നാഫ്റ്റലി ബെനറ്റ് ഇസ്രായേൽ പ്രധാനമന്ത്രി, യായർ ലാപിഡിന് വിദേശകാര്യം; ഒമ്പത് വനിതാ മന്ത്രിമാർ
text_fieldsടെൽ അവീവ്: 12 വർഷം നീണ്ട ബിൻയമിൻ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായേൽ പാർലമെന്‍റിൽ പ്രതിപക്ഷ കക്ഷികളുടെ പുതിയ സഖ്യ സർക്കാറിന് ഭൂരിപക്ഷം. പാർലമെന്‍റിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ 60 പേർ തീവ്ര വലതുപക്ഷ നേതാവായ നാഫ്റ്റലി ബെനറ്റും യായർ ലാപിഡും നേതൃത്വം നൽകുന്ന പുതിയ സർക്കാറിനെ പിന്തുണച്ചു. എന്നാൽ, 59 പേർ എതിർത്ത് വോട്ട് രേഖപ്പെടുത്തി. അറബ് കക്ഷി 'റാമി'ന്‍റെ സഈദ് അൽ ഹാറൂമി വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
വിശ്വാസ വോട്ട് നേടിയതിന് പിന്നാലെ നാഫ്റ്റലി ബെനറ്റ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തുടർന്ന് യായർ ലാപിഡ് വിദേശകാര്യ മന്ത്രിയായും മറ്റ് മന്ത്രിമാരും സത്യവാചകം ചൊല്ലി. ഒമ്പതു പേർ വനിതകൾ എന്നതാണ് പുതിയ മന്ത്രിസഭയുടെ പ്രത്യേകത. ഗതാഗത മന്ത്രി മെറവ് മൈക്കിളി (ലേബർ), ആഭ്യന്തര മന്ത്രി അയ്‌ലെറ്റ് ഷെയ്ക്ക് (യാമിന), വിദ്യാഭ്യാസ മന്ത്രി യിഫത്ത് ഷാഷ-ബിറ്റൺ (ന്യൂ ഹോപ്പ്), ധനമന്ത്രി ഓർന ബാർബിവായ് (യെഷ് അതിദ്), ഊർജ മന്ത്രി കറൈൻ എൽഹറാർ (യെഷ് അതിദ്), സാമൂഹിക സമത്വ മന്ത്രി മെറവ് കോഹൻ (യെഷ് അതിദ്), കുടിയേറ്റ സ്വാംശീകരണ മന്ത്രി പിന തമാനോ-ഷാറ്റ (ബ്ലൂ ആൻഡ് വൈറ്റ്), പരിസ്ഥിതി സംരക്ഷണ മന്ത്രി തമർ സാൻഡ്‌ബെർഗ് (മെറെറ്റ്സ്), ശാസ്ത്ര മന്ത്രി ഒറിറ്റ് ഫർക്കാഷ്-ഹാക്കോഹെൻ (ബ്ലൂ ആൻഡ് വൈറ്റ്) എന്നിവരാണ് വനിതാ മന്ത്രിമാർ.
പാർലമെന്‍റിന്‍റെ പുതിയ സ്പീക്കറായി യെഷ് അതിദിന്‍റെ മിക്കി ലെവി തെരഞ്ഞെടുക്കപ്പെട്ടു. 120 അംഗങ്ങളിൽ 67 പേർ മിക്കി ലെവിയെ അനുകൂലിച്ച് വോട്ട് ചെയ്തു. എതിർ സ്ഥാനാർഥി യാക്കോവ് മാർഗിക്ക് 52 വോട്ട് ലഭിച്ചു. ബെനറ്റ്-ലാപിഡ് സർക്കാറിന്‍റെ വിശ്വാസ വോട്ടെടുപ്പിന് ലെവിയാണ് മേൽനോട്ടം വഹിച്ചത്.
അധികാര വിഭജന കരാർ പ്രകാരം പ്രധാനമന്ത്രി പദത്തിൽ ആദ്യ ഊഴം നാഫ്റ്റലി ബെനറ്റിനാണ്. 2023 സെപ്റ്റംബർ വരെയാകും ബെനറ്റിന്‍റെ കാലാവധി. അതു കഴിഞ്ഞുള്ള രണ്ടു വർഷം ലാപിഡ് ഇസ്രായേൽ ഭരിക്കും.
ഇസ്രായേലിന്‍റെ 73 വർഷ ചരിത്രത്തിൽ ആദ്യമായാണ് അറബ് കക്ഷി കൂടി ഒരു മന്ത്രിസഭയിൽ പങ്കാളിയാകുന്നത്. നാല് അംഗങ്ങളുള്ള 'റാം' ആണ് കക്ഷി. 17 അംഗങ്ങളുള്ള യെഷ് അതിദ്, എട്ടു പേരുള്ള ബ്ലൂ ആന്‍റ് വൈറ്റ്, ഏഴു പേരുമായി യിസ്റയേൽ ബെയ്തയ്നു, ലേബർ, ആറു അംഗങ്ങളുള്ള യമീന, ന്യൂ ഹോപ്, മെററ്റ്സ് എന്നിവരടങ്ങിയ എട്ടു കക്ഷി സഖ്യമാണ് ഭരണമേറിയത്. പ്രതിപക്ഷത്ത് 59 അംഗങ്ങളുമുണ്ട്. യമീന, ന്യൂ ഹോപ് തുടങ്ങിയ കക്ഷികൾ ജൂത കുടിയേറ്റത്തെ പിന്തുണക്കുമ്പോൾ ജനസംഖ്യയുടെ 21 ശതമാനം വരുന്ന അറബികളുടെ പ്രതിനിധികളായ 'റാം' ഒരിക്കലും കൂടെനിൽക്കില്ലെന്നുറപ്പാണ്.
2019നു ശേഷം നാലുവട്ടം തെരഞ്ഞെടുപ്പ് നടന്നിട്ടും ഇതുവരെ കേവല ഭൂരിപക്ഷം നേടാൻ നെതന്യാഹുവിനായില്ല. വിവിധ കക്ഷികളുമായി ചേർന്ന് അധികാരം പങ്കിട്ടുവന്ന രണ്ടു വർഷത്തിനൊടുവിൽ ഇത്തവണ അതും നടപ്പാകാതെ വന്നതോടെ രണ്ടാമത്തെ വലിയ കക്ഷിയായ യെഷ് അതിദിന്‍റെ യായർ ലാപിഡിനെ മന്ത്രിസഭയുണ്ടാക്കാൻ പ്രസിഡന്‍റ് ക്ഷണിക്കുകയായിരുന്നു.
അധികാരത്തിൽ നിന്ന് പുറത്തായ ബിൻയമിൻ നെതന്യാഹുവിനെ കാത്ത് നിരവധി അഴിമതി, കൈക്കൂലി കേസുകളാണുള്ളത്. പ്രധാനമന്ത്രി പദം കൈയാളുന്നുവെന്ന ആനുകൂല്യം ഉപയോഗപ്പെടുത്തിയാണ് നെതന്യാഹു വർഷങ്ങളായി നിയമനടപടികളിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്. കേസുകളിൽ പ്രതിചേർക്കപ്പെട്ട നെതന്യാഹു അധികാരം നഷ്ടമായാൽ ജയിലഴികൾ എണ്ണേണ്ടിവരുമെന്ന് ഇസ്രായേലി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.