150 കി.മീ വേഗതയിൽ ഓടുന്ന ട്രെയിനിന്‍റെ കോക്പിറ്റിൽനിന്ന് ഇറങ്ങിപ്പോയി ഡ്രൈവർ; എന്തിനെന്നറിഞ്ഞ് ഞെട്ടി അധികൃതർ
text_fieldsടോക്യോ: ജപ്പാൻകാരുടെ സമയനിഷ്ഠയും കൃത്യതയും ലോകമാകെ പ്രശസ്തമാണല്ലോ. ജപ്പാനിലെ അതിവേഗ ട്രെയിനുകളടക്കം ഗതാഗത സംവിധാനങ്ങൾ ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടെ സമയം തെറ്റിക്കാതെ സർവീസ് നടത്തുന്നത് നമ്മൾ പലവുരു കേട്ടതാണ്. എന്നാൽ, കഴിഞ്ഞ ദിവസം ജപ്പാനിലെ ഒരു ബുള്ളറ്റ് ട്രെയിൻ ഒരു മിനിറ്റ് വൈകിയെത്തി. ഇതറിഞ്ഞ അധികൃതർ എന്താണ് സംഭവിച്ചതെന്ന് അറിയാൻ അന്വേഷണം പ്രഖ്യാപിക്കുകയും കാരണം കണ്ടെത്തുകയും ചെയ്തു. വൈകിയെത്തിയ ബുള്ളറ്റ് ട്രെയിനിന്‍റെറ ഡ്രൈവർ ചെയ്തത് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് അധികൃതർ.
160 യാത്രക്കാരുമായി മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വരികയായിരുന്ന ട്രെയിനിൻെറ കോക്പിറ്റിൽനിന്നും ഡ്രൈവർ ഇറങ്ങിപ്പോകുകയായിരുന്നു. ശുചിമുറിയിലേക്കാണ് ഡ്രൈവർ ഓടിയത്. അടിവയറ്റിൽ പെട്ടെന്ന് വേദന അനുഭവപ്പെട്ടെന്നും ടോയ്‌ലറ്റിലേക്ക് ഓടുകയായിരുന്നെന്നും 36കാരൻ സമ്മതിച്ചിട്ടുണ്ട്.
ഹികരി 633 എന്ന അതിവേഗ ട്രെയിനിെൻറ നിയന്ത്രണം വേണ്ടത്ര പരിശീലനമോ ലൈസൻസോ ഇല്ലാത്ത കണ്ടക്ടർക്ക് കൈമാറിയാണ് ഡ്രൈവർ കോക്പിറ്റ് വിട്ടത്. ഈ ബുള്ളറ്റ് ട്രെയിൻ കമ്പ്യൂട്ടർ നിയന്ത്രിതമാണെങ്കിലും, ഷെഡ്യൂൾ അനുസരിച്ച് ഓടുന്നുണ്ടെന്ന് ഉറപ്പാക്കാനും ബ്രേക്ക് ചെയ്യാനും വേഗത്തിലാക്കാനും ഡ്രൈവർ ആവശ്യമാണ്.
പ്രോട്ടോക്കോൾ അനുസരിച്ച്, ഡ്രൈവർ കമാൻഡ് സെൻററുമായി ബന്ധപ്പെട്ട് ട്രെയിൻ നിയന്ത്രിക്കാൻ യോഗ്യതയുള്ള കണ്ടക്ടർക്ക് കൈമാറുകയാണ് ചെയ്യേണ്ടത്. ഇതിനായി ട്രെയിൻ അടുത്ത സ്റ്റേഷനിൽ കുറച്ച് മിനിറ്റ് നിർത്തുകയും വേണം. എന്നാൽ, ഇക്കാര്യത്തിനായി ട്രെയിൻ നിർത്തി സമയം വൈകുമെന്നത് ഇഷ്ടമല്ലാത്തതിനാൽ ഡ്രൈവർ ഇതിന് മെനക്കെട്ടില്ലത്രെ.
സംഭവം റെയിൽവേ കമ്പനിയുടെ ശ്രദ്ധയിൽപെടുകയും അവർ അധികൃതരെ വിവരമറിയിക്കുകയുമായിരുന്നു. മൂന്ന് മിനിറ്റ് നേരം കണ്ടക്ടറെ ഏൽപിച്ച് കോക്പിറ്റ് വിട്ട ഡ്രൈവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.