ജബലിയ...അഭയകേന്ദ്രം ചോരച്ചാലാക്കി ഇസ്രായേൽ ഭീകരത
text_fieldsഗസ്സ: അഭയമറ്റവരുടെ നഗരമായ ഗസ്സയിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പിലേക്ക് ഇസ്രായേൽ പൈശാചികത തൊടുത്തുവിട്ട ആറു വൻ മിസൈലുകൾ ചാരമാക്കിയത് ആലംബമില്ലാതലഞ്ഞ അനേകം ജീവനുകൾ. ഇന്ധനം പൂർണമായി തീർന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ പ്രവർത്തനം നിർത്തുമെന്ന് മുന്നറിയിപ്പ് നിലനിൽക്കുന്ന ക്യാമ്പിലെ ഇന്തോനേഷ്യൻ ആശുപത്രിക്ക് തൊട്ടരികെയുള്ള കെട്ടിടങ്ങളാണ് കൽക്കൂമ്പാരമായത്.
പുതിയ മുന്നറിയിപ്പുകൾ ഇല്ലാത്തതിനാൽ കുടുംബങ്ങൾ വീടുകളിൽ കഴിയും നേരത്തായിരുന്നു ഒരു ടൺ വീതം ഭാരമുള്ള ആറു മിസൈലുകൾ പ്രദേശത്ത് ഒരേ സമയത്ത് പതിച്ചതെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മരിച്ചവരിലേറെയും കുട്ടികളും സ്ത്രീകളുമാണ്. ഉറ്റവർക്കായി വെറുംകൈയുമായി നാട്ടുകാരുടെ തിരച്ചിൽ കരളലയിക്കുന്ന കാഴ്ചയായി.
തുരുത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പാണ് വടക്കൻ ഗസ്സയിലെ ജബലിയയിലേത്. അരലക്ഷം പേർ തിങ്ങിത്താമസിക്കുന്ന ക്യാമ്പിനു നേരെ ഇസ്രായേൽ സേന മുമ്പും ആക്രമണം നടത്തിയിട്ടുണ്ട്. ഒരാഴ്ചമുമ്പ് നടന്ന ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഇത്തവണ പക്ഷേ, മാരക പ്രഹരശേഷിയുള്ള ഉഗ്ര ബോംബുകൾ ഒരേ സമയം വർഷിച്ച് ഒരു പ്രദേശം ഒന്നാകെ ചാരമാക്കിയായിരുന്നു ഇസ്രായേൽ ക്രൂരത.
‘‘ഈ കെട്ടിടങ്ങളിൽ താമസിച്ചുവന്നത് നൂറുകണക്കിന് പേരാണ്. ആറ് യു.എസ് നിർമിത ബോംബുകൾ ഉപയോഗിച്ച് അധിനിവേശ ശക്തികൾ ഈ പ്രദേശം ഒന്നാകെ ചാരമാക്കി. ഗസ്സ മുനമ്പിൽ ഇസ്രായേൽ അതിക്രമത്തിലെ ഏറ്റവും അവസാനത്തെ കൂട്ടക്കുരുതിയാണിത്’’ -ഗസ്സ ആഭ്യന്തര മന്ത്രാലയം വക്താവ് ഇയാദ് അൽബസൂം പറയുന്നു.
നിരവധി കെട്ടിടങ്ങൾ തകർന്നുവീണപ്പോൾ ഇരുവശത്തും കൂറ്റൻ ഗർത്തങ്ങൾ പ്രത്യക്ഷപ്പെട്ടു. ഇതിനിടയിൽനിന്നാണ് മരിച്ചവരെയും പരിക്കേറ്റവരെയും നാട്ടുകാർ പുറത്തെടുത്തത്. ജീവനോടെയും ജീവനറ്റും അടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി കൂട്ടായ തെരച്ചിൽ തുടരുകയാണ്. വലിയ കെട്ടിടങ്ങൾ അപ്പാടെ നിലംപൊത്തിയതിനാൽ ജീവനോടെ രക്ഷപ്പെടുത്താമെന്ന പ്രതീക്ഷ കുറവാണ്. അവയവങ്ങൾ ചിതറിക്കിടക്കുന്നതുൾപ്പെടെ ചുറ്റും ഭീതിദമായ കാഴ്ചകളാണെന്ന് അൽബസൂം കൂട്ടിച്ചേർത്തു.
ഗസ്സയിൽ സമാനമായി 300ലേറെ കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച ഇസ്രായേലീ ആക്രമണം നടന്നത്. ഇന്തോനേഷ്യ ആശുപത്രിക്ക് പുറമെ യു.എൻ നടത്തുന്ന മൂന്ന് സ്കൂളുകളും ജബലിയ ക്യാമ്പിൽ പ്രവർത്തിക്കുന്നുണ്ട്. അഭയാർഥി പ്രവാഹം കണക്കിലെടുത്ത് സ്കൂളുകൾ ക്യാമ്പുകളായി മാറ്റിയിട്ടുണ്ട്. ഇവ കൂടി ആക്രമിക്കുമെന്നാണ് ഇസ്രായേലിന്റെ ഭീഷണി.
വടക്കും തെക്കും വേർപെടുത്താൻ കരയാക്രമണം
ഗസ്സ സിറ്റി: വടക്കൻ ഗസ്സയെ തെക്കൻ ഗസ്സയിൽനിന്ന് വേർപെടുത്തുകയെന്ന ലക്ഷ്യത്തിൽ നീങ്ങുകയാണ് ഇസ്രായേലെന്ന ആരോപണത്തിനിടെ, വെടിനിർത്തൽ ആവശ്യം തിങ്കളാഴ്ചയും തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. ‘ഇത് യുദ്ധത്തിന്റെ സമയമാണെ’ന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.
