ഷാങ്ഹായി സഹകരണ കൂട്ടായ്മ ഉച്ചകോടി: വിദേശമന്ത്രി എസ്. ജയശങ്കർ പാകിസ്താനിൽ
text_fieldsഇസ്ലാമാബാദ്: ഷാങ്ഹായി സഹകരണ കൂട്ടായ്മ (എസ്.സി.ഒ) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാകിസ്താനിലെത്തി. ഒമ്പത് വർഷത്തിനിടെ പാകിസ്താൻ സന്ദർശിക്കുന്ന ആദ്യ വിദേശകാര്യമന്ത്രിയാണ് ജയശങ്കർ.
പ്രാദേശിക സമയം ചൊവ്വാഴ്ച വൈകുന്നേരം 3.30ഓടെയാണ് നൂർ ഖാൻ എയർബേസിൽ ജയശങ്കറിന്റെ വിമാനമിറങ്ങിയത്. മുതിർന്ന പാക് പ്രതിനിധികൾ അദ്ദേഹത്തെ സ്വീകരിച്ചു. ബുധനാഴ്ച നടക്കുന്ന എസ്.സി.ഒ ഭരണത്തലവന്മാരുടെ കൗൺസിൽ യോഗത്തിൽ ഇന്ത്യൻ സംഘത്തെ ജയശങ്കർ നയിക്കും. വർഷത്തിലൊരിക്കൽ നടക്കുന്ന രണ്ട് ദിവസത്തെ എസ്.സി.ഒ ഉച്ചകോടി ചൊവ്വാഴ്ചയാണ് തുടങ്ങിയത്.
2015 ഡിസംബർ എട്ട്, ഒമ്പത് തീയതികളിൽ അഫ്ഗാൻ വിഷയത്തിൽ നടന്ന ‘ഏഷ്യയുടെ ഹൃദയം’ സമ്മേളനത്തിൽ പങ്കെടുത്ത സുഷമ സ്വരാജാണ് അവസാനം പാകിസ്താൻ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി. അന്ന് വിദേശകാര്യ സെക്രട്ടറിയായിരുന്ന ജയശങ്കറും സുഷമയുടെ സംഘത്തിലുണ്ടായിരുന്നു. അന്നത്തെ പാക് വിദേശകാര്യ മന്ത്രി സർതാജ് അസീസുമായി സുഷമ കൂടിക്കാഴ്ചയും നടത്തി. കൂടിക്കാഴ്ചക്കൊടുവിൽ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ സമഗ്ര ഉഭയകക്ഷി സംഭാഷണം തുടങ്ങുന്നതിനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.
രണ്ടാഴ്ചക്കുശേഷം, കാബൂളിൽനിന്ന് മടങ്ങവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ലാഹോറിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ കുടുംബവീട് സന്ദർശിച്ച മോദി സമാധാനത്തിലേക്കുള്ള പാത തുറക്കുന്നതിന് സംഭാഷണവും നടത്തി. എന്നാൽ, പാകിസ്താനിൽനിന്നുള്ള ഭീകരർ ഇന്ത്യയിൽ നടത്തിയ ആക്രമണങ്ങളെതുടർന്ന് ബന്ധം വഷളാവുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.