ജിമ്മി കാർട്ടർ: മനുഷ്യാവകാശങ്ങൾ ഉയർത്തിപ്പിടിച്ച നേതാവ്
text_fieldsവാഷിങ്ടൺ: 100 വർഷത്തെ ജീവിതത്തിൽ ഉയർച്ചതാഴ്ചകൾ ഏറെ കണ്ടാണ് ജിമ്മി കാർട്ടർ കാലയവനികക്ക് പിന്നിൽ മറയുന്നത്. യൗവനത്തിന്റെ തുടക്കത്തിൽ നാവിക സേനയിൽ ഓഫിസറായി ചേരാൻ ഗ്രാമം വിട്ട അദ്ദേഹം കരിയറിൽ ഉന്നത പടവുകൾ കയറണമെന്ന ആശയുമായി നടക്കുമ്പോഴാണ് അപ്രതീക്ഷിതമായി പിതാവിന്റെ മരണമെത്തുന്നത്. അങ്ങനെ കാർട്ടറും നവവധു റോസലിനും നാട്ടിലേക്ക് മടങ്ങി.
ജയിംസ് ഏൾ കാർട്ടർ ജൂനിയറിന് ആഗ്രഹിച്ചതുപോലെ നാവികസേനയിൽ അഡ്മിറലാകാൻ കഴിഞ്ഞില്ല. എന്നാൽ, പിൽക്കാലത്ത് അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ കമാൻഡർ ഇൻ ചീഫ് പദവി അലങ്കരിക്കാൻ അദ്ദേഹത്തിനായി. രണ്ടാമൂഴത്തിൽ മത്സരിക്കാനിറങ്ങി കനത്ത തോൽവിയേറ്റുവാങ്ങിയ അദ്ദേഹത്തെ തേടി നൊബേൽ പുരസ്കാരം എത്തിയെന്നതും ചരിത്രത്തിലെ കൗതുകം.
ഏറ്റവും കൂടുതൽ കാലം ജീവിച്ച അമേരിക്കൻ പ്രസിഡന്റ് കൂടിയായ ജിമ്മി കാർട്ടർ പ്രസിഡന്റ് പദവി ഒഴിഞ്ഞശേഷമാണ് കൂടുതൽ പ്രശസ്തനായതെന്ന് വേണമെങ്കിൽ പറയാം. ജീവകാരുണ്യ, മനുഷ്യാവകാശ രംഗങ്ങളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ആഗോള ശ്രദ്ധ പിടിച്ചുപറ്റി.
‘ഭരണകാലത്ത് എത്രത്തോളം പ്രശസ്തരാണെന്ന് നോക്കിയല്ല പ്രസിഡന്റുമാരെ വിലയിരുത്തേണ്ടത്. മറിച്ച്, രാജ്യത്തെയും ലോകത്തെയും എത്രത്തോളം നന്മയുള്ളതാക്കി മാറ്റിയെന്ന് നോക്കിയാണ്’ -കാർട്ടറുടെ ജീവചരിത്രകാരനായ ജൊനാഥൻ ആൾട്ടർ പറഞ്ഞു. അങ്ങനെ നോക്കുമ്പോൾ ജിമ്മി കാർട്ടർ ആദ്യ റാങ്കിൽ വരില്ല. പക്ഷേ, അദ്ദേഹം മുൻനിരയിൽത്തന്നെയുണ്ട്. ഊർജ പ്രതിസന്ധി പരിഹരിക്കുന്നതിലും സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിലും തെഹ്റാനിൽനിന്ന് അമേരിക്കൻ ബന്ദികളെ ഉടനടി മോചിപ്പിക്കുന്നതിലും കാർട്ടർ പ്രസിഡന്റ് എന്ന നിലയിൽ പരാജയമായിരുന്നുവെന്ന് പല അമേരിക്കക്കാരും വിലയിരുത്തുന്നു.
അതേസമയം, അദ്ദേഹം സ്ഥാപിച്ച കാർട്ടർ സെന്ററിന്റെ പേരിൽ പിൽക്കാലത്ത് വ്യാപക പ്രശംസ നേടുകയും ചെയ്തു. 1982 മുതൽ പൊതുജനാരോഗ്യം, മനുഷ്യാവകാശം, ജനാധിപത്യം എന്നിവക്കായി പ്രയത്നിക്കുന്ന സന്നദ്ധ സംഘടനയാണിത്. അമേരിക്കൻ രാഷ്ട്രീയത്തിൽ ഇന്നത്തെ ഇടത് -വലത്, ചുവപ്പ്-നീല കളങ്ങളിൽ ഒതുങ്ങുന്നതായിരുന്നില്ല കാർട്ടറുടെ ജീവിതം. പുരോഗമനവാദിയും യാഥാസ്ഥിതികനുമെന്നാണ് കാർട്ടർ സ്വയം വിശേഷിപ്പിച്ചത്. എന്നാൽ, ഇടതുപക്ഷക്കാരനെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിക്കാർ അദ്ദേഹത്തെ വിളിച്ചത്. മധ്യപക്ഷ നിലപാടുകാരൻ എന്ന് വേണമെങ്കിൽ കാർട്ടറെ വിളിക്കാമെന്ന് യു.എസ് ഗതാഗത സെക്രട്ടറി പീറ്റെ ബുട്ടിഗീഗ് പറഞ്ഞു.
