പോളിഷ് അതിർത്തിയിൽ അഭയാർഥികളായി യുക്രെയ്ൻ ജനത
text_fieldsപ്രഭാത സൂര്യന്റെ രശ്മികൾ തിരക്കേറിയ റോഡിൽ നിരയായി കിടക്കുന്ന കാറുകളിൽ നിന്ന് അവസാന ഹിമകണവും മാച്ചുകളഞ്ഞു. പോളണ്ടിനും യുക്രെയ്നും ഇടയിലുള്ള മേദിക എന്ന അതിർത്തിപാതയിൽ ആളനക്കം വന്നുതുടങ്ങി. പാർക്കിങ് ഏരിയകളിൽ രാത്രി കഴിച്ചുകൂട്ടിയ ഒരുകൂട്ടം മനുഷ്യർ തങ്ങളുടെ പ്രിയപ്പെട്ടവരുടെ വരവിനായി കാത്തിരിക്കയാണ്.
ഫെബ്രുവരി 24ന് റഷ്യ ആക്രമണം തുടങ്ങിയതു മുതൽ യുക്രെയ്ൻ മണ്ണിൽ നിന്ന് കൂട്ടപ്പലായനവും തുടങ്ങി. 1,15,000ത്തിലേറെ പേരാണ് ഇതുവരെ പോളണ്ട് അതിർത്തി കടന്നതെന്ന് പോളിഷ് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിയമാനുസൃത പാസ്പോർട്ട് പോലും കൈവശമില്ലാത്ത യുക്രെയ്ൻ പൗരന്മാരെ അതിർത്തി കടത്തിവിടുകയാണ്. ആക്രമണം തുടങ്ങിയതുമുതൽ രണ്ടു ലക്ഷത്തോളം പേർ യുക്രെയ്ൻ വിട്ടതായാണ് യു.എൻ കണക്ക്. രാജ്യത്തെ 18നും 60നുമിടയിലുള്ള പുരുഷന്മാർ യുദ്ധമുഖത്താണ്. അതിനാൽ പലായനം ചെയ്യുന്നവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. എത്രയും പെട്ടെന്ന് മാതൃരാജ്യത്ത് തിരികെയെത്താൻ സാധിക്കണേ എന്ന പ്രാർഥനയാണ് ഓരോ ഹൃദയങ്ങളിലും. ഈ ദുരിതപ്പാച്ചിലിനിടയിൽ കുഞ്ഞുങ്ങൾ മാതാക്കളിൽ നിന്ന് വേർപെട്ടു പോകുന്ന സംഭവങ്ങളുമുണ്ട്.
വളന്റിയർമാരിൽ നിന്ന് ലഭിച്ച ചായയും സാൻഡ്വിച്ചും കഴിച്ച് വിശപ്പടക്കുകയാണ് പടിഞ്ഞാറൻ യുക്രെയ്നിലെ ദ്രൊഹൊബിചിലെ 49കാരി ഹെലെന. പോളണ്ടിലെ പസ്നാനിൽ ഹെലനയുടെ ബന്ധുക്കളുണ്ട്. അവർക്കടുത്തെത്താനാണ് തിടുക്കം. സുരക്ഷിതമായി അതിർത്തി കടക്കാൻ 24മണിക്കൂറെങ്കിലും എടുക്കും. കൊടുംതണുപ്പിൽ പ്രതിബന്ധങ്ങൾ നിറഞ്ഞ യാത്ര നരകമാണ്...അവർ പറയുന്നു.
കൊടുംതണുപ്പിൽ വിശപ്പു സഹിച്ച് അതിർത്തിയിൽ രാത്രി തള്ളിനീക്കലാണ് ഏറ്റവും ദുരിതമെന്ന് യുക്രെയ്നിലെ ചെർനിവ്സ്റ്റി സ്വദേശി ഡെനിസ് വിവരിക്കുന്നു. പോളണ്ടിലെ കൺസ്ട്രക്ഷൻ കമ്പനിയിലാണ് 30 കാരനായ ഡെനിസിന് ജോലി. യുക്രെയ്നിൽ നിന്ന് രക്ഷപ്പെട്ട ഭാര്യയെയും മക്കളെയും സ്വീകരിക്കാനാണ് ഡെനിസ് മേദികയിൽ എത്തിയത്. ഒരു രാത്രി മുഴുവൻ കാത്തിരിക്കേണ്ടി വന്നു അവരെ കാണാൻ. 24 മണിക്കൂറാണ് കുടുംബം അതിർത്തിയിൽ കഴിഞ്ഞത്. കാൽനടയായി യാത്ര തുടരാനായിരുന്നു ആദ്യം അവർ തീരുമാനിച്ചത്.
