ദിവസങ്ങളോളം കണ്ണുകൾ മൂടിക്കെട്ടി തലകീഴായി കെട്ടിത്തൂക്കി പീഡിപ്പിച്ചു; അർധ നഗ്നരാക്കി നിർത്തി, നായ്ക്കളെ അഴിച്ചു വിട്ടും ക്രൂരത
text_fieldsപ്രാർഥനയും കണ്ണീരുമായാണ് ഞങ്ങളുടെ ദിവസങ്ങൾ കഴിഞ്ഞുപോയത്. അതു രണ്ടുമാണ് ഞങ്ങളുടെ വേദന അൽപമെങ്കിലും ശമിപ്പിച്ചതും. ഞങ്ങൾ കരഞ്ഞു....വീണ്ടും വീണ്ടും കരഞ്ഞു. ഞങ്ങളുടെ രാഷ്ട്രത്തിനു വേണ്ടിയാണ് ആ കണ്ണീർ... ഞങ്ങൾക്കു വേണ്ടി തന്നെയും. ഞങ്ങളുടെ സമുദായത്തിന് വേണ്ടി, ഞങ്ങളുടെ പ്രിയപ്പെട്ടവർക്ക് വേണ്ടി. ഞങ്ങളുടെ മനസിനെ മുറിവേൽപിക്കുന്ന മറ്റെല്ലാത്തിനേയും ആ കണ്ണുനീരു കൊണ്ട് കഴുകിക്കളഞ്ഞു.''-44 ദിവസമായി ഇസ്രായേലിന്റെ തടവുകേന്ദ്രത്തിൽ കഴിയുന്ന ഡോ. മുഹമ്മദ് അൽ റാനിന്റെ വാക്കുകളാണിത്.
ഡോക്ടറുടെ വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റിയ ശേഷം അടിവസ്ത്രത്തിൽ നിർത്തി. പിന്നീട് കൈകൾ ബന്ധിച്ചു. അതിനു ശേഷം ട്രക്കിലേക്ക് കയറ്റി. അതിനകത്ത് തന്നെപോലെ ഒരുപാട് അർധ നഗ്നരായ ഫലസ്തീനികൾ കിടപ്പുണ്ടായിരുന്നു. ഒന്നിനു മുകളിൽ ഒന്നൊന്നായി അട്ടിയിട്ടിരിക്കുകയായിരുന്നു അവരെ. തടങ്കൽ പാളയത്തിന്റെ വാതിൽക്കലെത്തിയപ്പോൾ ട്രക്കിന്റെ വാതിൽ തുറന്നു അവരെ അകത്തേക്ക് തള്ളിനീക്കി.
ഗസ്സയിലെ ഇന്തോനേഷ്യൻ ആശുപത്രിയിലെ സർജിക്കൽ വിഭാഗം മേധാവിയായിരുന്നു അദ്ദേഹം. ഇസ്രായേൽ ആദ്യം തകർത്തു കളഞ്ഞ ആശുപത്രിയാണിത്. തടവുകാരനായി പിടികൂടി ഒരാഴ്ച കഴിഞ്ഞപ്പോൾ, കാമ്പിലെ അധികൃതർ ഇസ്രായേൽ സൈനികർക്കും ഫലസ്തീനി തടവുകാർക്കുമിടയിലെ ഇടനിലക്കാരനായി നിൽക്കാൻ അൽ റാന് നിർദേശം നൽകി.
അങ്ങനെ അദ്ദേഹത്തിന് തടവുകാരിൽ പ്രത്യേക പരിഗണന കിട്ടി. അദ്ദേഹത്തിന്റെ കണ്ണുകൾ കെട്ടിയിരുന്നത് അഴിച്ചു മാറ്റി. എന്നാൽ അത് മറ്റൊരു നരകമായിരുന്നുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. മറ്റുള്ളവരെ ഇസ്രായേൽ സൈനികർ അതിക്രൂരമായി മർദിക്കുന്നത് കണ്ടു നിൽക്കാൻ സാധിക്കില്ലായിരുന്നു. കണ്ണുമൂടിക്കെട്ടിയിരുന്നതിനാൽ ഇതൊന്നും കാണേണ്ടായിരുന്നു. അവർ ആ കറുത്ത തുണി അഴിച്ചുമാറ്റിയപ്പോൾ,തടവറയിലെ ക്രൂര പീഡനം കൺമുന്നിലേക്ക് മറനീക്കിയെത്തി. മനുഷ്യർ എന്ന പരിഗണന പോലും തരാതെ മൃഗങ്ങളെ പോലെയവർ തടവിലുള്ളവരെ തല്ലിച്ചതക്കുന്നത് കണ്ടുനിൽക്കേണ്ടി വന്നു.
