സർക്കാർ പിന്നാലെ; ചൈനയിൽ ഏറ്റവും വലിയ സമ്പന്നനെന്ന പദവി കൈവിട്ട് ജാക് മാ
text_fields
ബെയ്ജിങ്: സർക്കാർ വിരുദ്ധ നിലപാടുകളുടെ പേരിൽ ഭരണകൂടത്തിന്‍റെ കണ്ണിലെ കരടായി മാറിയ ആലിബാബ, ആന്‍റ് ഗ്രൂപ് സ്ഥാപനങ്ങളുടെ മേധാവി ജാക് മാക്ക് ചൈനയിൽ ഏറ്റവും വലിയ സമ്പന്നനെന്ന പദവി നഷ്ടമായി. 2020ലും 2019ലും ഒന്നാം സ്ഥാനത്ത് വെല്ലുവിളികളില്ലാതെ തുടർന്ന മാ ഏറ്റവും പുതിയ റിപ്പോർട്ടിൽ നാലാംസ്ഥാനത്തേക്കു വീണു.
കുടിവെള്ള കമ്പനി നോങ്ഫു സ്പ്രിങ് ഉടമ ഷോങ് ഷാൻഷാൻ, ടെൻസെന്‍റ് ഹോൾഡിങ്ങിന്‍റെ പോണി മാ, ഇ- കൊമേഴ്സ് രംഗത്തെ പുതിയ സാന്നിധ്യമായ പിൻഡുവോഡോയുടെ മുതലാളി കോളിൻ ഹുവാങ് എന്നിവരാണ് ആദ്യ മൂന്നു പദവികളിലുള്ളവർ.
ജാക് മായുടെ ആന്‍റ് ഗ്രൂപിനും ആലിബാബക്കും മേൽ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ചുമത്തിയതോടെ ഇരു കമ്പനികളുടെയും വിപണി നിയന്ത്രണം താഴോട്ടാണ്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ജാക് മാ നടത്തിയ പ്രസംഗത്തോടെയാണ് അതിസമ്പന്നനും തന്‍റെ കമ്പനികൾക്കും ശനിദശ തുടങ്ങിയത്. രാജ്യത്ത് ഭരണകൂടം നയിക്കുന്ന നിയന്ത്രണ സംവിധാനത്തിനെതിരെ അന്ന് അദ്ദേഹമ ആഞ്ഞടിച്ചിരുന്നു. 3700 കോടി ഡോളർ വിപണി മൂല്യമുള്ള ആന്‍റ് ഗ്രൂപ് പ്രഖ്യാപിച്ച ഐ.പി.ഒക്ക് വിലക്കേർപ്പെടുത്തിയായിരുന്നു ആദ്യ പ്രതികാരം. ആലിബാബക്കെതിരെ ഡിസംബറിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ആന്‍റ് ഗ്രൂപിന്‍റെ ചില വ്യവസായങ്ങൾ നിർത്തലാക്കാൻ സർക്കാർ നിർദേശം നൽകുകയും ചെയ്തു.
നടപടികൾ ഒന്നിനുപിറകെ ഒന്നായി അതിവേഗത്തിൽ വന്നുതുടങ്ങിയതോടെ പൊതുരംഗത്തുനിന്ന് പൂർണമായി ജാക് മാ വിട്ടുനിന്നത് അറസ്റ്റ് അഭ്യൂഹങ്ങളും ശക്തമാക്കി. ജനുവരിയിൽ 50 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പുറത്തുവിട്ടായിരുന്നു തിരിച്ചുവരവ്.
അതിനിടെ, നോങ്ഫു സ്പ്രിങ് കമ്പനിയുടെ ഓഹരികൾക്ക് വില കുത്തനെ ഉയർന്നതാണ്്്്്്്്്്്്്്്്് ഷോങ്ങിനെ ഒന്നാം നമ്പർ സമ്പന്നനാക്കിയത്. അദ്ദേഹത്തിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള വാക്സിൻ കമ്പനി ബെയ്ജിങ് വാൻറ്റയ് ബയോളജിക്കൽ എന്‍റർപ്രൈസിനും ഓഹരി മൂല്യം ഉയർന്നിട്ടുണ്ട്.
പബ്ജി ഉൾപെടെ മൊബൈൽ ഗെയിമുകളും ടെക്നോളജി മികവുമായി ആഗോള വിപണിയിൽ ശക്തമായ സാന്നിധ്യമായ ടെൻസെൻറിന് കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം കൂടിയത് 70 ശതമാനം സമ്പത്താണ്. പിൻഡുവോഡോക്ക് മൂന്നിരട്ടിയോളമാണ് വർധന. ജാക് മാക്ക് പക്ഷേ, ഇത് 22 ശതമാനം മാത്രം. ടിക് ടോക് ഉടമ ബൈറ്റ് ഡാൻസ് സ്ഥാപകൻ ഷാങ് യിമിങ് അഞ്ചാം സ്ഥാനത്തേക്കുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.