ഷിൻസോ ആബെക്ക് ജപ്പാൻ വിടനൽകി, ആദരാഞ്ജലിയർപ്പിച്ച് മോദി
text_fieldsടോക്യോ: തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ വെടിയേറ്റ് മരിച്ച ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേക്ക് അപൂർവമായ സംസ്കാര ചടങ്ങുകളോടെ രാജ്യം വിടപറഞ്ഞു. ഔദ്യോഗിക സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ടോക്യോയില്‍ ചൊവ്വാഴ്ച നടന്ന ചടങ്ങിലാണ് ആസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജപ്പാൻ കിരീടാവകാശി അക്കിഷിനോ, യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് എന്നിവർക്കൊപ്പം പ്രധാനമന്ത്രിയും പങ്കുചേര്‍ന്നത്.
ടോക്യോയിലെ നിപ്പോൺ ബുഡോകാൻ ഹാളിൽ നടന്ന പരിപാടിയിൽ 20ലധികം രാഷ്ട്രത്തലവന്മാർ ഉൾപ്പെടെ 4000ലധികം പങ്കെടുത്തു. ആയിരക്കണക്കിന് പ്രതിഷേധക്കാർ തെരുവിലിറങ്ങിയതോടെ ഇരുപതിനായിരത്തിലധികം പൊലീസ് ഉദ്യോഗസ്ഥരും ആയിരത്തിലധികം സൈനികരും ഹാളിന് ചുറ്റും നിലയുറപ്പിച്ചിരുന്നു.
ഔദ്യോഗിക സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി രാവിലെ മോദി ജപ്പാന് പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യ-ജപ്പാൻ ആഗോള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും ഇന്തോ പസഫിക് മേഖലയിലും വിവിധ അന്താരാഷ്ട്ര തലങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കാനുമുള്ള പ്രതിബദ്ധത ഇരുനേതാക്കളും പുതുക്കി. ചടങ്ങിനുശേഷം ഷിൻസോ ആബെയുടെ വിധവയായ അക്കി ആബെയെ കണ്ട് മോദി അനുശോചനം അറിയിച്ചു. അകീ ആബെയുമായി അകാസക കൊട്ടാരത്തിലായിരുന്നു മോദി
യുടെ സ്വകാര്യ കൂടിക്കാഴ്ച.ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഷിന്‍സോ ആബേ നടത്തിയ ഇടപെടലുകളെ മോദി കിഷിദയുമായുള്ള കൂടിക്കാഴ്ചയിൽ സ്മരിച്ചു.
ചക്രവർത്തിക്കല്ലാതെ രാഷ്ട്രീയ നേതാക്കളുടെ മൃതസംസ്കാരം ഔദ്യോഗികമായി നടത്തുന്ന രീതി ജപ്പാനില്ല. ജൂലൈ എട്ടിന് പ്രചാരണ പ്രസംഗം നടത്തുന്നതിനിടെയാണ് 67 കാരനായ ആബെ വെടിയേറ്റ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.