വെടിനിർത്തൽ കരാർ എതിർത്തും അനുകൂലിച്ചും ഇസ്രായേലികൾ
text_fieldsജറൂസലേം: ഗസ്സ വെടിനിർത്തൽ കരാറിനെതിരെ പ്രതിഷേധിച്ചും അനുകൂലിച്ചും ഇസ്രായേലികൾ. കരാറിനെ എതിർത്ത് നൂറുകണക്കിന് തീവ്രവലതുപക്ഷ അനുയായികളും യാഥാസ്ഥിതിക ജൂതന്മാരും രംഗത്തെത്തി. ജറൂസലേമിലെ പ്രധാന റോഡുകൾ തടഞ്ഞ ഇവർ, ഇസ്രായേൽ ഹമാസിന്റെ മുന്നിൽ കീഴടങ്ങിയെന്ന് മുദ്രാവാക്യം വിളിച്ചു. കരാറിലെ വ്യവസ്ഥകൾ പ്രകാരം കുറ്റവാളികളായ ഫലസ്തീനികളെ വിട്ടയക്കുന്നത് ഇസ്രായേലിന്റെ സുരക്ഷ അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടി. വെടിനിർത്തൽ കരാർ അംഗീകരിച്ച ബുധനാഴ്ച മുതലാണ് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫിസിന്റെ മുന്നിൽ ഇവർ പ്രതിഷേധിച്ചത്.
കൊല്ലപ്പെട്ട ഇസ്രായേൽ സൈനികരുടെ കുടുംബങ്ങൾക്ക് വേണ്ടിയുള്ള ജിവുറ ഫോറം, ഫലസ്തീൻ തടവുകാരെ മോചിപ്പിക്കുന്നതിനെ എതിർക്കുന്ന, ബന്ദികളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടിയുള്ള ടിക് വ ഫോറം തുടങ്ങി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വെടിനിർത്തൽ കരാറിൽ ആശങ്കയുണ്ടെന്ന് അഭിപ്രായപ്പെട്ട ടിക് വ ഫോറം കരാറിൽ ഒപ്പിടുന്നതിനു മുമ്പ് ഭാവിയിൽ കൊല്ലപ്പെടുന്നവരെക്കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ കരാർ ഇസ്രായേലികൾക്ക് ദുരന്തം വരുത്തിവെക്കുമെന്ന് ജിവുറ ഫോറം ചെയർ യെഷോഷുവ ഷാനി മുന്നറിയിപ്പ് നൽകി. ഇസ്രായേലി പതാകകൊണ്ട് പൊതിഞ്ഞ ഡസൻ കണക്കിന് പ്രതീകാത്മക ശവപ്പെട്ടികളുമായി പ്രതിഷേധക്കാർ പാർലമെന്റിലേക്ക് മാർച്ച് നടത്തി.
അതേസമയം, ബന്ദികളെ ഉടൻ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് തെൽഅവീവിൽ ആയിരക്കണക്കിന് പേർ തെരുവിലിറങ്ങി. ബന്ദികളുടെയും കാണാതായവരുടെയും കുടുംബങ്ങൾക്ക് വേണ്ടിയുള്ള സംഘടനയുടെ നേതൃത്വത്തിലാണ് കരാറിനെ അനുകൂലിച്ച് റാലി നടന്നത്. അവസാന ബന്ദിയെയും മോചിപ്പിക്കുന്നതു വരെ പോരാട്ടം അവസാനിപ്പിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. കരാർ പ്രഖ്യാപനവും ഒപ്പിടുന്നതൊന്നുമല്ല, എല്ലാ ബന്ദികളും തിരിച്ചെത്തിയാൽ മാത്രമേ കുടുംബങ്ങൾക്ക് സന്തോഷവും ആശ്വാസവുമാകൂവെന്ന് സംഘടന പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.