ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്നു; 28 കുട്ടികളുൾപ്പെടെ 100 ലേറെ മരണം, ആക്രമണത്തിന് ഇസ്രായേൽ വ്യോമ, കര സേനകൾ
text_fieldsജറൂസലം: ഗസ്സയിൽ മരണം വിതച്ച് ഇസ്രായേൽ സൈന്യത്തിന്‍റെ മഹാക്രൂരത തുടരുന്നു. വ്യോമാക്രമണങ്ങൾക്കു പുറമെ ഗസ്സ തുരുത്തിനെ ചോരയിൽ മുക്കാൻ ഇസ്രായേൽ കരസേനയും ഇറങ്ങി. വ്യോമാക്രമണങ്ങളിൽ റിപ്പോർട്ട് ചെയ്തത് ഇതുവരെ 113 മരണം. 31 കുട്ടികളും 16 സ്ത്രീകളും കൊല്ലപ്പെട്ടവരിൽ പെടും. 621 േപർക്ക് പരിക്കേറ്റിട്ടുണ്ട്്.
കിഴക്കൻ ജറൂസലമിൽ കൂടുതൽ ഫലസ്തീനി താമസക്കാരെ ആട്ടിയോടിച്ച് പുതിയ കുടിയേറ്റക്കാരെ അധിവസിപ്പിക്കാനുള്ള നീക്കത്തിനെതിരെ തുടങ്ങിയ ഫലസ്തീനി പ്രതിഷേധമാണ് ഇസ്രായേൽ പുതിയ ആക്രമണത്തിന് അവസരമാക്കി മാറ്റിയത്. മസ്ജിദുൽ അഖ്സയിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർക്കു നേരെ പൊലീസ് അതിക്രമം അഴിച്ചുവിടുകയായിരുന്നു. റമദാനിൽ രാത്രി നമസ്കാരം നിർവഹിക്കുേമ്പാഴായിരുന്നു മസ്ജിദിനകത്ത് നരനായാട്ട്. ഇത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗസ്സയുടെ അധികാരമുള്ള ഹമാസ് രംഗത്തെത്തിയതോടെ ഗസ്സയിൽ ആരംഭിച്ച ഭീതിദമായ വ്യോമാക്രമണമാണ് ഇസ്രായേൽ തുടരുന്നത്. ആക്രമണം ഇനിയും കടുപ്പിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിൻയമിൻ നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്.
ഗസ്സയിൽ വെള്ളിയാഴ്ചയും ആക്രമണം ശക്തമായി തുടരുകയാണ്. ടാങ്കുകളുമായി അതിർത്തികളിൽ കരസേന നിലയുറപ്പിച്ചിട്ടുണ്ട്. ഏതു നിമിഷവും കരയാക്രമണം ആരംഭിക്കുമെന്നാണ് സൂചന.
20 ലക്ഷം ഫലസ്തീനികൾ താമസിക്കുന്ന ഗസ്സയുടെ എല്ലാ ജനവാസ മേഖലകളിലും ഇസ്രായേൽ ആക്രമണം കനപ്പിച്ചത് ജനജീവിതം ദുരിതമയമാക്കിയിട്ടുണ്ട്. വടക്കൻ ഗസ്സയിൽ വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ മരിച്ച സ്ത്രീയുടെയും മൂന്നു കുഞ്ഞുങ്ങളുടെയും മൃതദേഹം കണ്ടെത്തിയതായി അൽജസീറ റിപ്പോർട്ട് ചെയ്തു. ഇവിടെ നൂറുകണക്കിന് കുടുംബങ്ങളാണ് ആക്രമണത്തിൽ എല്ലാം നഷ്ടപ്പെട്ട് പെരുവഴിയിലായത്.
റമദാൻ വ്രതം കഴിഞ്ഞ് പെരുന്നാൾ ദിനത്തിലും ശക്തമായ ആക്രമണമാണ് ഇസ്രായേൽ നടത്തിയത്. സൈന്യം നടത്തുന്ന ആക്രമണത്തിനൊപ്പം തീവ്ര ജൂത ഗ്രൂപുകളും ഫലസ്തീനികൾക്കുനേരെ ആക്രമണം നടത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ജറൂസലം ഉൾപെടെ അറബികളും ഇസ്രായേലികളും ഒന്നിച്ചുതാമസിക്കുന്ന പ്രദേശങ്ങളിലാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ആഹ്വാനത്തിന്‍റെ തുടർച്ചയായി സംഘടിത ആക്രമണം.
അതേ സമയം, പ്രത്യാക്രമണമായി ഗസ്സയിൽനിന്ന് റോക്കറ്റുകൾ വർഷിക്കുന്നത് ഹമാസും തുടരുകയാണ്. ഇതുവരെ ഏഴുപേർ ഇസ്രായേലിൽ കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യമായ ലബനാനിൽനിന്നും റോക്കറ്റുകൾ ഇസ്രായേലിൽ പതിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
വിഷയം ചർച്ച ചെയ്യാൻ യു.എൻ രക്ഷാസമിതി ഞായറാഴ്ച അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.