അഞ്ചു വർഷത്തിനിടെ ഇന്ത്യയിൽ 3.2 ലക്ഷം കോടി നിക്ഷേപത്തിന് ജപ്പാൻ
text_fieldsന്യൂഡൽഹി: അടുത്ത അഞ്ചു വർഷത്തിനിടെ ഇന്ത്യയിൽ അഞ്ചു ട്രില്യൺ യെൻ (3,20,000 കോടി ) നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് ജപ്പാൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ നടത്തിയ ഉച്ചകോടിയിലാണ് വൻ നിക്ഷേപ പ്രഖ്യാപനം. സൈബർ സുരക്ഷ, വിവര കൈമാറ്റ- സഹകരണം തുടങ്ങിയ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളും ആറു കരാറുകളിൽ ഒപ്പുവെച്ചു.
ഇന്തോ- പസഫിക് മേഖലയുടെ സുസ്ഥിതിയും സമൃദ്ധിയും സമാധാനവും ഉറപ്പുവരുത്താൻ രണ്ടു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് ഇരു പ്രധാനമന്ത്രിമാരും സംയുക്ത വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയിൽ നിക്ഷേപം നടത്താൻ ഉദ്ദേശിക്കുന്ന ജപ്പാൻ കമ്പനികൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചു.
അധികാരമേറ്റ ശേഷം ആദ്യമായാണ് കിഷിദ ഇന്ത്യൻ സന്ദർശനത്തിനെത്തുന്നത്. നേരത്തെ ജപ്പാൻ വിദേശകാര്യ മന്ത്രിയായിരിക്കെ നാലു തവണ മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഉച്ചകോടിയിൽ ജപ്പാൻ പ്രധാനമന്ത്രിയാണ് വൻനിക്ഷേപ പദ്ധതി പ്രഖ്യാപനം നടത്തിയത്. നിലവിൽ ഇന്ത്യയുടെ നഗര അടിസ്ഥാനസൗകര്യ വികസനം, അതിവേഗ റെയിൽവേ പദ്ധതികളിൽ ജപ്പാൻ സഹകരിക്കുന്നുണ്ട്. ഉന്നത തല സംഘം കിഷിദയെ അനുഗമിക്കുന്നുണ്ട്.
യുക്രെയ്ൻ സംഘർഷവും ഉച്ചകോടി ചർച്ചചെയ്തു. മേഖലയിലെ സംഘർഷത്തിൽ ലോകം ആശങ്കയിലാണെന്ന് ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.