ഇടവേളക്ക് ശേഷം വീണ്ടും വധശിക്ഷ നടപ്പിലാക്കി ജപ്പാൻ
text_fieldsടോക്കിയോ: രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം വധശിക്ഷ വീണ്ടും നടപ്പിലാക്കി ജപ്പാൻ. മൂന്ന് തടവുകാരെ തൂക്കിലേറ്റിയതെന്നാണ് നീതിന്യായ മന്ത്രാലയത്തിൽ നിന്നും ലഭിച്ച വിവരപ്രകാരം കൊയ്ഡോ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തത്.
ഒക്ടോബറിൽ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ അധികാരമേറ്റതിന് പിന്നാലെ നടന്ന ആദ്യത്തെ വധശിക്ഷയാണിത്. അതേസമയം, വധശിക്ഷ നടപ്പാക്കിയെന്ന വാർത്ത ഡെപ്യൂട്ടി ചീഫ് കാബിനറ്റ് സെക്രട്ടറി സീജി കിഹാര നിഷേധിച്ചു. വധശിക്ഷ നടപ്പാക്കണോ വേണ്ടയോ എന്നത് ജപ്പാനിലെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ അടിത്തറയെ ബാധിക്കുന്ന പ്രധാന പ്രശ്നമാണെന്ന് സീജി കിഹാര വ്യക്തമാക്കി.
2019 ഡിസംബറിലാണ് ജപ്പാനിൽ അവസാനമായി വധശിക്ഷ നടപ്പാക്കിയത്. 2003ൽ ഫുകുവോക്കയിൽ നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചൈനീസ് പൗരനെയാണ് അന്ന് തൂക്കിലേറ്റിയത്. വധശിക്ഷക്കെതിരെ രാജ്യാന്തര സമൂഹത്തിന്‍റെ എതിർപ്പ് ഉയരുന്ന സാഹചര്യത്തിനിടെയാണ് ജപ്പാനിൽ തടവുകാരെ തൂക്കിലേറ്റിയെന്ന വാർത്ത പുറത്തുവരുന്നത്.
ജപ്പാനിൽ 100ലധികം തടവുകാരാണ് വധശിക്ഷ കാത്തിരിക്കുന്നത്. 2018ൽ മൂന്നു പേരെയും 2019ൽ 15 പേരെയും തൂക്കിലേറ്റിയിരുന്നു. ഇതിൽ 13 പേർ 1995ൽ ടോക്കിയോ സബ്‌വേയിൽ മാരകമായ സരിൻ വാതക ആക്രമണം നടത്തിയ കേസിലെ പ്രതികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.