സഹതടവുകാരോട് സംസാരിക്കുന്നവരോട് ഒരു മണിക്കൂർനേരം തലക്കു മുകളിൽ കൈകൾ ഉയർത്തി വെക്കാൻ ഉത്തരവിടും. ചിലപ്പോൾ തടവുകാരന്റെ കൈകൾ ഇരുമ്പു വേലിയിൽ കെട്ടിയിടും. തടവറയിൽ സഞ്ചരിച്ചാലും ശിക്ഷയുണ്ട്. ക്രൂരമായ മർദന മുറകൾക്കിടെ ചിലരുടെ പല്ലുകൾ കൊഴിഞ്ഞു വീഴുന്നതും എല്ലുകൾ പൊട്ടിനുറുങ്ങുന്നതും കണ്ടു.
ചില ദിവസം ഉറങ്ങുന്ന തടവുകാരുടെ അടുത്തേക്ക് കൂറ്റൻ നായ്ക്കളെ അഴിച്ചു വിടും. അവർ ഞങ്ങളെ ചവിട്ടി മെതിക്കും. വയറ്റത്ത് കടിക്കും. മുഖം നിലത്തേക്ക് അമർത്തിയതിനാൽ അനങ്ങാൻ പോലും കഴിയില്ലെന്നും ഡോക്ടർ പറയുന്നു.
ഇസ്രായേലിലെ നെഗേവ് മരുഭൂമിയിലെ സൈനിക താവളമാണ് തടങ്കൽ പാളയമായി മാറ്റിയത്. തടങ്കൽ പാളയത്തിലുള്ളവർ പരസ്പരം സംസാരിക്കുന്നതിന് കടുത്ത വിലക്കുണ്ട്. തടങ്കലിനുള്ളിൽ സഞ്ചരിക്കാനും അനുവാദമില്ല. ഇസ്രായേൽ സൈനികർ കാവൽ നിൽക്കുന്നുണ്ടാകും. കണ്ണുകൾ മൂടിക്കെട്ടിയതിനാൽ ഒന്നും കാണാനും കഴിയില്ല. അറിയാതെ എങ്ങാനും ഒരു ചുവട് വെച്ചുപോയാൽ കടുത്ത ശിക്ഷയാണ്.
ഗസ്സയിൽ നിന്ന് പിടികൂടിയവരെയാണ് ഇസ്രായേൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്നത്. ഗസ്സയിൽ നിന്ന് 18 മൈലുകൾ അകലെയാണ് ഈ തടവുകേന്ദ്രം. അത് രണ്ട് ഭാഗങ്ങളായി തിരിച്ചിരിക്കുകയാണ്. 70 ലേറെ ഫലസ്തീനി തടവുകാർ ഇവിടെ ഉണ്ടെന്നാണ് കണക്ക്. തടവറയുടെ മറ്റൊരു ഭാഗത്താണ് പരിക്കേറ്റവരെ കിടത്തിയിട്ടുള്ളത്. ഡയപ്പർ മാത്രം ധരിപ്പിച്ച് ബെഡുകളിൽ കിടത്തിയിരിക്കുകയാണ് ഓരോരുത്തരെയും. ഭക്ഷണം നൽകുന്ന സ്ട്രോവഴിയാണ്. തങ്ങൾക്ക് ഉപദ്രവം ചെയ്യുന്നവരല്ലെന്ന് കണ്ടെത്തിയാൽ മാത്രം തടവുകാരിൽ ചിലരുടെ വസ്ത്രം ഇസ്രായേൽ സൈന്യം തിരിച്ചുനൽകും.
ഈ തടങ്കൽ പാളയങ്ങളെ കുറിച്ചുള്ള വിവരങ്ങൾ തുടക്കത്തിൽ എല്ലാവരിൽ നിന്നും മറച്ചുവെച്ചിരുന്നു. ഗസ്സയിൽ നിന്ന് തടവിലാക്കിയവരുടെ എണ്ണം വെളിപ്പെടുത്താനും എവിടെയാണ് പാർപ്പിച്ചിരിക്കുന്നത് എന്ന് പറയാനും ആദ്യം ഇസ്രായേൽ തയാറായില്ല.
ഗസ്സയിൽ നിന്നുള്ള ഡസൻ കണക്കിന് ഫലസ്തീനികൾക്കായി അജ്ഞാത സ്ഥലങ്ങളിൽ തടവിലാക്കപ്പെട്ടവർക്കുവേണ്ടി സമർപ്പിച്ച ഹേബിയസ് കോർപസ് റിട്ട് ഇസ്രായേൽ പരമോന്നത കോടതി നേരത്തെ തള്ളിയിരുന്നു. ഈ തടങ്കൽ പാളയത്തിലുള്ളവരുമായി സി.എൻ.എൻ അതീവ രഹസ്യമായാണ് റിപ്പോർട്ട് തയാറാക്കിയത്. ഡോക്ടർ അൽ റാനെ കൂടാതെ ഇസ്രായേൽ വിസിൽബ്ലോവേഴ്സും സി.എൻ.എന്നിന് വിവരങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.