ശൈഖ് ഹസീന ഒന്നും സംസാരിക്കാവുന്ന നിലയിലല്ലെന്ന് ജയ്ശങ്കർ
text_fieldsന്യൂഡൽഹി: രാജ്യംവിട്ട് ഇന്ത്യയിലെത്തി ഗാസിയാബാദിലെ ഇന്ത്യൻ വ്യോമസേനയുടെ ഹിൻഡൻ വ്യോമതാളവത്തിലെ ഗെസ്റ്റ് ഹൗസിൽ കഴിയുന്ന ശൈഖ് ഹസീന എന്തെങ്കിലും സംസാരിക്കാവുന്ന നിലയിലല്ലെന്ന് കേന്ദ്ര വിദേശ മന്ത്രി എസ്. ജയ്ശങ്കർ സർവകക്ഷി യോഗത്തെ അറിയിച്ചു. ഹസീന എന്താണ് പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ചോദിച്ചപ്പോഴാണ് ജയ്ശങ്കർ ഈ മറുപടി നൽകിയതെന്ന് യോഗത്തിൽ പങ്കെടുത്ത പ്രതിപക്ഷ കക്ഷി നേതാവ് പറഞ്ഞു. ഇതടക്കം പല ചോദ്യങ്ങളും രാഹുൽ സർവകക്ഷി യോഗത്തിലുന്നയിച്ചുവെന്നും നേതാവ് വ്യക്തമാക്കി.
ഹസീനക്കൊപ്പം എത്രപേർ ഇന്ത്യയിലെത്തിയെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ഹസീനക്കും സഹോദരിക്കുമൊപ്പം ഏറ്റവുമടുത്ത ബന്ധുക്കളുമുണ്ട് എന്ന് പ്രതികരിച്ച വിദേശ മന്ത്രി ആകെ എത്ര പേരുണ്ടെന്ന് വെളിപ്പെടുത്തിയില്ല. ബംഗ്ലാദേശിലെ ഹസീന വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ ഏതെങ്കിലും വിദേശ ശക്തികളുടെ കൈകളുണ്ടോ എന്ന ചോദ്യത്തിന് ഈവശം പരിശോധിക്കുകയാണെന്ന് മന്ത്രി മറുപടി നൽകി. ഇത്തരമൊരു നാടകീയമായ പരിണതി ഇന്ത്യ പ്രതീക്ഷിച്ചിരുന്നോ എന്ന ചോദ്യത്തിന് സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരുകയായിരുന്നുവെന്ന് ജയ്ശങ്കർ പറഞ്ഞു.
ബംഗ്ലാദേശ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിനുള്ള ഹ്രസ്വകാല, ദീർഘകാല തന്ത്രങ്ങൾ എന്താണെന്ന് രാഹുൽ ചോദിച്ചപ്പോൾ അടുത്ത ചുവടുവെപ്പിനായി സ്ഥിതിഗതികൾ സൂക്ഷ്മമായി അവലോകനം ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ബംഗ്ലാദേശിലെ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും അവരെ ഇപ്പോൾ അടിയന്തരമായി ഒഴിപ്പിക്കേണ്ട സാഹചര്യമില്ലെന്നും നിരവധി വിദ്യാർഥികൾ ഇതിനകം മടങ്ങിയിട്ടുണ്ടെന്നും ജയ്ശങ്കർ യോഗത്തെ അറിയിച്ചു. ബംഗ്ലാദേശ് വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായി കൂടിയാലോചന നടത്തണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്റേൻ യോഗത്തിൽ ആവശ്യപ്പെട്ടു. അതേസമയം, തങ്ങളെ യോഗത്തിന് വിളിച്ചില്ലെന്ന് ആം ആദ്മി പാർട്ടി പരാതിപ്പെട്ടു.
ബംഗ്ലാദേശ്അതിർത്തിയിൽ ജാഗ്രത
ന്യൂഡൽഹി: ബംഗ്ലാദേശിൽ പ്രക്ഷോഭം മൂർച്ഛിച്ചതിന് പിന്നാലെ, അതിർത്തിയിൽ ജാഗ്രത കടുപ്പിച്ച് ഇന്ത്യ. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ബംഗാളിലെ നാലിടങ്ങളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. അതിർത്തി രക്ഷാസേന ആക്ടിങ് ഡയറക്ടർ ജനറൽ ദൽജിത് സിങ് ചൗധരി ചൊവ്വാഴ്ച പശ്ചിമ ബംഗാളിലെ അതിർത്തി മേഖലയിൽ സന്ദർശനം നടത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. തിങ്കളാഴ്ച കൊൽക്കത്തയിലെത്തിയ അദ്ദേഹം മറ്റ് ഉന്നതോദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിർത്തി കടന്നുള്ള യാത്രയും ചരക്കുനീക്കവും നിലച്ചതിന് പിന്നാലെയാണ് രാജ്യം അതിർത്തിയിൽ ജാഗ്രത ശക്തമാക്കുന്നത്. സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി അതിർത്തിയിലുള്ള നോർത്ത് 24 പർഗാനാസിലെ പെട്രാപോളിലും കൂച്ച് ബെഹാറിലെ ചംഗ്രബന്ധയിലും ദക്ഷിണ ദിനാജ്പൂരിലെ ഹിലിയിലും സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. വടക്ക് നേപ്പാളിനും തെക്ക് ബംഗ്ലാദേശിനുമിടയിലായി സ്ഥിതിചെയ്യുന്ന രാജ്യത്തിന്റെ ഇടുങ്ങിയ പ്രദേശമായ സിലിഗുരി ഇടനാഴിക്കു സമീപം ജൽപായ്ഗുരിയിലെ ഫുൽബാരിയിലും സൈനികർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പശ്ചിമബംഗാൾ, ത്രിപുര, മേഘാലയ, അസം, മിസോറം എന്നീ സംസ്ഥാനങ്ങളിലായി 4096 കിലോമീറ്റർ അതിർത്തിയാണ് ഇരു രാജ്യങ്ങൾക്കും ഇടയിലുള്ളത്. ഇതിൽ 2217 കിലോമീറ്റർ പശ്ചിമബംഗാളിലാണ്. പ്രക്ഷോഭം രൂക്ഷമായതോടെ ബംഗ്ലാദേശുമായുള്ള വ്യാപാരബന്ധം തിങ്കളാഴ്ച ഉച്ചയോടെ ഇന്ത്യ മരവിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.