വടക്കൻ മേഖലയാണ് ലക്ഷ്യമിടുന്നതെന്ന് ഇസ്രായേൽ പറയുന്നുണ്ടെങ്കിലും ഒരിടവും ഒഴിയാതെയാണ് ആക്രമണം നടത്തുന്നത്. തിങ്കളാഴ്ച രാത്രി ഖാൻ യൂനുസിലായിരുന്നു ഇടതടവില്ലാതെ ബോംബിങ് നടന്നിരുന്നതെങ്കിൽ ഇന്നലെ ഗസ്സ സിറ്റി മേഖലകളിലായിരുന്നു ആക്രമണം.
വടക്കൻ ഗസ്സയെ തെക്കൻ ഗസ്സയിൽനിന്ന് വേർപെടുത്താനാണ് ഇസ്രായേൽ ശ്രമിക്കുന്നതെന്ന് ഗസ്സ ആഭ്യന്തര മന്ത്രാലയ വക്താവ്. സലാഹുദ്ദീൻ തെരുവിലാണ് ഇസ്രായേൽ സേന ഇപ്പോഴുള്ളതെന്നും അൽ റഷീദ് തെരുവിലേക്ക് നീങ്ങാനാണ് ശ്രമമെന്നും വക്താവ് ഇയാദ് അൽ ബാസും പറഞ്ഞു.
• ഗസ്സ പൊതുജനാരോഗ്യ ദുരന്തത്തിന്റെ വക്കിലാണെന്ന അതിഗുരുതര മുന്നറിയിപ്പ് പുറത്തിറക്കി ലോകാരോഗ്യ സംഘടന. കുടിവെള്ളക്ഷാമം, ശുചീകരണ സംവിധാനത്തിന്റെ തകർച്ച, ആൾക്കൂട്ടം തുടങ്ങിയവ കാരണം ഏതു നിമിഷവും ഇതു സംഭവിക്കാമെന്ന് സംഘടന മുന്നറിയിപ്പ് നൽകുന്നു.
• ഗസ്സയിൽ ഇതുവരെ 940 കുട്ടികളെ കാണാതായെന്നും കുഞ്ഞുങ്ങളുടെ ശ്മശാനമായി ഗസ്സ മാറിയെന്നും യൂനിസെഫ്. 3500 കുട്ടികളെങ്കിലും ഇതുവരെയായി കൊല്ലപ്പെട്ടിട്ടുണ്ട്.
• ഗസ്സ സിറ്റിയിലെ തങ്ങളുടെ സാംസ്കാരിക കേന്ദ്രത്തിനു നേരെ കഴിഞ്ഞ ദിവസം ഇസ്രായേൽ സേന നടത്തിയ ബോംബിങ്ങിനെ ജറൂസലമിലെ ഓർത്തഡോക്സ് ചർച്ച് പാട്രിയാർക്കേറ്റ് അപലപിച്ചു. ‘‘പൗരസ്ഥാപനങ്ങളും സേവനകേന്ദ്രങ്ങളും സാധാരണക്കാർ അഭയംതേടിയ സ്ഥലങ്ങളും തകർക്കുന്ന ഇസ്രായേൽ നടപടിയെ അപലപിക്കുകയാണ്’’ - ഓർത്തഡോക്സ് ചർച്ച് പ്രസ്താവനയിൽ പറഞ്ഞു.
• ഇസ്രായേൽ ദേശീയ വിമാനക്കമ്പനിയായ ‘എൽ അൽ’, തെൽഅവീവിൽനിന്ന് ബാങ്കോക്കിലേക്കുള്ള സഞ്ചാരത്തിന്, ഇറാനിൽനിന്ന് കൂടുതൽ അകലം പാലിക്കാൻ ഒരു മണിക്കൂർ കൂടുതലുള്ള റൂട്ട് തിരഞ്ഞെടുത്തു.
• ഇറാഖിലെ ഐനുൽ അസദിലെ തങ്ങളുടെ വ്യോമതാവളത്തിനുനേരെ വന്ന സായുധ ഡ്രോൺ തകർത്തതായി യു.എസ്.
• അധിനിവിഷ്ട ഫലസ്തീൻ പട്ടണമായ നാബ്ലുസിനടുത്ത് 14 കാരനായ ഫലസ്തീനി ഇസ്രായേൽ സേനയുടെ വെടിയേറ്റു മരിച്ചു.
• ഇസ്രായേൽ മനഃപൂർവം ആശുപത്രികളും മെഡിക്കൽ സെന്ററുകളും ലക്ഷ്യമിടുന്നുവെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം ആരോപിച്ചു.
• വെസ്റ്റ്ബാങ്കിലെ അവസ്ഥ സ്ഫോടനാത്മകമാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുതിർന്ന ഹമാസ് നേതാവിന്റെ വീട് കഴിഞ്ഞ ദിവസം തകർത്തു.
• ലബനാൻ അതിർത്തിയിൽ ഇസ്രായേൽ-ലബനാൻ വെടിവെപ്പുണ്ടായി.
• അധിനിവിഷ്ട വെസ്റ്റ്ബാങ്ക് നഗരങ്ങളിലെ അനധികൃത ഇസ്രായേലി കുടിയേറ്റക്കാർ ഫലസ്തീനികൾക്കെതിരെ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ആസ്ട്രേലിയ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.