ആക്രമണവും വിലക്കും കടുപ്പിച്ച് ഇസ്രായേൽ; 10 മരണം
text_fieldsഅധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ ആക്രമണത്തിൽ തകർന്ന വീട്
ഗസ്സ സിറ്റി: ഗസ്സ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ട ചർച്ചയിലേക്ക് കടക്കാനിരിക്കെ ഫലസ്തീനികൾക്കെതിരെ ആക്രമണം രൂക്ഷമാക്കി ഇസ്രായേൽ സേന. കഴിഞ്ഞ ദിവസം സേനയുടെ വെടിവെപ്പിൽ മധ്യ, തെക്കൻ ഗസ്സയിൽ ആറുപേരും അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ജെനിനിൽ നാലുപേരും കൊല്ലപ്പെട്ടു.
നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലേക്കുള്ള വൈദ്യുതി, കുടിവെള്ള വിതരണം വിച്ഛേദിച്ചതിന് പിന്നാലെയാണ് ആക്രമണം. വെടിനിർത്തൽ കരാർ ലംഘിച്ച് നിരോധിത മേഖലയിലേക്ക് പ്രവേശിച്ചവരെയാണ് വെടിവെച്ചതെന്ന് സേന ന്യായീകരിച്ചു. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഒന്നര വർഷമായി നടക്കുന്ന ഇസ്രായേൽ വംശഹത്യയിൽ 48,503 പേർ കൊല്ലപ്പെട്ടു.
അതിനിടെ, വൈദ്യുതിയും കുടിവെള്ളവും ഭക്ഷ്യവസ്തുക്കളും തടഞ്ഞ് ഗസ്സക്കുമേൽ ഇസ്രായേൽ പട്ടിണി അടിച്ചേൽപിക്കുകയാണെന്ന് ഖത്തറും ജോർഡനും ആരോപിച്ചു. നിലവിൽ ഗസ്സയിലെ പത്തിൽ ഒരാൾക്ക് മാത്രമാണ് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതെന്നാണ് യുനിസെഫിന്റെ കണക്ക്. കുടിവെള്ള വിതരണം വിച്ഛേദിച്ചതോടെ ഗസ്സയിലെ ജനങ്ങളുടെ ദുരിതം കൂടുതൽ രൂക്ഷമായിരിക്കുകയാണെന്ന് യുനിസെഫ് ഉദ്യോഗസ്ഥ റൊസാലിയ ബൊലെൻ പറഞ്ഞു. ഗസ്സയിലേക്കുള്ള മാനുഷിക സഹായങ്ങൾ തടയുന്നത് തുടർന്നാൽ ബുധനാഴ്ച മുതൽ ചെങ്കടലിലൂടെ പോകുന്ന ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്കുനേരെ ആക്രമണം പുനരാരംഭിക്കുമെന്ന് യമനിലെ ഹൂതി വിമതർ വീണ്ടും മുന്നറിയിപ്പ് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.