ജയ്ശങ്കർ-ബ്ലിങ്കൺ കൂടിക്കാഴ്ച; ഇന്ത്യ-കാനഡ പ്രശ്നം ചർച്ചയായി
text_fieldsവാഷിങ്ടൺ: വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണും യു.എസിൽ കൂടിക്കാഴ്ച നടത്തി. ജയ്ശങ്കറിന്റെ അഞ്ചു ദിവസത്തെ യു.എസ് സന്ദർശനത്തിനിടെയാണ് കൂടിക്കാഴ്ച.
ഇന്ത്യ -കാനഡ നയതന്ത്രപ്രതിസന്ധി കൂടിക്കാഴ്ചയിൽ ചർച്ചയായി. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് അമേരിക്കയെ ബോധ്യപ്പെടുത്തിയെന്ന് എസ്. ജയ്ശങ്കർ പിന്നീട് പ്രതികരിച്ചു. കാനഡയുടെ അന്വേഷണവുമായി സഹകരിക്കണമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആവശ്യപ്പെട്ടതായി പശ്ചാത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യു.എസിൽ വീണ്ടുമെത്താനായതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇവിടെയെത്തുമെന്നും എസ്. ജയ്ശങ്കർ പറഞ്ഞു. ജി20 സമ്മേളനത്തിന് അമേരിക്ക നൽകിയ പിന്തുണക്ക് നന്ദിയുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുറേ ആഴ്ചകളായി ഇന്ത്യയുമായി നല്ല ആശയവിനിമയം നടത്താൻ സാധിച്ചിട്ടുണ്ടെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു. ജി20 ഉച്ചകോടിക്കിടയിലും യു.എൻ ജനറൽ അസംബ്ലിയിലും ചർച്ച നടത്താൻ സാധിച്ചു. ചർച്ച മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കാനഡ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ഇരുവരും പ്രതികരിച്ചില്ല. നേരത്തെ യു.എൻ ജനറൽ അസംബ്ലിക്കിടെ ഇരുവരും കൂടിക്കാഴ്ച നടത്തിയപ്പോൾ കാനഡ വിഷയം ചർച്ചയായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.