ഇസ്രായേലിന്റെ ‘മെർകാവ’ യുദ്ധ ടാങ്ക് ഗസ്സയിൽ സ്ഫോടനത്തിൽ തകർന്നതായി റിപ്പോർട്ട്
text_fieldsഗസ്സ സിറ്റി: ഇസ്രായേൽ പ്രതിരോധ സേനയുടെ അഭിമാനവും അഹങ്കാരവുമായ അതിനൂതന മെർകാവ-4 ബറാക് മെയിൻ ബാറ്റിൽ ടാങ്ക് (എം.ബി.ടി) ഗസ്സയിൽ തകർന്നതായി റിപ്പോർട്ട്. ഭീമാകാരമായ സ്ഫോടക വസ്തുവാണ് (ഐ.ഇ.ഡി) ടാങ്കിൽ ഇടിച്ചതെന്ന് ‘യുറേഷ്യൻ ടൈംസി’ന്‍റെ റിപ്പോർട്ടിൽ പറയുന്നു. സമൂഹ മാധ്യമങ്ങളിൽനിന്നുള്ള റിപ്പോർട്ടുകളും ഇത് സൂചിപ്പിക്കുന്നു.
‘ടാങ്ക് പോസ്റ്റിംഗ്’ എന്ന പേരിലുള്ള ‘എക്‌സ്’ അക്കൗണ്ടിലാണ് തകർന്ന ടാങ്കിന്റെ ഫോട്ടോ ആദ്യം പ്രത്യക്ഷപ്പെട്ടത്. മെർകാവക്കുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ പറ്റാത്തവയാണെന്ന് വിവിധ കോണുകളിൽ നിന്നുള്ള ചിത്രങ്ങൾ കാണിക്കുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് ടാങ്കിന്റെ ഡ്രൈവർ മാത്രമേ രക്ഷപ്പെട്ടുള്ളൂവെന്നും ബാക്കിയുള്ളവർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടുവെന്നുമാണ്. ഹമാസിന്റെ ഐ.ഇ.ഡി ശേഷി സംശയാസ്പദമാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ സംരക്ഷിത ടാങ്കുകളെ നശിപ്പിക്കാൻ അവർ ശക്തരാണെന്ന് ഇത് തെളിയിക്കുന്നതായി ചില സൈനിക നിരീക്ഷകർ അഭിപ്രായപ്പെട്ടു.
ഗസ്സയിലേക്ക് സമ്പൂർണ അധിനിവേശം ആരംഭിച്ചതിനുശേഷം ആദ്യമായാണ് ഇസ്രായേൽ പ്രതിരോധ സേനക്ക് കനത്ത തിരിച്ചടി നൽകി ‘മെർകാവ’യുടെ നാശം. ഇതോടെ സേനക്ക് അത്യാധുനിക മെർകാവ-4 എം.ബി.ടി നഷ്ടമായേക്കാമെന്ന വാദവും ഉയർന്നു. ശക്തമായ സ്ഫോടനത്തിൽ ടാങ്കിന്റെ കവച പാളികൾ തുറന്നുപോയെന്നും പല ഭാഗങ്ങളും പൊട്ടിത്തെറിച്ചുവെന്നും സൈനിക ബ്ലോഗർമാർ ചൂണ്ടിക്കാട്ടി. തങ്ങളുടെ ടാങ്ക് നഷ്ടം ഇസ്രായേൽ മറച്ചുവെക്കാറുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും നൂതനമായ ടാങ്ക് ഗസ്സയിലെ മണലിൽ എവിടെയോ തകർന്നുകിടക്കുന്നതായ വാർത്ത ചില സൈനിക ബ്ലോഗർമാർ ‘കുഴിച്ചെടുത്തു’വെന്ന് യൂറേഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ക്രൂരമായ കരയാക്രമണത്തിനിടെ സംഭവിച്ച അഭൂതപൂർവമായ സംഭവം ഗസ്സ മണ്ണിൽ അധിനിവേശ സേനക്കുനേരെയുള്ള അപകടസാധ്യതകളെ എടുത്തുകാണിക്കുന്നു.
