ഇസ്രായേൽ നൽകുന്ന സന്ദേശം
text_fieldsമേഖലയിൽ കൂടുതൽ പോർമുഖങ്ങൾ തുറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്മാഈൽ ഹനിയ്യയെ തെഹ്റാനിൽ കൊലപ്പെടുത്തിയ ഇസ്രായേൽ നടപടി. ഗസ്സയുദ്ധം ആരംഭിച്ചയുടനെതന്നെ, വാഷിങ്ടണിനെയും ഇറാനെയും മേഖലയിലെ മറ്റു രാജ്യങ്ങളെയും ഒരു പ്രാദേശിക യുദ്ധത്തിലേക്ക് തള്ളിയിടുക എന്ന ദീർഘകാല ലക്ഷ്യത്തിനുള്ള അവസരമാക്കാമെന്ന് ഇസ്രായേൽ മോഹിച്ചിരുന്നു.
മേഖലയിലെ വിവിധ സംഘർഷങ്ങൾക്ക് നിരുപാധിക പിന്തുണ നൽകിവന്ന അമേരിക്ക ഇറാനുൾപ്പെടെയുള്ള രാജ്യങ്ങൾക്കെതിരെ നേരിട്ടുള്ള യുദ്ധത്തിൽനിന്ന് വിട്ടുനിന്നു. ഇറാനെ തോൽപിക്കുക തന്ത്രപ്രധാനമാണെങ്കിലും നിലവിൽ ഒരു യുദ്ധം തുടരാനുള്ള ഇച്ഛാശക്തിയും ഉപകരണങ്ങളും അവർക്കില്ല.ഗസ്സയിൽ ഫലസ്തീനികൾക്കെതിരായ പരാജയപ്പെട്ട യുദ്ധത്തിനും ലബനാനിലെ ഹിസ്ബുല്ലക്കെതിരായ സൈനിക സ്തംഭനത്തിനുംശേഷം, വിശാലമായ പോർമുഖമൊരുക്കാനുള്ള വേല ത്വരിതഗതിയിലാക്കുകയാണ് ഇസ്രായേൽ. അതിനായി ഏറ്റവും അപകടം പിടിച്ച ചൂതാട്ടമാണ് അവർ നടത്തുന്നത്. റഷ്യയും ചൈനയും മറ്റ് രാജ്യങ്ങളുമൊക്കെയായി ബന്ധം സ്ഥാപിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വിജയം കണ്ട നേതാവായിരുന്നു ഹനിയ്യ.
ഫലസ്തീൻ നേതാവിനെ ഇറാൻ തലസ്ഥാനത്ത് കൊലപ്പെടുത്തുക വഴി ഞങ്ങൾ ഈ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാനൊരുങ്ങിയെന്ന സന്ദേശമാണ് അവർ ഇറാൻ ഭരണകൂടത്തിന് നൽകിയത്. യുദ്ധം നിർത്താനോ ചർച്ചകളിലൂടെ വെടിനിർത്തൽ അംഗീകരിക്കാനോ ഉദ്ദേശ്യമില്ലെന്ന സന്ദേശം ഹമാസിനും നൽകുന്നു. സമാധാന ശ്രമങ്ങളെയെല്ലാം തടസ്സപ്പെടുത്താൻ മാസങ്ങളായി, കഴിവിന്റെ പരമാവധി പരിശ്രമിച്ചുപോരുകയായിരുന്നു ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ഫലസ്തീനിയൻ നേതാവിനെ വധിക്കുക വഴി, അക്രമമല്ലാതെ മറ്റൊരു മാർഗത്തെയും അവലംബിക്കുന്നില്ല എന്ന അന്തിമവും നിർണായകവുമായ സന്ദേശവും അവർ നൽകിയിരിക്കുന്നു. ഇസ്രായേലി പ്രകോപനങ്ങളുടെ വ്യാപ്തി, മിഡിൽ ഈസ്റ്റിലെ ഫലസ്തീൻ അനുകൂല ക്യാമ്പിന് സൃഷ്ടിക്കുന്ന വെല്ലുവിളി വലുതാണ്. മേഖലയെ ഒന്നാകെ യുദ്ധത്തിൽ കുരുക്കാനുള്ള ഇസ്രായേലിന്റെ വ്യാമോഹം സമ്മതിച്ചുകൊടുക്കാതെതന്നെ ശക്തമായ മറുസന്ദേശം എങ്ങനെ നൽകാൻ സാധിക്കും എന്നതാണത്.
നെതന്യാഹുവിന്റെ വാഷിങ്ടൺ പര്യടനത്തിന് ലഭിച്ച പ്രതികരണം വഴി യു.എസ് നിലപാടിൽ അടിസ്ഥാനപരമായ മാറ്റം വരുത്തിയിട്ടില്ല എന്ന് വ്യക്തമായത് ഇസ്രായേലിന് ആവേശം നൽകുന്നു. ഇസ്രായേലിനകത്തെ സമീപകാല ഏറ്റുമുട്ടലുകൾ സൂചിപ്പിക്കുന്നത് ഒരു അട്ടിമറി സാധ്യതയാണെന്നാണ്. ‘നാം അഗാധ ഗർത്തത്തിന്റെ വക്കിലല്ല, ഗർത്തത്തിനുള്ളിലാണ്’ എന്ന ഇസ്രായേലി പ്രതിപക്ഷ നേതാവ് യാർ ലാപിഡിന്റെ വാക്കുകളോർക്കുക. ഇതെല്ലാം നോക്കുമ്പോൾ, നെതന്യാഹുവും അദ്ദേഹത്തിന്റെ തീവ്ര വലതുപക്ഷ വൃത്തവും അതിപരിമിതമായ സമയപരിധിക്കുള്ളിലാണ് നീങ്ങിക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തം. നയതന്ത്രജ്ഞന്റെ പങ്കുവഹിച്ച രാഷ്ട്രീയ നേതാവായ ഹനിയ്യയെ കൊലപ്പെടുത്തുക വഴി, ഇസ്രായേൽ അവരുടെ നിരാശയുടെ വ്യാപ്തിയും സൈനിക പരാജയത്തിന്റെ പരിധിയും പ്രകടമാക്കി. ഇത്രയേറെ പരിധിവിട്ട് ക്രിമിനൽ നടപടികളിലേക്ക് നീങ്ങുന്നത് വിലയിരുത്തുമ്പോൾ ഗസ്സ യുദ്ധത്തിന് ഏറെ മുമ്പുതന്നെ ഇസ്രായേൽ ശ്രമിച്ചുപോരുന്ന പ്രാദേശിക യുദ്ധത്തിലേക്ക് ഇത് കൊണ്ടെത്തിച്ചേക്കാം.
പ്രമുഖ കോളമിസ്റ്റായ ലേഖകൻ മിഡിൽ ഈസ്റ്റ് ഐയിൽ എഴുതിയത്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.