''കാനഡയിലെത്താനായിരുന്നു അവർ കയറിപ്പറ്റിയത്''- കണ്ണീർചിത്രമായി യു.എസ് വിമാനത്തിൽനിന്ന് വീണ് ജീവൻ പൊലിഞ്ഞ അഫ്ഗാൻ സഹോദരങ്ങൾ
text_fieldsകാബൂൾ: മിനിറ്റുകൾക്കിടെ ഇരച്ചുകയറിയ അഫ്ഗാനികളെയുമായി ഇറങ്ങിയ അതേ വേഗത്തിൽ കാബൂൾ വിമാനത്താവളത്തിൽനിന്ന് പറന്നുപൊങ്ങിയ യു.എസ് സൈനിക വിമാനത്തിനു പുറത്ത് അള്ളിപ്പിടിച്ച രണ്ടു പേരുടെ വീഴ്ചയും മരണവും ലോകം കാമറ ചിത്രങ്ങളായി കണ്ടതാണ്. അതിലേറെ വലിയ ദുരന്തങ്ങൾക്ക് നഗരം സാക്ഷിയാകുന്നതിനിടെയും കണ്ണീരുണങ്ങാത്ത വേദനയായി ആ രണ്ടു പേർ.
സഹോദരങ്ങളായിരുന്നു അവർ. ഇളയവൻ റിസക്ക് 16ഉം ജ്യേഷ്ഠൻ കബീറിന് 17ഉം വയസ്സായിരുന്നു. നഗരം കീഴടക്കിയ താലിബാനിൽനിന്ന് രക്ഷതേടി ഓടിയെത്തിയത് വിമാനത്താവളത്തിൽ. കാത്തിരിക്കുന്നതിനിടെ അമേരിക്കൻ സൈനിക വിമാനം വന്നിറങ്ങിയതും രണ്ടുപേരും ചാടിക്കയറി. അകത്തുസീറ്റില്ലാത്തതിനാൽ കയറിപ്പറ്റാനായത് വിമാനത്തിന് പുറത്ത്. അതിവേഗം പറന്നുയർന്ന വിമാനം കുത്തനെ മുകളിലേക്ക് കയറുന്നതിനിടെ ഇവർ താഴേക്കു പതിച്ചിരുന്നു. കാമറയിൽ പതിഞ്ഞ ചിത്രങ്ങളിൽ ലോകത്തിന്‍റെ കണ്ണുടക്കി. വിഡിയോ വളരെപ്പെട്ടെന്ന് വൈറലായി. നാട്ടുകാർ ഓടിയെത്തി മൃതദേഹങ്ങൾ പെറുക്കിയെടുത്തു. ഛിന്നഭിന്നമായി പോയ ഇവയിൽനിന്ന് റിസയുടെത് കുടുംബം തിരിച്ചറിഞ്ഞു. കബീറിന്‍റെ മൃതദേഹം ഇനിയും ലഭിച്ചിട്ടില്ല. മൊത്തം മൂന്നു പേരാണ് ഇതേ വിമാനത്തിൽനിന്ന് താഴേക്കു പതിച്ചത്.
അയൽക്കാർ പറഞ്ഞുകേട്ട അഭ്യൂഹമാണ് ഇരുവരെയും അതിവേഗം വിമാനത്തിലെത്തിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 20,000 പേരെ കാനഡയിലേക്കും യു.എസിലേക്കും കൊണ്ടുപോകുന്നുവെന്നായിരുന്നു അഭ്യൂഹം. ഇതോടെ ഭാഗ്യം തേടി ചാടിയിറങ്ങുകയായിരുന്നു. വിധി പക്ഷേ, അവർക്കു കാത്തുവെച്ചത് മറ്റൊന്ന്.
റിസയുടെ മൃതദേഹം ലഭിച്ചുവെങ്കിലും കാലുകളും കൈകളും അറ്റുപോയിരുന്നു. കബീർ എവിടെയെന്ന് അറിയാനായിട്ടില്ല. ജീവനോടെ രക്ഷപ്പെട്ടോ അതല്ല, ദൂരെയെവിടെയെങ്കിലും വീണോ എന്ന് കുടുംബത്തിനറിയില്ല. ആശുപത്രികൾ പലതു കയറിയിറങ്ങിയെങ്കിലും ഫലം കണ്ടിട്ടില്ല. വീട്ടിൽനിന്ന് ആരോടും പറയാതെ തിരിച്ചറിയൽ കാർഡും പിടിച്ച് ഇറങ്ങിയതായിരുന്നു ഇരുവരുമെന്ന് കുടുംബത്തിലെ ഒരാൾ പറഞ്ഞു.
താലിബാൻ കാബൂൾ പിടിച്ചതിനു പിന്നാലെയാണ് രാജ്യം വിടാൻ നാട്ടുകാരും വിദേശികളും ഒരേ ആവേശത്തിൽ വിമാനത്താവളത്തിൽ അടിച്ചുകയറിയത്. അന്നേ ദിവസം പുറപ്പെട്ട വിമാനത്തിന്‍റെ ലാന്‍റിങ് ഗിയറിൽ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു. ദോഹയിൽ വിമാനമിറങ്ങിയ ശേഷം നടത്തിയ പരിശോധനയിലായിരുന്നു ഇവ വീണ്ടെടുത്തത്. റിസയും കബീറും സഞ്ചരിച്ച അതേ വിമാനത്തിന്‍റെ ലാന്‍റിഗ് ഗിയറിലായിരുന്നോ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.