ജോ ബൈഡൻ: പുതിയ അമേരിക്ക കാത്തിരിക്കുന്ന ജീവിതം, കരിയർ...
text_fieldsമുൻഗാമികളിൽ പലരിൽനിന്നും വ്യത്യസ്തമായി യു.എസ് പ്രസിഡൻറ് പദവിയിലേക്ക് ബൈഡെൻറ സഞ്ചാരപഥം തീർത്തും പുതുമയാർന്നതാണ്. ബിൽ ക്ലിൻറണ് യൗവനമാണ് തെരഞ്ഞെടുപ്പ് വിജയമൊരുക്കിയത്, വൈദഗ്ധ്യം തുളുമ്പുന്ന നയവിശകലന മിടുക്കും. എതിരാളി സീനിയർ ജോർജ് ബുഷ് ആകട്ടെ, നേർവിപരീതമായിരുന്നു. ഇനിയും വിവാദം തീരാത്ത കോടതി വിധിയാണ് സീനിയർ ബുഷിെൻറ മകൻ ജോർജ് ഡബ്ല്യു ബുഷിന് വഴിതുറന്നത്. വിസ്മയിപ്പിച്ച വാക്ചാതുരിയും ഒപ്പം മഹത്തായ വ്യക്തി ചരിതവും ബറാക് ഒബാമക്ക് അധികാരത്തിെൻറ ഇടനാഴി തുറന്നുകൊടുത്തു.
ബൈഡനെ എഴുതിത്തള്ളിയതാണ് പലരുമെന്നത് അറിയാത്തവർ കാണില്ല. കഴിഞ്ഞ വർഷം നടന്ന ഡെമോക്രാറ്റിക് സംവാദങ്ങളെ ജ്വലിപ്പിച്ചുനിർത്തുന്നതിൽ വൻപരാജയമായി അദ്ദേഹം. എലിസബത്ത് വാരൺ, ബെർണി സാൻഡേഴ്സ് തുടങ്ങിയ എതിരാളികൾക്ക് മുമ്പിൽ പലപ്പോഴും നിലംപരിശായതിന് അമേരിക്ക സാക്ഷി. എന്നല്ല, ചില ലൈവ് ചർച്ചാവേദികളിൽ സംപൂജ്യനുമായി. ടെലിപ്രോംപ്റ്റർ തെറ്റായി വായിച്ച് പരിഹാസം വാങ്ങിയത് വേറെ. വംശീയ വൈവിധ്യം ഉറപ്പാക്കാനായി നടപ്പാക്കിയ ബസിങ് സംവിധാനത്തിനെതിരെ മുമ്പ് നിലയുറപ്പിച്ച് സ്വന്തം വൈസ് പ്രസിഡൻറ് കമല ഹാരിസിെൻറ വിമർശനം കൈയോടെ വാങ്ങിയതും മറക്കാറായിട്ടില്ല. പക്ഷേ, ഡോണൾഡ് ട്രംപിനോട് ജനങ്ങളുടെ മടുപ്പും പിന്നെ, ജിം ൈക്ലബേണിെൻറ കലവറയില്ലാത്ത പിന്തുണയുമായതോടെ ബൈഡൻ ആദ്യം സൗത്ത് കരോലിനയിലും പിന്നീട് സൂപർ ചൊവ്വാഴ്ചയും വിജയം വരിച്ചു. ആദ്യം നാമനിർദേശം ഉറപ്പാക്കി, പിന്നീട് പ്രസിഡൻറ് പദവിയും.
അദ്ദേഹത്തെചുറ്റി ഇപ്പോഴുമുണ്ട് ചില സന്ദേഹങ്ങൾ. തെൻറ നല്ലകാലം എന്നേ പിന്നിട്ടതല്ലേയെന്ന ഗൗരവതരമായ സംശയം ഒന്നാമത്. ഇനി ആയാൽ തന്നെ, ഒരു തവണ മതിയെന്നും തുടർന്ന് കമല ഹാരിസിന് വാതായനം തുറന്നുനൽകണമെന്നും പറയുന്നവരും അനവധി. ശരിക്കും ധ്രുവീകരിക്കപ്പെട്ടുപോയ അമേരിക്ക ഇപ്പോൾ നേരിടുന്ന സാങ്കേതിക, രാഷ്ട്രീയ വെല്ലുവിളികളെ അതിജയിക്കാൻ തക്ക മിടുക്കും ഊർജവും പോരെന്നാണ് പരാതി. ഭരണത്തിൽ ബൈഡൻ മിടുക്കനാണെന്ന് ജനത്തിനറിയാം, പക്ഷേ, അദ്ദേഹം ചരിച്ച കനൽവഴികളുടെ സവിശേഷതകളും ഉടനീളം അദ്ദേഹത്തെ ഉത്തേജിപ്പിക്കുന്ന ഊർജവും എന്തൊക്കെയെന്ന് പലർക്കുമറിയില്ല.