കഴിയില്ലെന്നു മനസ്സിലാക്കിയപ്പോൾ ബസ് പിടിച്ചു. ഭാര്യയും മക്കളും അമ്മയുമടങ്ങുന്ന കുടുംബം ഒപ്പമെത്തിയപ്പോഴാണ് ആശ്വാസമായത്-ഡെനിസ് തുടർന്നു. കുടുംബം അതിർത്തിയിൽ സംഗമിച്ചപ്പോഴേക്കും യുക്രെയ്നിലേക്ക് തിരികെ പോകാൻ അമ്മ തിടുക്കം കൂട്ടി. ഡെനിസിന്റെ പിതാവും മറ്റ് രണ്ട് സഹോദരങ്ങളും യുക്രെയ്നിലാണുള്ളത്. അവരെ യുദ്ധഭൂമിയിൽ തനിച്ചുവിട്ട് രക്ഷപ്പെടാനില്ലെന്ന് അമ്മ ശഠിച്ചു. പിതാവ് സൈനികനാണ്. അഫ്ഗാൻ യുദ്ധഭൂമിയിൽ അദ്ദേഹം പോരാടിയിട്ടുണ്ട്. യുദ്ധക്കെടുതി എന്താണെന്ന് ഞങ്ങൾക്കറിയാം. ഒരുകാലത്ത് സോവിയറ്റ് യൂനിയനായി ജീവൻ നൽകാൻ സന്നദ്ധനായിരുന്നു പിതാവ്. ഇപ്പോൾ യുക്രെയ്ന്റെ രക്ഷക്കായി ജീവൻ ബലിയർപ്പിക്കാൻ അദ്ദേഹം തയാറെടുത്തിരിക്കുന്നു. ശത്രുക്കൾ തന്റെ ജന്മനഗരമായ ചെർനിവ്സ്റ്റിലെത്തിയാൽ ഉറപ്പായും ആയുധമെടുക്കും-ഡെനിസ് പറഞ്ഞു.
നട്ടുച്ചയായപ്പോഴേക്കും അതിർത്തിയിലെത്തുന്നവരുടെ എണ്ണം കൂടിവന്നു. ഭക്ഷണമില്ലാതെ, കൊടും ശൈത്യം തടയാൻ പറ്റിയ വസ്ത്രങ്ങളുമില്ലാതെയാണ് ആളുകൾ യുക്രെയ്നും പോളണ്ടിനുമിടയിലെ അതിർത്തിപാത കടക്കുന്നത്. ഇതിനിടയിൽ വളന്റിയർമാർ കൈമാറുന്ന വെള്ളവും കമ്പിളി വസ്ത്രങ്ങളും ബ്ലാങ്കറ്റുകളും ചിലർക്കെങ്കിലും ആശ്വാസമാകുന്നു. യുക്രെയ്നിൽ പോരാട്ടം മുറുകുന്നതിനിടെ, ആളുകൾ കൂട്ടമായി ഇവിടേക്ക് എത്തിക്കൊണ്ടേയിരിക്കുന്നു. യുദ്ധത്തിൽ പങ്കാളിയാകാൻ കൊതിച്ചെങ്കിലും ബെലറൂസ് പാസ്പോർട്ട് കൈവശമുള്ളതു കൊണ്ട് കഴിയാതെ പോയ നിരാശയാണ് യെലേന എന്ന 43കാരിക്ക്. ഒടുവിൽ പാസ്പോർട്ട് കീറിക്കളഞ്ഞാണ് അവർ പ്രതിരോധത്തിന്റെ ഭാഗമായത്. ഇപ്പോൾ അതിർത്തിയിൽ വളന്റിയറായി സേവനം ചെയ്യുന്നു. ഈ യുദ്ധത്തിൽ യുക്രെയ്ൻ വിജയിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവെക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.