പ്രധാനമന്ത്രിയായി ചുമതലയേൽക്കും മുമ്പ് ജപ്പാനിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇഷിബ
text_fieldsടോക്യോ: ജപ്പാനിൽ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുമ്പ് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഷിഗേരു ഇഷിബ. ചൊവ്വാഴ്ച പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഒക്ടോബർ 27 ന് പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
മന്ത്രിസഭ രൂപവത്കരിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച ഉന്നത പാർട്ടി നേതൃനിരയെ പ്രഖ്യാപിച്ചപ്പോഴാണ് അദ്ദേഹം തെരഞ്ഞെടുപ്പ് തീയതി പരാമർശിച്ചത്. പ്രധാനമന്ത്രിയായി ചുമതലയേൽക്കാത്തതിനാൽ തീയതി പ്രഖ്യാപനം ഔദ്യോഗികമല്ലെന്നും അവശേഷിക്കുന്ന കുറഞ്ഞ സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് ഒരുക്കം നടത്താനുമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ പ്രധാനമന്ത്രി ഫുമിയോ കിഷിദ ഈ ആഴ്ച ചുമതല ഒഴിഞ്ഞശേഷമായിരിക്കും ഇഷിബ അധികാരമേൽക്കുക. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി (എൽ.ഡി.പി) അടുത്ത പ്രധാനമന്ത്രിയായി ഇഷിബയെ തെരഞ്ഞെടുത്തത്.
രണ്ടാം ലോക യുദ്ധശേഷം നിരവധി വർഷങ്ങളായി ജപ്പാൻ ഭരിക്കുന്ന എൽ.ഡി.പി അഴിമതി ആരോപണങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുന്നത്. മുൻ മന്ത്രിയും പ്രതിരോധ നയ വിദഗ്ധനുമായ ഇഷിബക്ക് പാർട്ടിയുടെ പ്രതിച്ഛായ വീണ്ടെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണങ്ങളുടെയും റഷ്യയും ചൈനയും വ്യോമാതിർത്തി ലംഘിച്ചതിന്റെയും പശ്ചാത്തലത്തിൽ ജപ്പാന്റെ സുരക്ഷ ശക്തമാക്കേണ്ടതുണ്ടെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.