പ്രപഞ്ച രഹസ്യം തേടി ജയിംസ് വെബ് ടെലിസ്കോപ്പ് യാത്ര തിരിച്ചു; വിക്ഷേപണം വിജയകരം
text_fieldsഫ്രഞ്ച് ഗയാന: ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലിസ്കോപ്പായ ജയിംസ് വെബ് ടെലിസ്കോപിന്‍റെ വിക്ഷേപണം വിജയകരം. ഫ്രഞ്ച് ഗയാനയിൽനിന്ന് ഇന്ത്യൻ സമയം ശനിയാഴ്ച വൈകീട്ട് 5.50ഓടെയാണ് ഏരിയൻ-അഞ്ച് റോക്കറ്റ് ഭീമൻ ടെലിസ്കോപ്പുമായി കുതിച്ചുയർന്നത്. പറന്നുയർന്ന് 27 മിനുട്ടിന് ശേഷം പേടകം വിക്ഷേപണ വാഹനത്തിൽനിന്ന് വേർപ്പെട്ടു.
പ്രപഞ്ചത്തിൻറെ ശൈശവദശയും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ആദ്യകാലഘട്ടവും സംബന്ധിച്ച പഠനമാണ് പ്രധാന ലക്ഷ്യം. ലോകത്ത് ഇന്നേവരെ നിർമിച്ചതിൽ ഏറ്റവും വലിപ്പമേറിയ ജയിംസ് വെബ് ടെലസ്കോപ്പിന്‍റെ കാലാവധി പത്ത് വർഷമാണ്. 31 വർഷം ലോകത്തിന് പ്രപഞ്ചരഹസ്യങ്ങൾ സമ്മാനിച്ച് വിടപറഞ്ഞ ഹബിൾ സ്പേസ് ടെലസ്കോപിന്‍റെ പിൻഗാമിയായാണ് ബഹിരാകാശത്തേക്ക് പറന്നുയർന്നത്.
നാസയും യൂറോപ്യൻ സ്പേസ് ഏജൻസിയും കനേഡിയൻ സ്പേസ് ഏജൻസിയും സംയുക്തമായി നിർമിച്ച ടെലിസ്കോപിന് പത്ത് ബില്യൺ അമേരിക്കൻ ഡോളറാണ് ആകെ ചെലവ്. ഹബിളിനെക്കാൾ നൂറിരട്ടി നിരീക്ഷണ ശേഷിയുണ്ട്. മൂന്ന് തവണ സഞ്ചാരപാത മാറ്റിയ ശേഷമാണ് ടെലിസ്കോപ് ലക്ഷ്യസ്ഥാനത്തെത്തുക. ഭൂമിയിൽനിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്‍റെ നാലിരട്ടി അഥവാ 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ-രണ്ട് ഭ്രമണപഥത്തിലാണ് ടെലിസ്കോപ്പ് സ്ഥിതി ചെയ്യുക. ഇവിടെയെത്താം ഒരുമാസത്തോളം സമയമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.