ഇസ്രായേൽ സേന വെടിവെച്ചുകൊന്നു. ഭാര്യയുമൊത്ത് സഞ്ചരിക്കുകയായിരുന്ന 42 കാരനായ ഉസാമ മൻസൂറിനെയാണ് നിർദയം കൊലപ്പെടുത്തിയത്. ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്. ചെക്പോയിന്റിൽ നിർത്താൻ ആവശ്യപ്പെട്ടപ്പോൾ നിർത്തിയെന്നും പരിശോധനക്കു ശേഷം വാഹനം തിരിച്ചുപോകാൻ ആവശ്യപ്പെട്ടെന്നും എന്നാൽ, മടങ്ങുന്നതിനിടെ ചെക്പോയിന്റിലുണ്ടായിരുന്ന സൈനികർ കൂട്ടമായി വെടിവെക്കുകയായിരുന്നുവെന്നും ഭാര്യ സുമയ്യ ഫലസ്തീൻ ടി.വിയോടു പറഞ്ഞു.
നിരപരാധിയായ മനുഷ്യനെ അറുകൊല ചെയ്ത സംഭവം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഉന്നയിക്കുമെന്ന് ഉസാമയുടെ ഗ്രാമമുഖ്യൻ സാലിം ഈദ് പറഞ്ഞു. ഫലസ്തീനിൽ വർഷങ്ങളായി ഇസ്രായേൽ തുടരുന്ന ക്രൂരതകൾക്കെതിരെ രാജ്യാന്തര കോടതിയെ സമീപിച്ച് അനുകൂല നടപടിയിലേക്ക് എത്തിച്ച വ്യക്തിയാണ് സാലിം ഈദ്.
വാഹനം ചെക്പോയിന്റിലേക്ക് ഇടിച്ചുകയറ്റാൻ ശ്രമം നടത്തിയെന്നാണ് ഇസ്രായേൽ ആരോപണം. എന്നാൽ, ഭാര്യക്ക് വെടിയേറ്റ സംഭവത്തെ കുറിച്ച ചോദ്യങ്ങൾക്ക് സംഭവം അന്വേഷിച്ചുവരികയാണെന്നായിരുന്നു മറുപടി. അഞ്ചു വയസ്സുകാരന്‍റെ പിതാവായ ഉസാമയെ കുറിച്ച ആരോപണം വ്യാജമാണെന്നും അറുകൊലയാണ് നടന്നതെന്നും സാലിം ഈദ് വ്യക്തമാക്കി.
1967ലെ യുദ്ധത്തോടെ ഇസ്രായേൽ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്ക് തങ്ങളുടെതാണെന്നും ഭാവിയിലെ ഫലസ്തീൻ രാജ്യത്തിൽ സുപ്രധാന പങ്കുവഹിക്കുന്ന മേഖലയാകും ഇതെന്നും ഫലസ്തീനികൾ വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.