ജറുസലമിൽ ജനിച്ച യു.എസ് പൗരന്മാർക്ക് ജന്മസ്ഥലം 'ഇസ്രായേൽ' എന്ന് ഉൾപ്പെടുത്താം; പാസ്പോർട്ട് നയം മാറ്റി ട്രംപ് സർക്കാർ
text_fieldsവാഷിങ്ടൺ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വോട്ടർമാരെ സ്വാധീനിക്കാനുള്ള പുതിയ തന്ത്രവുമായി ഡോണൾഡ് ട്രംപ് സർക്കാർ. തർക്കത്തിലുള്ള ജറുസലമിൽ ജനിച്ച യു.എസ് പൗരന്മാർക്ക് അവരുടെ പാസ്‌പോർട്ടുകളിലും മറ്റ് രേഖകളിലും അവരുടെ ജന്മസ്ഥലം 'ജറുസലം' അല്ലെങ്കിൽ 'ഇസ്രായേൽ' എന്ന് ചേർക്കാമെന്നാണ് പുതിയ പ്രഖ്യാപനം. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് പാസ്പോർട്ട് നയത്തിൽ വരുത്തിയ മാറ്റം പ്രഖ്യാപിച്ചത്.
ജറുസലമിൽ ജനിച്ച യു.എസ് പൗരന്മാർക്ക് അമേരിക്കൻ പാസ്‌പോർട്ടുകളിൽ നഗരത്തെ അവരുടെ ജനന രാജ്യമായി ഉൾപ്പെടുത്താൻ മാത്രമേ നേരത്തെ അനുമതി നൽകിയിരുന്നുള്ളൂ. ജറുസലം സംബന്ധിച്ച ഇസ്രായേൽ -ഫലസ്തീൻ തർക്കത്തിൽ അന്തിമ തീരുമാനം പുറത്തു വരാത്ത സാഹചര്യത്തിലായിരുന്നു ഇത്.
എന്നാൽ, 2017ൽ ജറുസലമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി ട്രംപ് സർക്കാർ അംഗീകരിച്ചിരുന്നു. തുടർന്ന് തെൽഅവീവിലെ എംബസി ജറുസലമിലേക്ക് യു.എസ് മാറ്റുകയും ചെയ്തിരുന്നു. രാജ്യാന്തര പ്രതിഷേധം കണക്കിലെടുക്കാതെ പതിറ്റാണ്ടുകളായി പിന്തുടർന്ന യു.എസ് വിദേശ നയമാണ് അന്ന് ട്രംപ് സർക്കാർ മാറ്റിയത്. ഫലസ്തീൻ-ഇസ്രായേൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് യു.എസ് നിലപാടിൽ കാതലായ മാറ്റം വരുത്തിയത്.
നവംബർ മൂന്നിന് യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ട്രംപ് സർക്കാറിന്‍റെ പുതിയ രാഷ്ട്രീയ നീക്കം ചർച്ചയാകുന്നത്. ജൂത വോട്ടർമാർ, ഇവാഞ്ചലിക്കൽ ക്രിസ്ത്യാനികൾ, ഇസ്രായേലിനെ ശക്തമായി പിന്തുണക്കുന്നവർ എന്നിവരുടെ പിന്തുണ ഉറപ്പാക്കുകയാണ് ട്രംപിന്‍റെ ലക്ഷ്യമെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. വികലമായ നയങ്ങളും തീരുമാനങ്ങളും കാരണം തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയാണ് ട്രംപ് നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.