ഒറ്റക്കാണോ? ഏകാന്തതക്ക് കൂട്ടായി മന്ത്രിയെ വെച്ച് ജപ്പാൻ
text_fields
ടോകിയോ: പെരുവഴിയിലായ മനുഷ്യർക്ക് അത്താണിയാകാൻ ഓരോ രാജ്യത്തെയും സർക്കാറുകൾ പദ്ധതി പലതു പ്രഖ്യാപിക്കുന്നത് നാം കേൾക്കുന്നത് പതിവാണ്. പക്ഷേ, ഏകാന്തത മൂലം മനസ്സു തകർന്നുപോയവർ പെരുകുന്ന ജപ്പാനിൽ പുതിയതായി മന്ത്രിയെ പ്രഖ്യാപിച്ചതാണ് ഏറ്റവും പുതിയ വാർത്ത. ഷിൻസോ ആബെയുടെ പിൻഗാമിയായി എത്തിയ പ്രധാനമന്ത്രി യോഷിഹിദെ സുഗയാണ് തെൻറ മന്ത്രിസഭയിൽ ഏകാന്തർക്കും മന്ത്രിയെ പ്രഖ്യാപിച്ചത്. ചരിത്രത്തിലാദ്യമായി ബ്രിട്ടൻ 2018ൽ ഇങ്ങനെ ഒരു മന്ത്രി പദവി പ്രഖ്യാപിച്ചിരുന്നു. ഇത് മാതൃകയാക്കിയാണ് ടെറ്റ്സുഷി സകാമോട്ടോക്ക് ചുമതല നൽകിയത്.
ഏകാന്തത മൂലം മനംമരവിച്ച് ആത്മഹത്യ ചെയ്യുന്നവരുടെ നിരക്ക് ജപ്പാനിൽ അതിദ്രുതം കൂടുകയാണ്. ജനന നിരക്കും രാജ്യത്ത് ഞെട്ടിപ്പിക്കുന്ന നിരക്കിലാണ് കുറയുന്നത്. ഇതുരണ്ടും പരിഹരിക്കുന്ന ചുമതലയാണ് സകാമോട്ടോക്ക് നൽകിയിരിക്കുന്നത്. കോവിഡ് മഹാമാരി കാലത്ത് ഏകാന്തത മൂലം ആത്മഹത്യ തെരഞ്ഞെടുക്കുന്ന വനിതകളുടെ എണ്ണം കുത്തനെ കൂടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
സാമൂഹിക ജീവിതത്തെ അസ്വസ്ഥമാക്കുന്ന ഏകാന്തത പരിഹരിക്കാനും ജനത്തിനിടയിലെ ബന്ധം രൂഢമാക്കാനും ഇതുവഴിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സകാമോട്ടോ പറഞ്ഞു.
മന്ത്രിക്കു കീഴിൽ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക ഓഫീസും ജപ്പാൻ സർക്കാർ തുടങ്ങിയിട്ടുണ്ട്. ആത്മഹത്യ, കുട്ടികൾക്കിടയിലെ പട്ടിണി എന്നിവയും മന്ത്രിയുടെ പരിഗണനയിൽ വരും.
426,000 കോവിഡ് കേസുകളിൽ 7,577 പേരാണ് ഇതുവരെ രാജ്യത്ത് മരണം വരിച്ചതെന്ന് ജോൺ ഹോപ്കിൻസ് യൂനിവേഴ്സിറ്റി റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.