ഇസ്രായേൽ ഇല്ലാതാക്കുന്നത് ഗസ്സയുടെ ജീവനാഡിയായ യു.എൻ.ആർ.ഡബ്ല്യു.എയെ; പകരം നടപടി സ്വീകരിക്കണമെന്ന് യു.എൻ
text_fieldsഐക്യരാഷ്ട്രസഭ: ഫലസ്തീൻ ജനതയുടെ ജീവനാഡിയായ യു.എൻ ഏജൻസിയെ (യു.എൻ.ആർ.ഡബ്ല്യു.എ) ഇല്ലായ്മ ചെയ്യാനുള്ള നീക്കം ശക്തമാക്കിയ ഇസ്രായേൽ നടപടിക്കതിരെ ഐക്യരാഷ്ട്രസഭ. ഏജൻസിയെ നിരോധിക്കുകയാണെങ്കിൽ ഗസ്സയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഇസ്രായേൽ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. യു.എൻ അഭയാർഥി ഏജൻസിക്ക് പകരം മറ്റൊന്നില്ലെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇസ്രായേൽ-ഹമാസ് യുദ്ധത്തിനിടെ ഗസ്സയിലെ ജനങ്ങൾക്ക് ആശ്രയമായിരുന്നു ഏജൻസി. നിരോധനമേർപ്പെടുത്തിയ ഇസ്രായേൽ നടപടി ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും ജനങ്ങളെ കടുത്ത ദുരിതത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു വർഷത്തിലധികമായി ഭക്ഷണത്തിനും ആരോഗ്യസേവനത്തിനും യു.എൻ അഭയാർഥി ഏജൻസിയെയാണ് ഗസ്സയിലെ ജനങ്ങൾ ആശ്രയിച്ചിരുന്നതെന്ന് ഇതര യു.എൻ ഏജൻസികളും അഭിപ്രായപ്പെട്ടു. ചില അംഗങ്ങൾ ഒക്ടോബർ ഏഴിലെ ആക്രമണത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് ഇസ്രായേൽ യു.എൻ അഭയാർഥി ഏജൻസിയുടെ പ്രവർത്തനം വിലക്കിയത്
യു.എൻ.ആർ.ഡബ്ല്യു.എയെ പൂട്ടിക്കാൻ പതിനെട്ടടവും പയറ്റി ഇസ്രായേൽ
പതിറ്റാണ്ടുകളായി ഇസ്രായേൽ തുടരുന്ന കടന്നാക്രമണവും ഉപരോധവും യുദ്ധവും മൂലം ജീവിതം അസഹ്യമായ ഫലസ്തീനികൾക്ക് ആശ്വാസമായി പ്രവർത്തിക്കുന്ന ഏജൻസിയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ഇത് നിർത്തലാക്കിയാൽ വ്യോമാക്രമണത്തേക്കാൾ കടുത്ത ആഘാതമാകും ഗസ്സക്കാരെ കാത്തിരിക്കുക. ഏജൻസിയില്ലാതായാൽ ഫലസ്തീനികളെ പട്ടിണിക്കിട്ടും ചികിത്സ നിഷേധിച്ചും ആയുധമില്ലാതെ കൂട്ടക്കൊല നടത്താം എന്ന കുബുദ്ധിയാണ് ഇസ്രായേലിനെ നയിക്കുന്നത്. ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ റിലീഫ് ആൻഡ് വർക്ക്സ് ഏജൻസിയെ(യു.എൻ.ആർ.ഡബ്ല്യു.എ) ഭീകര സംഘടനയായി ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ഒക്ടോബർ ഏഴിലെ ഹമാസിന്റെ തൂഫാനുൽ അഖ്സ ഓപറേഷനിൽ യു.എൻ.ആർ.ഡബ്ല്യു.എ ജീവനക്കാർ പങ്കാളികളായി എന്ന കള്ളം ഇസ്രായേൽ കാടടച്ച് പ്രചരിപ്പിച്ചിരുന്നു. തുടർന്ന് ഇവർക്ക് സഹായം നൽകുന്നത് നിർത്തിവെക്കാൻ ലോകരാഷ്ട്രങ്ങൾക്ക് മേൽ സമ്മർദം ചെലുത്തുകയും ചെയ്തു. ഇതോടെ സാമ്പത്തികമായി വലഞ്ഞ ഏജൻസി അടച്ചുപൂട്ടലിന്റെ വക്കിൽ എത്തിനിൽക്കുകയായിരുന്നു. ഒടുവിൽ, മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണയുടെ നേതൃത്വത്തിൽ നടത്തിയ സ്വതന്ത്ര അന്വേഷണത്തിൽ ഇസ്രായേലിന്റെ ആരോപണം കള്ളമാണെന്ന് തെളിഞ്ഞതോടെയാണ് സഹായവിതരണം പുനരാരംഭിക്കാൻ വിവിധ രാഷ്ട്രങ്ങൾ തീരുമാനിച്ചത്.
ഫലസ്തീനിൽ ആരോഗ്യ, വിദ്യാഭ്യാസ, ഭക്ഷ്യവിതരണ മേഖലയിൽ 70ലേറെ വർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് യു.എൻ.ആർ.ഡബ്ല്യു.എ. വിവിധ രാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെയാണ് ഇവരുടെ സേവനപ്രവർത്തനം. നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും ആശുപത്രികളും സന്നദ്ധസേവന കേന്ദ്രങ്ങളും ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.