അതിർത്തിയിലെ 11 ഗ്രാമങ്ങൾ ഇസ്രായേൽ ബോംബിട്ട് തകർത്തു; ലബനാനിലും ലക്ഷ്യം ജനവാസമില്ലാത്ത ബഫർ സോൺ
text_fieldsബൈറൂത്: ഒരു മാസമായി തെക്കൻ ലബനാനിലെ ഗ്രാമങ്ങൾ ബോംബിട്ട് തകർക്കുകയാണ് ഇസ്രായേൽ സേന. തലമുറകളായി ലബനാൻ പൗരന്മാർ സമാധാനത്തോടെ കഴിഞ്ഞിരുന്ന അതിർത്തിയിലെ നിരവധി ഗ്രാമങ്ങൾ തുടച്ചുനീക്കുന്നതിന്റെ പിന്നിലെ ഇസ്രായേൽ ലക്ഷ്യം ജനവാസമില്ലാത്ത ബഫർ സോണാണെന്ന് റിപ്പോർട്ട്.
ഗസ്സ അതിർത്തിയിൽ നേരത്തേ ഇസ്രായേൽ നിർമിച്ച ബഫർ സോണിനു സമാനമായിരിക്കും ഇതെന്നും വിദഗ്ധരെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അതിർത്തിയിലെ 11 ഗ്രാമങ്ങൾ തകർത്തതോടെ ബഫർ സോണിനുള്ള സാഹചര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഇസ്രായേലുമായി അതിർത്തി പങ്കിടുന്ന ലബനാന്റെ 6.5 കിലോമീറ്ററിലാണ് ഈ ഗ്രാമങ്ങളുണ്ടായിരുന്നതെന്ന് പ്ലാനറ്റ് ലാബ്സ് പി.ബി.സി തയാറാക്കിയ ഉപഗ്രഹ ചിത്രങ്ങൾ പറയുന്നു. തെക്കൻ ലബനാനിലെ അതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളാണ് ഏറ്റവും അധികം നാശം നേരിട്ടത്.
ഓരോ ഗ്രാമത്തിലെയും 100 മുതൽ 500 വരെ കെട്ടിടങ്ങൾ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചോ, ബോംബിട്ടോ തകർത്തിട്ടുണ്ടെന്ന് നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിൽ വിദഗ്ധരായ ന്യൂയോർക്കിലുള്ള സിറ്റി യൂനിവേഴ്സിറ്റിയുടെ ഗ്രാജ്വേറ്റ് സെന്ററിലെ കോറി ഷെറും ഒറിഗൺ സ്റ്റേറ്റ് യൂനിവേഴ്സിറ്റിയിലെ ജാമോൺ വാൻ ഡെർ ഹോക്കും വ്യക്തമാക്കി. ഹിസ്ബുല്ല അതിർത്തിയിലേക്ക് തിരിച്ചുവരില്ലെന്ന് ഉറപ്പാക്കുന്നതുവരെ മേഖലയിൽ തുടരേണ്ടിവരുമെന്ന് ഇസ്രായേലിന്റെ ദേശീയ സുരക്ഷ പഠന കേന്ദ്രത്തിലെ മുതിർന്ന ഗവേഷകയായ ഓർന മിർസ്റാഹി പറഞ്ഞു.
സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് വീടുകൾ പൂർണമായും നശിപ്പിക്കുന്നതിന്റെയും ലബനാന്റെ ഭൂപ്രദേശത്ത് പതാക ഉയർത്തുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഒഡൈസ ഗ്രാമത്തിൽ നടത്തിയ സ്ഫോടനത്തിന്റെ പ്രകമ്പനം ഇസ്രായേലിൽ ഭൂകമ്പ മുന്നറിയിപ്പ് മുഴങ്ങാൻപോലും ഇടയാക്കിയിരുന്നു.
നിരന്തരമായ വ്യോമ, കരയാക്രമണങ്ങളിലൂടെ ലബനാന്റെ ഭൂപടത്തിൽനിന്ന് പൂർണമായും ഇല്ലാതായ കൊച്ചു ഗ്രാമങ്ങളിലൊന്നാണ് റംയാഹ്. നിരവധി വീടുകളാൽ സമ്പന്നമായിരുന്ന ഈ കുന്ന്, ഇപ്പോൾ ചാരനിറത്തിലുള്ള അവശിഷ്ടങ്ങളായി മാറിയിരിക്കുന്നു. തുരങ്കങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർത്ത് ഹിസ്ബുല്ലയെ അതിർത്തിയിൽനിന്ന് മാറ്റിനിർത്തുകയാണ് തെക്കൻ ഗ്രാമങ്ങളിൽ ആക്രമണം നടത്തുന്നതിന്റെ ലക്ഷ്യമെന്നാണ് ഇസ്രായേൽ പറയുന്നത്.
വടക്കൻ മേഖലയിൽനിന്ന് ഒഴിപ്പിച്ചവരെ സുരക്ഷിതമായി തിരിച്ചുകൊണ്ടുവരാൻ ഇതുമാത്രമാണ് വഴി എന്നാണ് അവരുടെ നിലപാട്. പക്ഷേ, അതിർത്തിയിലുള്ള യു.എൻ സമാധാന സേനയും ലബനാൻ സൈനികരും ഇസ്രായേലിന്റെ പരാക്രമണത്തിന് ഇരയാവുകയാണ്. 10 ലക്ഷം ജനങ്ങൾ പലായനം ചെയ്തതോടെ മേഖല ഇതിനകം വിജനമായിരിക്കുകയാണ്. അതേസമയം, ഹിസ്ബുല്ലയെ ദീർഘകാലത്തേക്ക് അതിർത്തിയിൽനിന്ന് മാറ്റിനിർത്താൻ വ്യക്തമായ പദ്ധതികളൊന്നുമില്ലെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.