‘മോദിയോട് വലിയ ബഹുമാനമുണ്ട്, പക്ഷേ എന്തിന് ഇന്ത്യക്ക് 21 മില്യൻ ഡോളർ നൽകണം?’; ധനസഹായം നിർത്തിയത് ന്യായീകരിച്ച് ട്രംപ്
text_fieldsഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ കൂടുതൽ ആളുകളെ എത്തിക്കാനായി നൽകിവന്നിരുന്ന ധനസഹായം നിർത്തിയ ഇലോൺ മസ്കിന്‍റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പിന്‍റെ നടപടിയെ പിന്തുണച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. ഇന്ത്യ ഉയർന്ന തോതിൽ താരിഫ് ഈടാക്കുന്നതിനാൽ കൈനിറയെ പണമുണ്ടാകുമെന്നും സാമ്പത്തിക സഹായം ആവശ്യമില്ലെന്നുമാണ് ട്രംപിന്റെ വാദം. കഴിഞ്ഞ ദിവസമാണ് ഇന്ത്യക്കുള്ള ധനസഹായം റദ്ദാക്കുന്നതായി പ്രഖ്യാപിച്ചത്.
“നമ്മൾ എന്തിനാണ് ഇന്ത്യക്ക് 21 ദശലക്ഷം ഡോളർ നൽകുന്നത്? അവരുടെ കൈയിൽ ഒരുപാട് പണമുണ്ട്. ഏറ്റവുമുയർന്ന നികുതി ഈടാക്കുന്ന രാജ്യങ്ങളിലൊന്നാണത്. ഉയർന്ന താരിഫ് ആയതിനാൽ നമുക്ക് അവിടെ ബിസിനസ് ആരംഭിക്കാൻ തന്നെ ബുദ്ധിമുട്ടാണ്. ഇന്ത്യയോടും അവരുടെ പ്രധാനമന്ത്രിയോടും എനിക്ക് വലിയ ബഹുമാനമുണ്ട്. എന്നാൽ തെരഞ്ഞെടുപ്പിൽ കൂടുതൽ പങ്കാളിത്തമുണ്ടാകാൻ 21 മില്യൻ ഡോളർ നൽകേണ്ടതുണ്ടോ?” -എക്സിക്യുട്ടീവ് ഉത്തരവിൽ ഒപ്പിടുന്നതിനിടെ ട്രംപ് ചോദിച്ചു.
ട്രംപിന്റെ പ്രസ്താവന വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. യു.എസ് ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ ആളെ കൂട്ടാൻ തെരഞ്ഞെടുപ്പ് കമീഷന് 21 മില്യൻ ഡോളർ നൽകിയെന്നാണ് ആരോപണം. ഈ വെളിപ്പെടുത്തൽ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം ആവശ്യമാണെന്ന് ബി.ജെ.പിയും കോൺഗ്രസും ആവശ്യപ്പെട്ടു.
മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എസ്.വൈ ഖുറൈശി ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്തെത്തി. തെരഞ്ഞെടുപ്പ് കമീഷന് യു.എസ്.എ.ഐ.ഡിയുമായി ബന്ധമുണ്ടെങ്കിലും അതിൽ സാമ്പത്തിക സഹായം ഉൾപ്പെട്ടിട്ടില്ലെന്ന് ഖുറൈശി പറഞ്ഞു. അതേസമയം, കോൺഗ്രസ് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ വിദേശ ഇടപെടലിനെ അപലപിച്ചു. യു.എസ്.എ.ഐ.ഡിയുടെ അവകാശവാദങ്ങൾ അന്വേഷിക്കാനും തിരിമറി കണ്ടെത്തിയാൽ നടപടി സ്വീകരിക്കാനും മോദി സർക്കാരിനോട് നേതാക്കൾ ആവശ്യപ്പെട്ടു.
ഇന്ത്യക്ക് പുറമെ ബംഗ്ലാദേശ്, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ വിവിധ പദ്ധതികൾക്കായി യു.എസ് നൽകുന്ന രാജ്യാന്തര സഹായത്തിൽ വ്യാപകമായ വെട്ടിക്കുറക്കലുകൾ നടക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യക്കുള്ള സഹായവും നിർത്തലാക്കുന്നതെന്നാണ് മസ്‌ക് അറിയിച്ചത്. ചെലവു കുറച്ചില്ലെങ്കിൽ അമേരിക്ക പാപ്പരാകുമെന്ന് മസ്ക് ആവർത്തിച്ച് പറയുന്നുണ്ട്. ഇതിനുപിന്നാലെയാണ് പുതിയ നീക്കം. എന്നാൽ കാര്യക്ഷമതാ വകുപ്പിന്‍റെ വിശാലമായ അധികാരപരിധിയും മസ്‌കിന് ഭരണകൂടത്തിലുള്ള സ്വാധീനവും വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.