ഷിൻസൊ ആബെയുടെ ഹൃദയം തുളച്ചുകയറി ബുള്ളറ്റ്; അക്രമിയെ ചോദ്യം ചെയ്യുന്നു
text_fieldsബുള്ളറ്റ് ഹൃദയത്തിൽ തുളച്ചുകയറിയതിനെ തുടർന്നാണ് ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെയുടെ മരണം സംഭവിച്ചതെന്ന് ഡോക്ടർമാർ. ഹൃദയത്തിൽ വലിയ തുള വീണിരുന്നുവെന്ന് ഒരു ഡോക്ടർ പറഞ്ഞു. മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ നാരയിൽ വെടിയേറ്റു മരിച്ചതായി പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയാണ് രാവിലെ മാധ്യമപ്രവർത്തകരെ അറിയിച്ചത്. "ഇത് തികച്ചും പൊറുക്കാനാവാത്തതാണ്. ഈ നടപടിയെ ഞാൻ ശക്തമായി അപലപിക്കുന്നു" -അദ്ദേഹം പറഞ്ഞു.
ഇന്ന് രാവിലെ ജപ്പാൻ സമയം 11.30 ഓടെയാണ് ആബെക്ക് വെടിയേറ്റത്. നാര മേഖലയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ പിറകിൽ നിന്നാണ് അക്രമി വെടിവെച്ചത്. ആബെയുടെ മൂന്ന് മീറ്റർ അകലെ നിന്നായിരുന്നു ആക്രമണം. 41കാരനായ തെട്സുയ യമഗമി എന്നയാളാണ് വെടിവെച്ചത്. ഇയാൾ പൊലീസ് പിടിയിലാണ്. ആബെയുടെ കാര്യത്തിൽ താൻ അസംതൃപ്തനായിരുന്നുവെന്നും അതുകൊണ്ടാണ് കൊന്നതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. മുൻ സൈനികനാണ് പ്രതിയെന്നും സൂചനകളുണ്ട്. പൊലീസ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയിട്ടുണ്ട്.
ഹൃദയമിടിപ്പും ശ്വസനവും നിലച്ച അവസ്ഥയിലാണ് ആബെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജപ്പാൻ പാർലമെന്റ് അപ്പർ ഹൗസിലേക്ക് ഞായറാഴ്ച നടക്കുന്ന തെരഞ്ഞടുപ്പിന് മുന്നോടിയായാണ് പ്രചാരണ പരിപാടികൾ നടന്നത്. അതിനിടെ വെടിയൊച്ച കേൾക്കുകയായിരുന്നെന്ന് ജപ്പാൻ നാഷനൽ ബ്രോഡ്കാസ്റ്റർ എൻ.എച്ച്.കെയും ദ ക്യോഡോ ന്യൂസ് ഏജൻസിയും റിപ്പോർട്ട് ചെയ്തു. രണ്ടുതവണ വെടിയൊച്ച കേട്ടെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഉടനെ 67കാരനായ ആബെ നിലത്ത് വീഴുകയും കഴുത്തിൽ നിന്ന് രക്തം ചീറ്റുകയും ചെയ്തു. ആബെയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. സംഭവം നടന്നയുടൻ ഭരണ കക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതാക്കളും പ്രധാനമന്ത്രി ഫുമിയോ കിഷിദയും അടക്കമുള്ളവർ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി ആശുപത്രിയിൽ എത്തിയിരുന്നു.
ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായിരുന്ന ആളാണ് ഷിൻസൊ ആബെ. 2006ൽ ഒരു വർഷത്തേക്കും പിന്നീട് 2012 മുതൽ 2020 വരെയും പ്രധാനമന്ത്രി പദത്തിലിരുന്നു. പിന്നീട് ആരോഗ്യ പ്രശ്നങ്ങൾ മൂലം മാറി നിൽക്കുകയായിരുന്നു. 2021 ൽ ഇന്ത്യ ആബെക്ക് പദ്മ വിഭൂഷൺ നൽകി ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.