റഫ കുരുതിക്കളമാക്കാൻ ഇസ്രായേൽ; രണ്ട് പദ്ധതി തയ്യാറാക്കാൻ സൈന്യത്തോട് ഉത്തരവിട്ടെന്ന് നെതന്യാഹു
text_fieldsഗസ്സ/ തെൽ അവീവ്: 10 ലക്ഷത്തിലേറെ മനുഷ്യർ അഭയാർഥികളായി തിങ്ങിപ്പാർക്കുന്ന റഫയിൽ ആക്രമണം കടുപ്പിക്കാനൊരുങ്ങി ഇസ്രായേൽ. വടക്കൻ ഗസ്സയിൽനിന്നും മധ്യഗസ്സയിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ട ജനങ്ങൾ കഴിയുന്ന ഇവിടെ ഇസ്രായേൽ അധിനിവേശ സേന ആക്രമണം തുടരുകയാണ്. ഇന്നലെ രാത്രി വീട്ടിനുനേരെ നടത്തിയ ആക്രമണത്തിൽ 15 പേരും വെള്ളിയാഴ്ച നടത്തിയ ആക്രമണത്തിൽ മൂന്നു കുട്ടികൾ ഉൾപ്പെടെ എട്ടുപേരും റഫയിൽ കൊല്ലപ്പെട്ടു.
അതിനിടെ, കരയാക്രമണത്തിന് മുന്നോടിയായി റഫയിൽനിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഉത്തരവിട്ടു. രണ്ട് പദ്ധതികൾ തയ്യാറാക്കാനാണ് സൈന്യത്തോട് ഉത്തരവിട്ടതെന്ന് നെതന്യാഹു പറഞ്ഞു. റഫയിൽ നിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കാനുള്ള പദ്ധതിയാണ് ഒന്ന്. ഹമാസ് പോരാളികളെ പരാജയപ്പെടുത്താനുള്ളതാണ് രണ്ടാമത്തേത്.
അതേസമയം, ജനലക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണം വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഹ്യൂമൻ റൈറ്റ്‌സ് വാച്ച് മുന്നറിയിപ്പ് നൽകി. മാനുഷിക സഹായം എത്തിക്കാനുള്ള പ്രവേശന കവാടമായ റഫയിൽ ഇസ്രായേൽ ആക്രമണം നടത്തുന്നതിനെ പിന്തുണക്കില്ലെന്ന് അമേരിക്കൻ ദേശീയ സുരക്ഷ കൗൺസിൽ വക്താവ് ജോൺ കിർബി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണം പരിധിവിടുന്നതായി യു.എസ് പ്രസിഡന്റ് ബൈഡനും കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യു.എസ് സൈനിക സഹായം വാങ്ങുന്ന രാജ്യങ്ങൾ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ബൈഡൻ ഭരണകൂടം ആവശ്യപ്പെട്ടു.
ഗസ്സയിലെ ഫലസ്തീനികൾ വംശഹത്യയുടെ ഗുരുതരമായ ഘട്ടത്തിലാണെന്ന് ആംനസ്റ്റി ഇൻ്റർനാഷണൽ ഡയറക്ടർ പറഞ്ഞു. ഗസ്സയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 27,947 പേർ കൊല്ലപ്പെടുകയും 67,459 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യു.എൻ റിപേപാർട്ട് ചെയ്തു.
ഇന്നലെ ഇസ്രായേൽ അധിനിവേശ സേന ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിന് പുറത്ത് മെഡിക്കൽ സ്റ്റാഫ് ഉൾപ്പെടെ 21 പേരെ വെടിവെച്ചുകൊന്നു. അൽ അമാൽ ഹോസ്പിറ്റലിലെ ജീവനക്കാരെയും രോഗികളെയും അറസ്റ്റ് ചെയ്തതായും ഫലസ്തീൻ റെഡ് ക്രസൻ്റ് സൊസൈറ്റി റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.