അഭയാർഥികളെ പാർപിക്കാൻ അൽബേനിയയിൽ കേന്ദ്രങ്ങളുമായി ഇറ്റലി; രാജ്യം ഒരുക്കുന്ന ഗ്വാണ്ടനാമോയെന്ന് പ്രതിപക്ഷം
text_fieldsറോം: മെഡിറ്ററേനിയൻ കടന്നെത്തുന്ന അഭയാർഥികളെ പാർപ്പിക്കാൻ അയൽരാജ്യമായ അൽബേനിയയിൽ കേന്ദ്രങ്ങൾ നിർമിക്കാൻ പദ്ധതികൾ പ്രഖ്യാപിച്ച് ഇറ്റലിയിലെ തീവ്രവലതുപക്ഷ സർക്കാർ. ഇതുസംബന്ധിച്ച് അയൽരാജ്യങ്ങൾ തമ്മിൽ കരാറിൽ ഒപ്പുവെച്ചതായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി പറഞ്ഞു. 3000 അഭയാർഥികളെ പാർപ്പിക്കാനാകുന്ന കേന്ദ്രങ്ങളാണ് നിർമിക്കുക. മെഡിറ്ററേനിയൻ കടലിൽ ഇറ്റാലിയൻ കപ്പലുകൾ രക്ഷപ്പെടുത്തുന്ന അഭയാർഥികളെയാകും ഇവിടങ്ങളിൽ പാർപ്പിക്കുക.
അതേസമയം, പുതിയ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ കടുത്ത എതിർപ്പുമായി രംഗത്തെത്തി. രാജ്യാന്തര മാനദണ്ഡങ്ങൾ പാലിക്കാതെ യൂറോപ്യൻ യൂനിയന് പുറത്ത് ഇറ്റാലിയൻ ഗ്വാണ്ടനാമോ ആണ് അൽബേനിയയിൽ ഒരുക്കാൻ പോകുന്നതെന്ന് ഇടതുകക്ഷിയായ യൂറോപ് പാർട്ടി അധ്യക്ഷൻ റിക്കാർഡോ മാഗി കുറ്റപ്പെടുത്തി.
എന്നാൽ, കടലിൽനിന്ന് രക്ഷപ്പെടുത്തിയവരെ മാത്രമാകും ഇവിടങ്ങളിൽ പാർപ്പിക്കുകയെന്നും അഭയാർഥിത്വത്തിന് അപേക്ഷ നൽകിയവരെ ആകില്ലെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ഒരു വർഷം 39,000ത്തോളം പേർ എത്തുന്നതിൽ 3,000 പേരെയാണ് മാറ്റുകയെന്നും അവർ വിശദീകരിക്കുന്നു. അതേസമയം, ഭൂമിശാസ്ത്രപരമായി ഇറ്റലി അനുഭവിക്കുന്ന പ്രതിസന്ധിയിൽ അയൽക്കാരെന്ന നിലക്ക് സഹായം നൽകുക മാത്രമാണിതെന്ന് അൽബേനിയൻ പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.