ഗസ്സയുടെ അന്നംമുട്ടിച്ച് ഇസ്രായേൽ; യു.എൻ ഏജൻസിയെ വിലക്കി
text_fieldsജറുസലേം: ഗസ്സയിൽ പട്ടിണിയുടെ വക്കിൽ നിൽക്കുന്ന അഭയാർഥികൾക്ക് സഹായമെത്തിച്ചിരുന്ന ഐക്യരാഷ്ട്ര സഭയുടെ യു.എൻ.ആർ.ഡബ്ല്യു.എ ഏജൻസിക്ക് വിലക്കേർപ്പെടുത്തി ഇസ്രായേൽ. ഫലസ്തീൻ അഭയാർഥികൾക്കായുള്ള ഏജൻസിയുടെ പ്രവർത്തന കരാർ തിങ്കളാഴ്ച ഔദ്യോഗികമായി അവസാനിപ്പിച്ചതായി ഇസ്രായേൽ അറിയിച്ചു. കഴിഞ്ഞ മാസം ഇസ്രായേൽ പാർലമെന്റ് പാസാക്കിയ ബില്ലിന്റെ ഭാഗമായാണ് നടപടി.
ഏജൻസിയുമായുള്ള ബന്ധം വിച്ഛേദിക്കുക, ഗസ്സയിലെ പ്രവർത്തനം തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നിയമനിർമാണം നടത്തിയത്. ഹമാസ് പോരാളികൾ ഏജൻസിയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇസ്രായേൽ ആരോപണം. എന്നാൽ, ഇക്കാര്യം നിഷേധിച്ച ഏജൻസി, നിഷ്പക്ഷത ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭയുടെയും നിരവധി രാജ്യങ്ങളുടെയും ശക്തമായ എതിർപ്പുകൾ അവഗണിച്ചാണ് ഇസ്രായേൽ നടപടി.
ഗസ്സയിലേക്കുള്ള സഹായങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നത് കടുത്ത പട്ടിണിയിലേക്ക് നയിക്കുമെന്ന് യു.എൻ സന്നദ്ധ സംഘടനയായ ലോക ഭക്ഷ്യ പദ്ധതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 20 ലക്ഷത്തിലേറെ ജനങ്ങൾക്കാണ് യു.എൻ.ആർ.ഡബ്ല്യു.എയുടെ ഭക്ഷണവും മരുന്നും ലഭിക്കുന്നതെന്ന് ആഗോള കമ്യൂണിക്കേൻ ഓഫിസർ ജൂലിയറ്റ് തൗമ പറഞ്ഞു. ഏജൻസിയുടെ സ്കൂളുകളിൽ പഠിക്കുന്ന നാലു ലക്ഷം കുട്ടികൾക്ക് ഇനി ആര് വിദ്യാഭ്യാസ സൗകര്യമൊരുക്കുമെന്ന് അവർ ചോദിച്ചു. വിലക്ക് നടപ്പാക്കാതിരിക്കാൻ ഇസ്രായേലിനുമേൽ ലോകരാജ്യങ്ങൾ സമ്മർദം ചെലുത്തണമെന്നും ജൂലിയറ്റ് ആവശ്യപ്പെട്ടു.
ഭക്ഷ്യവസ്തുക്കളും മരുന്നുമായി 30 ട്രക്കുകൾ മാത്രമേ ഗസ്സയിലേക്ക് ഇസ്രായേൽ കടത്തി വിടുന്നുള്ളൂവെന്ന് യു.എൻ.ആർ.ഡബ്ല്യു.എ മേധാവി ഫിലിപ് ലസാറിനി പറഞ്ഞു. ആക്രമണം തുടങ്ങുന്നതിന് മുമ്പ് ഗസ്സയിലേക്ക് കൊണ്ടുവന്നിരുന്ന സഹായത്തെക്കാൾ കുറവാണിത്. പട്ടിണിയിലും രോഗികളും നിരാശാജനകമായ അവസ്ഥയിലും കഴിയുന്ന 20 ലക്ഷം ജനങ്ങളുടെ ആവശ്യങ്ങൾക്ക് ഈ സഹായം തികയില്ലെന്നും അവർ ‘എക്സ്’ൽ മുന്നറിയിപ്പ് നൽകി.
അതിനിടെ, ഇസ്രായേൽ ബോംബാക്രമണത്തിൽ 24 മണിക്കൂറിനിടെ 33 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 156 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.