തായ്‌വാൻ കടലിടുക്കിലൂടെ ആദ്യമായി സഞ്ചരിച്ച് ജപ്പാൻ യുദ്ധക്കപ്പൽ
text_fieldsടോക്കിയോ: തായ്‌വാനും ചൈനയും ഇടയിൽ അധികാരത്തർക്കം നിലനിൽക്കുന്ന തായ്‌വാൻ കടലിടുക്കിലൂടെ ഒരു ജപ്പാൻ യുദ്ധക്കപ്പൽ ആദ്യമായി സഞ്ചരിച്ചതായി ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജെ.എസ് സസാനാമി എന്ന നേവൽ ഡിസ്ട്രോയർ ബുധനാഴ്ച വടക്കുനിന്ന് തെക്കോട്ട് ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകളുടെ അകമ്പടിയോടെ കടലിടുക്കിലൂടെ കടന്നുപോയി. ദക്ഷിണ ചൈനാ കടലിലെ സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ പോവുകയായിരുന്നു കപ്പലെന്ന് ജപ്പാൻ മന്ത്രിമാരെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ പറയുന്നു.
സ്വയം ഭരണമുള്ള തായ്‌വാനും ചൈനയും നടത്തുന്ന അവകാശത്തർക്കത്തിനിടെ ചൈനയെ അസ്വസ്ഥരാക്കാതിരിക്കാൻ ഈ കടലിടുക്കിലൂടെ കപ്പലുകൾ കടത്തിവിടുന്നത് ജപ്പാൻ ഒഴിവാക്കിയിരുന്നു. എന്നാൽ, ഇപ്പോഴത്തേത് ജപ്പാന്റെ സുപ്രധാന നീക്കമായാണ് മേഖലയിലെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ജപ്പാനോ തായ്‌വാനോ ചൈനയോ ഈ സംഭവത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ചൈനീസ് സൈന്യം കപ്പലിന്റെ യാത്രയിലുടനീളം ട്രാക്കിംഗും നിരീക്ഷണവും നടത്തി സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയതായി ചൈനീസ് ദേശീയ പത്രമായ ഗ്ലോബൽ ടൈംസ് പുറത്തുവിട്ടു.
180 കിലോമീറ്റർ തായ്‌വാൻ കടലിടുക്കിൽ തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതിന് യു.എസും അതിന്റെ സഖ്യകക്ഷികളും പട്രോളിംഗ് വർധിപ്പിച്ചിട്ടുണ്ട്. ആഗോള കണ്ടയ്നർ കപ്പലിന്റെ പകുതിയോളം കടന്നുപോകുന്ന ഒരു പ്രധാന ചരക്ക്- വ്യാപാര പാതയാണിതെന്നും ഇത് അന്താരാഷ്ട്ര ജലപാതയുടെ ഭാഗമാണെന്നും അതിനാൽ എല്ലാ നാവിക കപ്പലുകൾക്കുമായി തുറന്നിരിട്ടിക്കുന്നുവെന്നുമാണ് യു.എസും തായ്‌വാനും ഉയർത്തുന്ന വാദം. എന്നാൽ, കടലിടുക്കിന്മേൽ പരമാധികാരം അവകാശപ്പെടുന്ന ചൈന ഇതിനോട് വിയോജിക്കുന്നു.
പതിറ്റാണ്ടുകളായി ഈ കടലിടുക്കിലൂടെ പതിവായി കടന്നുപോവുന്ന ഒരേയൊരു വിദേശ നാവികസേന യു.എസിന്‍റേത് മാത്രമായിരുന്നു. എന്നാൽ, അടുത്തിടെ കനഡയും ആസ്‌ട്രേലിയയും ബ്രിട്ടനും ഫ്രാൻസും അതിലേക്ക് ചേർന്നു. രണ്ടാഴ്ച മുമ്പ് രണ്ടു പതിറ്റാണ്ടുകൾക്കുശേഷം ആദ്യമായി രണ്ട് ജർമൻ നാവിക കപ്പലുകൾ കൂടി ഈ കടലിടുക്കിലൂടെ യാത്ര ചെയ്തു. സെപ്തംബർ 13ന് കടലിടുക്ക് കടന്നെങ്കിലും ജർമനി സുരക്ഷാ അപകടങ്ങൾ വർധിപ്പിച്ചതായി ചൈനീസ് സൈന്യം ആരോപിച്ചു. എന്നാൽ, അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് തങ്ങൾ പ്രവർത്തിച്ചതെന്ന് ജർമനി പ്രതികരിച്ചു.
ജപ്പാനെ സംബന്ധിച്ചിടത്തോളം ചൈനയെ നേരിട്ട് വെല്ലുവിളിക്കരുത് എന്ന ദീർഘകാല നയത്തിൽനിന്ന് മാറിയുള്ള വലിയ ചുവടുവെപ്പ് കൂടിയാണിത്. അടുത്തിടെയായി ചൈനീസ് സൈന്യത്തിന്റെ ആവർത്തിച്ചുള്ള വ്യോമാതിർത്തി ലംഘനങ്ങൾ ജപ്പാനെ ശക്തമായ പ്രതിസന്ധിയിലാഴ്ത്തുന്നതായി ആസ്‌ട്രേലിയയിലെ ലാ ട്രോബ് യൂനിവേഴ്‌സിറ്റിയിലെ ഇന്‍റർനാഷനൽ റിലേഷൻസ് പ്രഫസറായ ബെക് സ്‌ട്രേറ്റിംഗ് പറഞ്ഞു. കഴിഞ്ഞയാഴ്ച തായ്‌വാനിനടുത്തുള്ള രണ്ട് ജാപ്പനീസ് ദ്വീപുകൾക്കിടയിലേക്ക് ചൈന ആദ്യമായി ഒരു വിമാനവാഹിനിക്കപ്പൽ അയക്കുകയുണ്ടായി. ആഗസ്റ്റിൽ ഒരു ചൈനീസ് ചാരവിമാനം ജപ്പാന്റെ വ്യോമാതിർത്തിക്കുള്ളിൽ പറന്നു. നുഴഞ്ഞുകയറ്റം തികച്ചും അസ്വീകാര്യവും പരമാധികാരത്തിന്റെ ഗുരുതരമായ ലംഘനവും ആണെന്ന് ജപ്പാൻ അതിനെ അപലപിച്ചു..
ദക്ഷിണ ചൈനാ കടലിൽ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനം ചെറുക്കുന്നതിന് സമുദ്ര സുരക്ഷയുമായി ബന്ധപ്പെട്ട സഹകരണം വിപുലീകരിക്കുമെന്ന് ‘ക്വാഡ്’ ഗ്രൂപ്പ് രാഷ്ട്രങ്ങളായ ജപ്പാൻ, ആസ്‌ട്രേലിയ, ഇന്ത്യ, യു.എസ് എന്നിവയുടെ നേതാക്കൾ കഴിഞ്ഞ ആഴ്ച പ്രസ്താവിച്ചിരുന്നു. അതിനു പിന്നാലെയാണ് ജപ്പാന്റെ പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.