ഹമാസ് ആക്രമണം: ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ തലവൻ രാജിവെച്ചു
text_fieldsജറൂസലം: ഒക്‌ടോബർ ഏഴിന് ഹമാസ് നടത്തിയ ‘തൂഫാനുൽ അഖ്സ’ ആക്രമണം സംബന്ധിച്ച് മുന്നറിയിപ്പ് നൽകാനോ തടയാനോ കഴിയാത്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രായേൽ സൈനിക ഇന്റലിജൻസ് ഡയയറക്ടറേറ്റ് മേധാവി രാജിവെച്ചു. മേജർ ജനറൽ അഹരോൺ ഹലീവയാണ് സ്ഥാനം രാജിവെച്ചത്.
ഹമാസ് ആക്രമണത്തിന്റെ പേരിൽ സ്ഥാനമൊഴിയുന്ന ആദ്യ ഉന്നത ഉദ്യോഗസ്ഥനാണിയാൾ. ഇസ്രായേൽ പ്രതിരോധ സേന (ഐ.ഡി.എഫ്) ആണ് രാജിക്കാര്യം അറിയിച്ചത്. ആക്രമണം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹലീവ സമർപ്പിച്ച രാജിക്കത്തും ഐ.ഡി.എഫ് പുറത്തുവിട്ടിട്ടുണ്ട്.
“ഇസ്രായേൽ രാഷ്ട്രത്തിനെതിരെ 2023 ഒക്ടോബർ 7 ശനിയാഴ്ച ഹമാസ് മാരകമായ അപ്രതീക്ഷിത ആക്രമണം നടത്തി. ഞങ്ങളെ ഏൽപ്പിച്ച ചുമതല എന്റെ കീഴിലുള്ള രഹസ്യാന്വേഷണ വിഭാഗം നിറവേറ്റിയില്ല. ആ കറുത്ത ദിനം അന്നുമുതൽ എന്നെ വിട്ടൊഴിഞ്ഞിട്ടില്ല. എല്ലാ രാപ്പകലുകളിലും യുദ്ധത്തിന്റെ ഭയാനകമായ വേദന എന്നെ പിന്തുടരുന്നു’ - രാജിക്കത്തിൽ ഹലീവ പറഞ്ഞു.
നൂറുകണക്കിന് ഇസ്രായേൽ സൈനികരടക്കം 1170 പേർ ഒക്ടോബർ ഏഴിന് കൊല്ലപ്പെട്ടുവെന്നാണ് ഇസ്രായേൽ കണക്ക്. ഇതിൽ നിരവധി പേർ ഇസ്രായേലിന്റെ തന്നെ ഹാനിബാൾ ഡയരക്ടീവ് അനുസരിച്ചുള്ള ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് ഹമാസും ഇസ്രായേൽ മാധ്യമങ്ങളും സ്ഥിരീകരിച്ചിരുന്നു. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ഗസ്സയിൽ തുടക്കമിട്ട വംശഹത്യയിൽ ഇതുവരെ 34,097 പേർ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.