വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ രൂക്ഷ ആക്രമണം
text_fieldsഗസ്സ: വെസ്റ്റ് ബാങ്കിൽ നീണ്ട കാലയളവിനുശേഷമുള്ള ഏറ്റവും വലിയ ആക്രമണവുമായി ഇസ്രായേൽ. ജെനിൻ, തുൽകാരം, നബ്ലൂസ്, തുബാസ് എന്നീ നഗരങ്ങളിൽ ഒരേസമയം നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. ഭീകര വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ചൊവ്വാഴ്ച അർധരാത്രിയോടെയാണ് ആക്രമണം ആരംഭിച്ചത്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് സൗദി സന്ദർശനം വെട്ടിച്ചുരുക്കി. ബുധനാഴ്ചതന്നെ അദ്ദേഹം വെസ്റ്റ് ബാങ്കിൽ തിരിച്ചെത്തി. ഇസ്രായേൽ ആക്രമണത്തെ ഫലസ്തീൻ അതോറിറ്റി അപലപിച്ചു.
ഡ്രോണുകളും ബുൾഡോസറുകളുമായാണ് ഇസ്രായേൽ സൈന്യം എത്തിയത്. സൈനിക നടപടി ദിവസങ്ങളോളം നീണ്ടുനിൽക്കുമെന്ന് സൈന്യം പറഞ്ഞു. സൈനിക നടപടി നടക്കുന്ന മേഖലകളിൽ 80,000ഓളം ഫലസ്തീൻകാരാണ് കഴിയുന്നത്. വൻതോതിൽ സൈന്യം ജെനിൻ നഗരത്തിൽ പ്രവേശിച്ചതായി ഇസ്രായേൽ സൈനിക വക്താവ് അറിയിച്ചു.
ഇറാനിയൻ-ഇസ്ലാമിക് ഭീകര സംഘങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായാണ് ആക്രമണമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു. വെസ്റ്റ് ബാങ്ക് ആക്രമണത്തെ യു.എൻ മനുഷ്യാവകാശ ഓഫിസ് അപലപിച്ചു. ജെനിൻ, തുൽകാരം, തുബാസ് എന്നിവിടങ്ങളിലെ ആശുപത്രികൾ സംരക്ഷിക്കാൻ നടപടി സ്വീകരിക്കണമെന്ന് വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ആംബുലൻസുകളെ ഇസ്രായേൽ സൈന്യം തടയുകയാണെന്ന് ആരോഗ്യ മന്ത്രാലയം ആരോപിച്ചു.
ഇബ്ൻ സിന ആശുപത്രിയിലേക്കുള്ള വഴി സൈന്യം അടച്ചതായും ഖലീൽ സുലൈമാൻ ഹോസ്പിറ്റൽ, റെഡ് ക്രസന്റ്, ഫ്രണ്ട്സ് ഓഫ് ദി പേഷ്യന്റ്സ് സൊസൈറ്റീസ് എന്നിവയുടെ ആസ്ഥാനം വളഞ്ഞതായും മന്ത്രാലയം കുറ്റപ്പെടുത്തി. തുബാസിലെ ഫറാ അഭയാർഥി ക്യാമ്പിലെ തങ്ങളുടെ ആരോഗ്യ കേന്ദ്രത്തിൽ സൈന്യം കടന്നുകയറിയതായി ഫലസ്തീൻ റെഡ് ക്രസന്റ് പറഞ്ഞു. അതിനിടെ, ഗസ്സയിലെ ദേർ എൽ ബായിൽ അഭയാർഥികൾ കഴിഞ്ഞ സ്കൂളിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.