ഹലോ ഫ്രം ടീം മെലോഡി! മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി; വിഡിയോ വൈറൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സെൽഫിയെടുത്ത് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഇറ്റലിയിൽ നന്ന ജി 7 ഉച്ചകോടിക്കിടെ എടുത്ത വിഡിയോ സെൽഫിയാണ് മെലോനി അവരുടെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചത്. സെൽഫി സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
‘ഹലോ ഫ്രം ടീം മെലോഡി’ എന്ന് പറഞ്ഞാണ് വിഡിയോ തുടങ്ങുന്നത്. മെലോനിക്കു പുറകിൽനിന്ന് മോദി ഇത് കേട്ട് ചിരിക്കുന്നതും കൈ വീശുന്നതും വിഡിയോയിൽ കാണാനാകും. ഇറ്റലിയിലെ അപുലിയയിൽ നടന്ന ഉച്ചകോടിക്കിടെയാണ് മെലോനി വിഡിയോ ഫോണിൽ പകർത്തിയത്. ‘ഹായ് ഫ്രണ്ട്സ്, ഫ്രം മെലോഡി’ എന്ന കുറിപ്പോടെയാണ് വിഡിയോ അവർ പങ്കുവെച്ചത്.
കഴിഞ്ഞ വർഷം ദുബൈയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ ഇരു നേതാക്കളും എടുത്ത സെൽഫിയും വൈറലായിരുന്നു. ‘COP28ലെ നല്ല സുഹൃത്തുക്കൾ, മെലോഡി’ എന്ന അടിക്കുറിപ്പോടെയാണ് അന്ന് ചിത്രം പോസ്റ്റ് ചെയ്തത്. വിഡിയോ നിമിഷങ്ങൾക്കകമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. നിരവധി പേരാണ് ഇതിനു താഴെ പ്രതികരിച്ചിരിക്കുന്നത്. നേരത്തെ, ഉച്ചകോടിക്കു മുന്നോടിയായി ഇരുവരും എടുത്ത സെൽഫിയും വൈറലായിരുന്നു. ഇരുവരും ഉഭയകക്ഷി ചർച്ച നടത്തി. തുടർച്ചയായി മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റ മോദിയെ, മെലോനി അഭിനന്ദിച്ചതായി പി.എം.ഒ അറിയിച്ചു. പ്രതിരോധ, സുരക്ഷ സഹകരണം വർധിപ്പിക്കുന്നത് ലക്ഷ്യമിട്ടായിരുന്നു കൂടിക്കാഴ്ച.
കൂടാതെ, വിവിധ രാഷ്ട്ര നേതാക്കളുമായും മോദി കൂടിക്കാഴ്ച നടത്തി. യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഉൾപ്പെടെയുള്ളവരുമായാണ് ഉഭയകക്ഷി ചർച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.