ജെനിൻ ക്യാമ്പിലെ 80 ശതമാനത്തിലേറെ വീടുകൾ തകർത്തു; പിൻവാങ്ങിയെന്ന് ഇസ്രായേൽ
text_fieldsജറൂസലം: കഴിഞ്ഞ ജനുവരിയിൽ ഇസ്രായേൽ സൈനികന്റെ വെടിയേറ്റ് അംറ് ഖമൂർ എന്ന 14കാരൻ മരിക്കുമ്പോൾ അത് മാധ്യമങ്ങൾക്ക് പതിവു മരണങ്ങളിലൊന്നായിരുന്നു. എന്നാൽ, പൊന്നുമോനെ നഷ്ടമായ മാതാപിതാക്കൾ എല്ലാം കഴിഞ്ഞ് അവന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ കണ്ട വരികളിൽ എല്ലാമുണ്ടായിരുന്നു: ‘‘ ദൈവം സഹായിച്ച് ഞാൻ രക്തസാക്ഷിയായാൽ നിങ്ങൾ വേദനിക്കരുത്. അത് ഞാൻ കൊതിച്ചതാണ്’’. സൈനിക വാഹനത്തിനു നേരെ കല്ലെറിഞ്ഞെന്നു പറഞ്ഞായിരുന്നു അംറിനെ തുടർച്ചയായി രണ്ടു തവണ വെടിവെച്ച് ഇസ്രായേൽ സേന കൊലപ്പെടുത്തിയത്. ഇസ്രായേൽ ചെയ്തുകൂട്ടുന്ന ക്രൂരതകൾ അത്രമേൽ മുറിവേൽപിച്ചിട്ടുണ്ട്, ഫലസ്തീനികളെ. മുതിർന്നവർ മാത്രമല്ല, കുട്ടികൾ പോലും കല്ലെടുക്കാൻ നിർബന്ധിതമാക്കുന്ന സാഹചര്യം. എന്നാൽ, ലോകം എല്ലാം കണ്ടുനിൽക്കുമ്പോൾ ഓരോ ദിവസവും ക്രൂരതകൾ പുതിയ അതിരുകൾ ഭേദിക്കുകയാണ്.
ജെനിൻ ക്യാമ്പിൽ തീവ്രവാദം അവസാനിപ്പിക്കാനെന്നു പറഞ്ഞായിരുന്നു തിങ്കളാഴ്ച പതിറ്റാണ്ടുകൾക്കിടെ ഏറ്റവും ഭീകരമായ ആക്രമണം നടന്നത്. ആയിരത്തിലേറെ സൈന്യത്തെ വിന്യസിച്ചായിരുന്നു രണ്ടു ദിവസം നീണ്ട ക്രൂരമായ ആക്രമണം. ഫലസ്തീനികളുടെ വീടുകൾക്കകത്ത് കയറി നിലയുറപ്പിച്ച ഇസ്രായേൽ ഒളിപ്പോരാളികളും ടാങ്കുകളടക്കം എണ്ണമറ്റ സായുധവാഹനങ്ങളും ചേർന്ന് നിരായുധരായ അഭയാർഥികളെ നേരിട്ട് ലക്ഷ്യമിട്ടപ്പോൾ കൂട്ടു നൽകി മുകളിൽനിന്ന് യുദ്ധ ഹെലികോപ്ടറുകളും ഡ്രോണുകളും തീ വർഷിച്ചു. രണ്ടു ദിവസം കൊണ്ട് നിരവധി വീടുകൾ, റോഡുകൾ, വാഹനങ്ങൾ, അഭയാർഥികൾക്ക് അവശ്യ വസ്തുക്കൾ വിൽപന നടത്തിയ കടകൾ എല്ലാം തകർത്തുകളഞ്ഞു. 2002ൽ ക്യാമ്പിന്റെ പകുതിയും നശിപ്പിച്ച ശേഷം ഇത്രയും ക്രൂരമായ ആക്രമണം ആദ്യമായിരുന്നു.
ട്രാക്ടറുകൾ ഉപയോഗിച്ചാണ് ജനം ഉപയോഗിച്ചുവന്ന റോഡുകളുൾപ്പെടെ കിളച്ചിട്ടത്. ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. ഒരു ഇസ്രായേൽ സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്. ക്യാമ്പിലെ 80 ശതമാനത്തിലേറെ വീടുകൾ തകർത്തതായി ജെനിൻ ഡെപ്യൂട്ടി ഗവർണർ കമാൽ അബ്ദുറബ് പറഞ്ഞു. വൈദ്യുതിയും താറുമാറായ നിലയിലാണ്. മഹാക്രൂരതക്കൊടുവിൽ ബുധനാഴ്ച ഇസ്രായേൽ സൈന്യവും വാഹനങ്ങളും പിൻവാങ്ങിയതോടെ മരിച്ചവർക്ക് ജെനിൻ ക്യാമ്പിൽ ആയിരങ്ങളുടെ സാന്നിധ്യത്തിൽ വിലാപയാത്രയൊരുക്കി. ചടങ്ങുകളിൽ പങ്കെടുക്കാനായി എത്തിയ ഫലസ്തീൻ അതോറിറ്റി നേതാക്കളെ ജനം പുറത്താക്കിയതും ശ്രദ്ധേയമായി. പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം ഒന്നും ചെയ്യാതെ മാറിനിൽക്കുന്നത് ജനങ്ങളിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. അതിനിടെ, ജെനിൻ ക്യാമ്പിൽനിന്ന് പിൻമാറ്റം പൂർത്തിയാക്കിയ ഇസ്രായേൽ ഗസ്സക്കു മേൽ വ്യോമാക്രമണം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.