റഫ ആക്രമണം വ്യാപിപ്പിക്കുമെന്ന് അമേരിക്കയോട് ഇസ്രായേൽ
text_fieldsതെൽഅവീവ്: 35,500ലേറെ പേർ കൊല്ലപ്പെട്ട ഗസ്സയിൽ ആക്രമണം വ്യാപിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് ഇസ്രായേൽ. ലക്ഷക്കണക്കിന് ഫലസ്തീനികൾ തിങ്ങിപ്പാർക്കുന്ന ഗസ്സയിലെ റഫയിൽ കര, വ്യോമ ആക്രമണം വ്യാപിപ്പിക്കുമെന്നാണ് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനോട് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻറ് അറിയിച്ചത്.
റഫയിലെ കരയുദ്ധം വിപുലീകരിക്കുന്നതിനും ഹമാസിനെ ഇല്ലാതാക്കുന്നതിനും ബന്ദികളെ വീണ്ടെടുക്കുന്നതിനും ഇസ്രായേൽ പ്രതിജ്ഞാബദ്ധരാണെന്ന് കൂടിക്കാഴ്ചയിൽ ഗാലൻറ് പറഞ്ഞു. യുദ്ധമന്ത്രിസഭയിലെ അംഗം ബെന്നി ഗാന്റ്സിന്റെ രാജി ഭീഷണിക്കിടെയാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
അതിനിടെ, റഫയിലെ താൽക്കാലിക ടെന്റക്കളിൽ കഴിഞ്ഞിരുന്ന 15 ലക്ഷത്തോളം മനുഷ്യരിൽ എട്ട് ലക്ഷത്തോളം പേർ കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഇവിടെ നിന്ന് പലായനം ചെയ്തതായി ഫലസ്തീനിലെ യുഎൻ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എ റിപ്പോർട്ട് ചെയ്തു. കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങളുടെ ജീവൻ അപകടത്തിലാണെന്നും സുരക്ഷിതത്വം തേടി എല്ലാം ഉപേക്ഷിച്ച് പോകാൻ ആളുകൾ നിർബന്ധിതരാകുകയാണെന്നും യു.എൻ.ആർ.ഡബ്ല്യു.എ ട്വീറ്റിൽ ചൂണ്ടിക്കാട്ടി.
യുദ്ധത്തിനു ശേഷം ഗസ്സയിൽ നടപ്പാക്കേണ്ട ഭാവി പദ്ധതിയിൽ ഉടൻ തീരുമാനമായില്ലെങ്കിൽ രാജിവെക്കുമെന്ന് ഭീഷണി മുഴക്കിയാണ് മന്ത്രി ബെന്നി ഗാന്റ്സ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. തീവ്രവലതുപക്ഷ പിന്തുണയോടെ അധികാരത്തിൽ തുടരുന്ന നെതന്യാഹുവിന് കൂടുതൽ ആശങ്ക ഉയർത്തിയാണ് കഴിഞ്ഞദിവസം മന്ത്രിസഭാ യോഗത്തിൽനിന്ന് രാജി ഭീഷണിയുമായി ഗാന്റ്സ് ഇറങ്ങിപ്പോയത്.
ബന്ദി മോചനവും ഒപ്പം ഗസ്സയുടെ ഭാവിയും അടങ്ങുന്ന പദ്ധതി ജൂൺ എട്ടിനകം പ്രഖ്യാപിക്കണമെന്നാണ് നിർദേശം. അല്ലാത്ത പക്ഷം, സർക്കാറിന് പിന്തുണ പിൻവലിക്കും. നിലവിൽ തീവ്രവലതുപക്ഷം പിന്തുണക്കുന്നതിനാൽ പിന്മാറ്റം സർക്കാറിന് ഭീഷണിയായേക്കില്ല. എന്നാൽ, കൂടുതൽ പേർ ഗാന്റ്സിനൊപ്പം ചേരുന്നത് നെതന്യാഹുവിന് കാര്യങ്ങൾ അപകടത്തിലാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.