മസ്ഊദ് അസ്ഹർ നിങ്ങൾക്കൊപ്പമാണുള്ളത്, ഞങ്ങൾക്കൊപ്പമല്ല -പാകിസ്താന് മറുപടിയുമായി താലിബാൻ
text_fieldsകാബൂൾ: നിരോധിത ഭീകരസംഘടനയായ ജയ്ശെ മുഹമ്മദ് തലവൻ മൗലാന മസ്ഊദ് അസ്ഹർ അഫ്ഗാനിസ്താനിലുണ്ടെന്ന പാക് വാദം തള്ളി താലിബാൻ. മസ്ഊദ് അസ്ഹർ ഉറപ്പായും പാകിസ്താനിൽ തന്നെയുണ്ടെന്നാണ് അഫ്ഗാനിലെ പ്രാദേശിക മാധ്യമമായ ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തത്.
മസ്ഊദ് അസ്ഹറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പാകിസ്താൻ അഫ്ഗാൻ അധികൃതർക്ക് കത്തെഴുതിയതായി പാക് വാർത്ത ചാനലായ ബോൽ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു.
അഫ്ഗാനിലെ നംഗാർഹർ, കാന്തഹാർ എന്നീ പ്രദേശങ്ങളിൽ എവിടെയെങ്കിലും അസ്ഹർ ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നു. ഇതിനു മറുപടിയായാണ് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് രംഗത്തുവന്നത്. ''ജയ്ശെ മുഹമ്മദ് അഫ്ഗാനിസ്താനിലല്ല, അത് പാക് സംഘടനയാണ്. എന്തായാലും മസ്ഊദ് അസ്ഹർ അഫ്ഗാനിലൊരിടത്തുമില്ല. ഇനി മേലിൽ ഇങ്ങനെയൊരു കാര്യത്തെ കുറിച്ച് ഞങ്ങളോട് ആവശ്യപ്പെടുകയും വേണ്ട. വാർത്തകളിൽ നിന്നാണ് ഇങ്ങനെയൊരു വിവരം ഞങ്ങളറിഞ്ഞത്''-എന്നാണ് താലിബാൻ വക്താവിനെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തത്.
അടിസ്ഥാനമില്ലാത്ത ഇത്തരം ആരോപണങ്ങൾ ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തെ ബാധിക്കുമെന്നും താലിബാൻ വക്താവ് അറിയിച്ചു.
യു.എൻ ഭീകരസംഘടനകളായി മുദ്രകുത്തിയവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് പാരീസ് ആസ്ഥാനമായുള്ള ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സ്(എഫ്.എ.ടി.എഫ്) പാകിസ്താനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ഇത്തരമൊരു റിപ്പോർട്ട് പ്രത്യക്ഷപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.