മന്ത്രിമാരായി സ്ത്രീകൾ, ആദിവാസികൾ, വിദേശവംശജർ, ലൈംഗിക ന്യൂനപക്ഷങ്ങൾ; മന്ത്രിസഭയിലും വൈവിധ്യം നിറച്ച് ജസീന്ത
text_fieldsഓക്ലൻഡ്: മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ ജസീന്ത ആർഡേൻ നേതൃത്വം നൽകുന്ന ന്യൂസിലൻഡ് മന്ത്രിസഭയിൽ ഇടം നേടിയതായിരുന്നു കഴിഞ്ഞ ദിവസം കേരളം ആഘോഷിച്ച വാർത്ത. എന്നാൽ റെക്കോഡ് ഭൂരിപക്ഷത്തിൽ ന്യൂസിലൻഡിൽ അധികാരം നിലനിർത്തിയ ജസീന്തയുടെ കാബിനറ്റ് വൈവിധ്യങ്ങളുടെ പേരിലും കൈയ്യടി നേടുകയാണ്.
സ്ത്രീകൾ, ആദിവാസികൾ, വിദേശവംശജർ, ലൈംഗിക ന്യൂനപക്ഷങ്ങൾ എന്നിവർക്ക് അർഹിക്കുന്ന പ്രാധാന്യം നൽകിയാണ് ജസീന്ത മന്ത്രിസഭ രൂപീകരിച്ചത്. 20അംഗ മന്ത്രിസഭയിൽ എട്ട് പേർ സ്ത്രീകളാണ്. എൽ.ജി.ബി.ടി വിഭാഗത്തിൽ നിന്ന് മൂന്ന് പേരും മാവോരി ഗോത്രവിഭാഗത്തിൽ നിന്ന് അഞ്ച് പേരും മന്ത്രിമാരായി.
പുതിയ മന്ത്രിസഭയിലെ ഉപപ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട മുൻ ധനമന്ത്രി ഗ്രാൻഡ് റോബര്ട്സൺ സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച വ്യക്തിയാണ്. സാമ്പത്തിക മന്ത്രാലയവും ഇദ്ദേഹത്തിന് തന്നെയാണെന്ന് അൽജസീറ റിപോർട്ട് ചെയ്തു. ഇതാദ്യമായാണ് സ്വവര്‍ഗാനുരാഗിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചയാള്‍ ഉപപ്രധാനമന്ത്രി പദവിയിലെത്തുന്നത്.
മാവോറി ആദിവാസി വിഭാഗത്തിൽപ്പെട്ട നനയ്യ മഹൂത്തയെയാണ് ജസീന്ത വിദേശകാര്യ മന്ത്രാലയത്തിെൻറ ചുമതല ഏൽപിച്ചിരിക്കുന്നത്. മുഖത്ത് മാവോറി വിഭാഗക്കാരുടെ 'മോകോ കൗവ' അടയാളം പച്ചകുത്തിയ നനയ്യ മഹൂത്തയും ജസീന്തയും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സാമൂഹികം, യുവജനക്ഷേമം, സന്നദ്ധ മേഖല എന്നിവയുടെ ചുമതലയാണ് തെൻറ അടുത്ത സുഹൃത്ത്കൂടിയായ പ്രിയങ്ക രാധാകൃഷ്ണന് ജസീന്ത നൽകിയത്.
'കഴിവും അര്‍ഹതയും ചേര്‍ന്ന മന്ത്രിസഭയാണിത്. കൂടാതെ വളരെയധികം വൈവിധ്യമാര്‍ന്നതുമാണ്' - മന്ത്രിസഭയെ അവതരിപ്പിച്ച് 40കാരിയായ ജസീന്ത തിങ്കളാഴ്ച പറഞ്ഞു. 48.9 ശതമാനം വോട്ടുകൾ നേടിയാണ് ജസീന്തയുടെ ലേബർ പാർട്ടി ന്യൂസിലൻഡിൽ വീണ്ടും അധികാരം പിടിച്ചത്.
1996ൽ നിലവിലെ രാഷ്ട്രീയ സംവിധാനം നിലവിൽ വന്ന ശേഷം പാർട്ടി നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഗ്രീൻസ് പാർട്ടിയുടെ രണ്ട് അംഗങ്ങളെ ജസീന്ത മന്ത്രിമാരാക്കിയിട്ടുണ്ട്. 120 അംഗ പാർലമെൻറിൽ ലേബർ പാർട്ടി 64 സീറ്റുകൾ നേടി ഒറ്റക്ക് ഭൂരിപക്ഷം നേടിയിരുന്നു. കൺസർവേറ്റിവ് നാഷനൽ പാർട്ടിക്ക് 27 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്.
49കാരനായ ഗ്രാൻഡ് റോബർട്സണായിരുന്നു തെരഞ്ഞെടുപ്പിൽ ജസീന്തയുടെ പ്രചാരണത്തിന് ചുക്കാൻപിടിച്ചത്. നേതൃഗുണങ്ങളാണ് പരിഗണിച്ചതെന്നും വ്യക്തിത്വമല്ലെന്നുമാണ് ജസീന്ത വ്യക്തമാക്കിയിരുന്നത്.
എറണാകുളം പറവൂര്‍ സ്വദേശിയായ പ്രിയങ്ക രണ്ടാം തവണയാണ് ന്യൂസീലൻഡ് പാര്‍ലമെൻറിലെത്തുന്നത്. പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍- ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്. കോവിഡ് മഹാമാരിയെ പിടിച്ചു കെട്ടിയ ഭരണമികവാണ് ജസീന്ത സർക്കാറിന് തുടർ ഭരണം സാധ്യമാക്കിയത്. വെള്ളിയാഴ്ചയാണ് പുതിയ സര്‍ക്കാര്‍ സ്ഥാനമേൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.