ഇസ്രായേലിന്റെ കണ്ടുപിടിത്തത്തിലെ വിലയേറിയ മെർകാവ സീരീസിന്റെ ഏറ്റവും പുതിയതും ഏറ്റവും നൂതനവുമായ വേരിയന്‍റായതിനാൽ മെർകാവ എം.കെ-4 ബരാക്കിന്റെ നഷ്ടം വളരെ വലുതാണ്. 2023ൽ സൈന്യം ഉൾപ്പെടുത്തിയ ഈ യുദ്ധ ടാങ്കിൽ 360ഡിഗ്രി പകൽ/രാത്രി കാമറ കവറേജ്, നവീകരിച്ച സുരക്ഷാ സംവിധാനമായ എ.പി.എസ്, ഡ്രോണുകൾ- ക്രൂയിസ് മിസൈലുകൾ എന്നിവയെ തടസ്സപ്പെടുത്താൻ കഴിയുന്ന നേരിട്ടുള്ള ഊർജ്ജ സംവിധാനം എന്നിവ ഉൾപ്പെടുന്നു.
ടാങ്ക് കമാൻഡർക്കായി ഫൈറ്റർ ജെറ്റ് ശൈലിയിലുള്ള ഹെൽമറ്റിൽ ഘടിപ്പിച്ച ഡിസ്‌പ്ലേയും ലക്ഷ്യങ്ങൾ നേടാനും വേഗത്തിൽ ആക്രമിക്കാനും സഹായിക്കുന്ന പുതിയ സെൻസറുകളും ഉണ്ട്. ഐ.ഡി.എഫ് നേരത്തെ ഈ ടാങ്കിന്റെ ചിത്രം ട്വീറ്റ് ചെയ്തിരുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും വി.ആർ പരിശീലന ഓപ്ഷനുകളും സജ്ജീകരിച്ചിരിക്കുന്നുവെന്നും മെർകാവ എം.കെ-4 ബറാക്ക് കവചിത സേനയിൽ വിപ്ലവം സൃഷ്ടിക്കുമെന്നും ഐ.ഡി.എഫ് ചിത്രത്തിനൊപ്പം അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇസ്രായേലിന്റെ അവകാശവാദങ്ങൾ പോലെ ‘മെർകാവ’ അജയ്യനല്ലെന്ന് കാണിക്കുന്നതാണ് പുതിയ സംഭവം.
ഇതാദ്യമായല്ല ഇസ്രായേലിന് മെർകാവ ടാങ്കുകൾ നഷ്ടപ്പെടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 7ന് ഇസ്രയേലിനെതിരായ ആക്രമണത്തിൽ, അതിർത്തി മേഖലയിലെ നിരവധി മെർകാവ ടാങ്കുകൾ നശിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്തതായി ഹമാസ് അവകാശപ്പെട്ടിരുന്നു. അടുത്തിടെ നശിപ്പിക്കപ്പെട്ട മെർകാവ-4 ബറാക് ടാങ്കിന്റെ കൃത്യമായ സ്ഥാനം അറിയില്ലെങ്കിലും ഇത് വടക്കൻ ഗസ്സയായിക്കാമെന്നാണ് കരുതുന്നത്. അവിടെ ഒക്ടോബർ മുതൽ ഇസ്രായേൽ ടാങ്കുകൾ മുന്നേറുന്നുണ്ട്.
ഹമാസിന് പുറമെ, തെക്കൻ ലെബനാനിൽ ഐ.ഡി.എഫ് കരയാക്രമണങ്ങൾ ആരംഭിച്ചതുമുതൽ നിരവധി ഇസ്രായേലി മെർകാവ ടാങ്കുകളെ ആക്രമിക്കാനും നശിപ്പിക്കാനും ലെബനാൻ ആസ്ഥാനമായുള്ള ഹിസ്ബുല്ല ഗ്രൂപ്പിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ മാസം മാത്രം അഞ്ച് മെർകാവ ടാങ്കുകളെങ്കിലും നശിപ്പിച്ചതായാണ് ഹിസ്ബുല്ലയുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.