ഓരോ മിനിറ്റിലും സ്ഫോടനം; അടിയന്തര ഇടപെടലിന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ച് ഗസ്സ മീഡിയ ഓഫിസ്
text_fieldsഗസ്സ സിറ്റി: മധ്യ ഗസ്സയിൽ ആക്രമണം കടുപ്പിച്ച് ഇസ്രാേയൽ. ഓരോ മിനിറ്റിലും സ്ഫോടനം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. നുസൈറത്ത് അഭയാർത്ഥി ക്യാമ്പിനുനേരെ അതിക്രൂരമായ ആക്രമണം നടത്തിയതായും തെരുവുകളിൽ ഡസൻ കണക്കിന് ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായും ഗസ്സ സർക്കാറിന്റെ മീഡിയ ഓഫിസ് പുറത്തുവിട്ടു. സർവ മേഖലകൾക്കും നേരെയുള്ള ആക്രമണം തുടരുകയാണ്. സിവിലിയന്മാരെ നേരിട്ട് ലക്ഷ്യമിടുന്നു. അൽ-അഖ്സ ആശുപത്രി വിനാശകരമായ അവസ്ഥയിലാണ്. ബോംബാക്രമണത്തിന്റെ തീവ്രത കാരണം ആംബുലൻസിനും സിവിൽ ഡിഫൻസിനും പ്രദേശത്തേക്ക് എത്താൻ കഴിയില്ലെന്നും ഓഫിസ് പറഞ്ഞു. എല്ലായിടത്തും രക്തവും ചിതറിയ മൃതദേഹങ്ങളുമാണ്. പലരെയും കാണാതായിട്ടുണ്ട്. കാഴ്ചകൾ വളരെ ഭയാനകമാണെന്ന് ദൃക്സാക്ഷികളും പറയുന്നു.
ദേർ അൽ ബലായിലെ ഒരേയൊരു ആശുപത്രിയാണ് അൽ അഖ്‌സ രക്തസാക്ഷി ഹോസ്പിറ്റൽ. ഒരൊറ്റ ജനറേറ്ററേ ഇവിടെയുള്ളൂ. അതു നിലച്ചാൽ വൻ ദുരന്തം സംഭവിക്കും. ഗസ്സയിൽനിന്ന് കുടിയിറക്കപ്പെട്ട പത്ത് ലക്ഷത്തോളം പേർ ഇവിടെയുണ്ട്. ഇത്രയും വലിയ എണ്ണം ആളുകളെ ഉൾക്കൊള്ളാൻ അതിന് കഴിയുന്നില്ല. അടിയന്തരമായി ആശുപത്രി സംരക്ഷിക്കാനും ആളുകളുടെ ആരോഗ്യ സ്ഥിതി സംരക്ഷിക്കാനും ഉടൻ ഇടപെടണമെന്ന് അന്താരാഷ്ട്ര സമൂഹത്തോടും യു.എന്നിനോടും എല്ലാ അന്താരാഷ്ട്ര സംഘടനകളോടും മീഡിയ ഓഫിസ് അഭ്യർഥിച്ചു.
ഡസൻ കണക്കിന് നിരപരാധികളായ മനുഷ്യരുടെ രക്തം ചൊരിയപ്പെട്ട ഈ വിനാശകരമായ കുറ്റകൃത്യത്തിന് അധിനിവേശ ഇസ്രായേലും അമേരിക്കൻ ഭരണകൂടവും പൂർണ ഉത്തരവാദികളാണ്. അധിനിവേശ ശക്തികൾ തുടരുന്ന ക്രൂരമായ നരമേധം അവസാനിപ്പിക്കാൻ ഞങ്ങൾ അന്താരാഷ്ട്ര സമൂഹത്തോടും എല്ലാ അന്താരാഷ്ട്ര സംഘടനകളോടും ആവശ്യപ്പെടുന്നു. വംശഹത്യ യുദ്ധം ഉടനടി അടിയന്തിരമായി നിർത്തണമെന്ന് അഭ്യർഥിക്കുന്നുവെന്നും മീഡിയ ഓഫിസ് അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനി 70 പേർ കൊല്ലപ്പെട്ടതായും 150 തിലേറെ പേർക്ക് പരിക്കേറ്റതായും ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. ഇതോടെ ഒക്ടോബർ ഏഴു മുതൽ തുടങ്ങിയ ആക്രമണത്തിൽ 36,801 പേർ കൊല്ലപ്പെടുകയും 83,680 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഏറ്റവും ഒടുവിൽ കടുപ്പിച്ച ആക്രമണങ്ങളിലൂടെ ഒരു ഉപാധിയുമില്ലാതെ സ്ഥിരമായ വെടിനിർത്തലിലേക്ക് ഹമാസിനെ തള്ളിവിടാനുള്ള സമ്മർദ്ദ തന്ത്രമാണ് പ്രയോഗിക്കുന്നതെന്ന് ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസിലെ പ്രഫസർ തമർ ക്വർമൂദ് പ്രതികരിച്ചു. ഇസ്രായേൽ സൈന്യത്തിന് പൂർണമായി കൈവശപ്പെടുത്താനോ പ്രവേശിക്കാനോ നശിപ്പിക്കാനോ കഴിയാത്ത അവസാന പ്രദേശങ്ങളാണ് റഫയും ദേർ അൽ ബലാഹും. അവിടെ ഹമാസിന്റെ സേനാ ബ്രിഗേഡുകൾ ഉണ്ടെന്ന് അവർ അവകാശപ്പെടുന്നു. അതിലൂടെ ഗസ്സ മുനമ്പിലെ ഓരോ ഇഞ്ചും കടന്ന് ഹമാസിനെ വേരോടെ പിഴുതെറിയുകയാണ് അവരുടെ ലക്ഷ്യം. അതിനൊടുക്കേണ്ടിവരുന്ന വില ഭയാനകമാണെന്നും പ്രഫസർ തമർ ക്വർമൂദ് പറഞ്ഞു.
അതിനിടെ, ഒക്ടോബർ ഏഴിനു പിടികൂടി തടവിലാക്കിയ തങ്ങളുടെ നാലു പൗരൻമാരെ നുസൈറത്തിൽനിന്ന് രക്ഷപ്പെടുത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. നോവ അറഗാമി(25), ആൽമോങ് മെയർ(21), ആന്ദ്രേ കോസ്ലോവ്( 27), ഷലോമി സിവ്( 40) എന്നിവരെ നുസൈറത്തിലെ രണ്ട് ഇടങ്ങളിൽ നിന്നായി കണ്ടെത്തിയെന്നാണ് പ്രസ്താവന. എല്ലാവരും ആരോഗ്യത്തോടെയായിരുന്നുവെന്നും വൈദ്യ പരിശോധനകൾക്കായി ആശുപത്രിയിലേക്ക് മാറ്റിയെന്നും സൈന്യം പുറത്തുവിട്ടു.
തടവുകാരെ കണ്ടെത്തിയെന്ന വാർത്ത ഇസ്രായേൽ പ്രതിപക്ഷ നേതാവ് യേർ ലാപിഡ് സ്വാഗതം ചെയ്തു. ‘സന്തോഷ വാർത്ത അറിഞ്ഞപ്പോൾ വലിയ ആവേശം. നോവ,ഷലോമി, അൽമോങ്, ആന്ദ്രേ ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു. ഇപ്പോഴും എല്ലാവർക്കുമായി കാത്തിരിക്കുന്നു‘ എന്ന് ലാപിഡ് ‘എക്സി’ൽ പോസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.