വിദേശങ്ങളിലെ അമേരിക്കയുടെ തന്ത്രപരമായ തീരുമാനങ്ങൾ മനുഷ്യാവകാശങ്ങൾ മുറുകെപ്പിടിച്ചുകൊണ്ടുള്ളതാകണമെന്ന പക്ഷക്കാരനായിരുന്നു കാർട്ടർ. ഒരു തവണ മാത്രമേ അധികാരത്തിലുണ്ടായിരുന്നുള്ളുവെങ്കിലും നിർണായക നേട്ടങ്ങൾ കൈവരിക്കാൻ അദ്ദേഹത്തിനായി. 1978ലെ കാമ്പ് ഡേവിഡ് കരാറാണ് ഇതിൽ പ്രധാനം. സമാധാനത്തിനും ഈജിപ്തുമായുള്ള പൂർണ നയതന്ത്ര ബന്ധത്തിനും പകരമായി 1967ലെ ആറ് ദിവസത്തെ യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത മുഴുവൻ സിനായ് ഉപദ്വീപും വിട്ടുകൊടുക്കാൻ ഇസ്രായേൽ സമ്മതിച്ച കരാറിൽ കാർട്ടർ, ഇസ്രായേൽ പ്രധാനമന്ത്രി മെനാഷെം ബെഗിൻ, ഈജിപ്ഷ്യൻ പ്രസിഡന്റ് അൻവർ സാദത്ത് എന്നിവരാണ് ഒപ്പുവെച്ചത്.
ഇന്ത്യയിലുണ്ട് ‘കാർട്ടർപുരി’
വാഷിങ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ജിമ്മി കാർട്ടർക്ക് ഇന്ത്യയോടുണ്ടായിരുന്നത് സവിശേഷ ബന്ധം. 1978ലെ ഇന്ത്യ സന്ദർശന ഓർമക്കായി ഹരിയാനയിലെ ഒരു ഗ്രാമത്തിന് കാർട്ടർപുരി എന്ന് പേര് നൽകുകയും ചെയ്തു.
ഇന്ത്യയുടെ സുഹൃത്തായി അറിയപ്പെടുന്ന ജിമ്മി കാർട്ടർ 1977ൽ അടിയന്തരാവസ്ഥ പിൻവലിക്കുകയും ജനതാ പാർട്ടി വിജയിക്കുകയും ചെയ്തശേഷം ഇന്ത്യ സന്ദർശിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റായിരുന്നു. ഇന്ത്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ഏകാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയർത്തുകയും ഇന്ത്യയുടെ ജനാധിപത്യത്തെ പ്രശംസിക്കുകയും ചെയ്തു.
സാമ്പത്തിക, സാമൂഹിക പുരോഗതി കൈവരിക്കാൻ ഒരു വികസര രാജ്യം ഏകാധിപത്യ-സമഗ്രാധിപത്യ സർക്കാറിനെ സ്വീകരിക്കണമെന്ന സിദ്ധാന്തത്തെ ഖണ്ഡിക്കുന്നതാണ് ഇന്ത്യയുടെ വിജയം. ഇടിമുഴക്കത്തിന്റെ ശബ്ദത്തിൽ ഇന്ത്യ നൽകിയ ഉത്തരം ലോകമെങ്ങും മുഴങ്ങിക്കേട്ടതായും അദ്ദേഹം പറഞ്ഞു. അടുത്ത ദിവസമാണ് അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായിക്കൊപ്പം ഡൽഹി പ്രഖ്യാപനത്തിൽ അദ്ദേഹം ഒപ്പുവെച്ചത്. രാജ്യങ്ങളെയും സർക്കാറുകളെയും നയിക്കേണ്ടത് ജനങ്ങളുടെ ധാർമിക മൂല്യങ്ങളാണെന്ന നിശ്ചയദാർഢ്യമാണ് ഇന്ത്യയുടെയും അമേരിക്കയുടെയും സൗഹൃദത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം ഒപ്പുവെക്കൽ ചടങ്ങിൽ പറഞ്ഞു.
1978 ജനുവരി മൂന്നിനാണ് ജിമ്മി കാർട്ടറും പ്രഥമവനിത റോസലിൻ കാർട്ടറും ഡൽഹിയിൽനിന്ന് ഒരുമണിക്കൂർ അകലെയുള്ള ദൗലത്പൂർ നസീറാബാദിലെ ഗ്രാമം സന്ദർശിച്ചതെന്ന് കാർട്ടർ സെന്റർ ചരിത്രരേഖയിൽ പറയുന്നു. ഇതിനുശേഷമാണ് ഗ്രാമവാസികൾ ഗ്രാമത്തിന്റെ പേര് കാർട്ടർപുരി എന്നാക്കിയത്. കാർട്ടർ വൈറ്റ് ഹൗസിൽ തുടർന്ന കാലം ഗ്രാമവുമായി ബന്ധം പുലർത്തുകയും ചെയ്തു. 2002ൽ കാർട്ടർക്ക് നൊബേൽ പുരസ്കാരം ലഭിച്ചത് ഗ്രാമവാസികൾ ഗംഭീരമായി ആഘോഷിച്ചു. കാർട്ടർ സന്ദർശനം നടത്തിയ ജനുവരി മൂന്ന് ഗ്രാമത്തിൽ അവധി ദിവസമായി കൊണ്ടാടുകയാണെന്നും കാർട്ടർ സെന്റർ പറയുന്നു.
ആഗോള സമാധാനത്തിനും സഹവർത്തിത്വത്തിനുമായി പോരാടിയ ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനായിരുന്നു ജിമ്മി കാർട്ടറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ഇന്ത്യ-അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. കുടുംബാംഗങ്ങളെയും അമേരിക്കൻ ജനതയെയും അനുശോചനം അറിയിക്കുന്നതായും മോദി ‘എക്സി’ൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.