പ്രസിഡൻറുമായും സഹപ്രവർത്തകർ, വിമർശകർ എന്നിവരുമായി സംവദിച്ച് ഇവാൻ ഓസ്നോ തയാറാക്കിയ കൊച്ചു ജീവകഥ 'ജോ ബൈഡൻ: അമേരിക്കൻ ഡ്രീമർ' പക്ഷേ, ലോകം മറന്നുപോകുകയോ അവമതിക്കുകയോ ചെയ്യുമായിരുന്ന ഒരാളെ കുറിച്ച് നമ്മെ യഥാർഥമായി ചിലത് ഓർമിപ്പിക്കുന്നു.
വൈകാരിക സങ്കീർണതകൾക്കൊപ്പം അതിെൻറ ആഴവും കഴിഞ്ഞ പതിറ്റാണ്ടുകളിൽ പലർക്കുമില്ലാത്ത വൈറ്റ്ഹൗസിലെ കർമ വൈഭവവും ഓസ്നോ പുസ്തകത്തിെൻറ താളുകൾ പങ്കുവെക്കുന്നു. വിക്കും കൊഞ്ഞും അലട്ടിയ കുഞ്ഞുനാളിലേ അവന് അമേരിക്കൻ പ്രസിഡൻറാകാൻ കൊതി കാത്തുപോന്നു. 29ാം വയസ്സിൽ സെനറ്ററായി. തൊട്ടുപിറകെ, ക്രിസ്മസ് ട്രീ വാങ്ങാൻ പുറത്തിറങ്ങിയപ്പോൾ കാർ അപകടത്തിൽ പത്നിയും മകളും മരിച്ചു. നോവും നൊമ്പരവും പെരുമഴയായി പെയ്തിട്ടും തളരാതെ നിന്നു, കാരണം രണ്ടു മക്കൾക്ക് ഏക അഭയം താനായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് ജിൽ ജേക്കബ്സിനെ വിവാഹം കഴിച്ചു. ''ജിൽ വന്നു, അവൾ ഞങ്ങൾക്ക് ജീവനേകി. ഇത്രയും പെരുത്ത ഇഷ്ടം ഒരാൾ അർഹിക്കുന്നുണ്ടാകില്ല, എന്നിട്ടല്ലേ രണ്ട്''. ബൈഡൻ പറയുമായിരുന്നു. പക്ഷേ, ദുരന്തം പിന്നെയും പടി കടന്നെത്തി. 2015ൽ ഇഷ്ടപുത്രൻ ബ്യൂവും വിടപറഞ്ഞു. തലച്ചോറിൽ അർബുദ ബാധയായിരുന്നു വില്ലൻ. രണ്ടാമത്തെ പുത്രൻ ഹണ്ടർ അഡിക്ഷനോട് മല്ലിടുന്നു, ഇപ്പോഴും.
ഐവി ലീഗിൽ വരുന്ന ഒരു വാഴ്സിറ്റിയിലും പഠിക്കാനാവാത്തത് ബൈഡന് വേദനയായിരുന്നു. എന്നിട്ടും, വകവെക്കാതെ പൊങ്ങച്ചക്കാരെൻറ വേഷമിട്ട് 1987ൽ അമേരിക്കൻ പ്രസിഡൻറ് പദത്തിലേക്ക് മത്സരത്തിനിറങ്ങി. ദയനീയമായി തോറ്റു. അതൊന്നും പക്ഷേ, തന്ത്രശാലിയായ രാഷ്ട്രീയക്കാരനായും ജനമനസ്സുകളോട് ചേർന്നുനിന്ന് കർമഗോദ സജീവമാക്കുന്നതിനും തടസ്സമായില്ല. കൈയടിനേടാവുന്ന വാചക കസർത്തുകളായിരുന്നില്ല അദ്ദേഹത്തിെൻറ സവിശേഷത. ഓസ്നോസിെൻറ വാക്കുകളിൽ ''തെൻറ സുരക്ഷിതത്വമില്ലായ്മകൾ ഇത്തിരി തുറന്ന വ്യക്തിത്വവും ക്ഷിപ്രവശംവദത്വവും അദ്ദേഹത്തിന് നൽകി''. സെനറ്റർ പദവി വലിയ പ്രവൃത്തി പരിചയമാണ് അദ്ദേഹത്തിന് നൽകിയത്. ഇടപാടുകൾ നടത്തിയും വൃത്തിയായി നിയമനിർമാണം നടപ്പാക്കിയും സെനറ്റ് വിദേശകാര്യ സമിതി അധ്യക്ഷനെന്ന നിലക്ക് ലോക നേതാക്കളുമായി ബന്ധം സ്ഥാപിച്ചും ഇത് അനുദിനം വികസിച്ചു, വളർന്നു.
കരിയറിനിടെ ബൈഡന് അബദ്ധങ്ങൾ പലതു സംഭവിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായിട്ടും യാഥാസ്ഥിതികനായി അറിയപ്പെട്ടതിൽ ഊറ്റംകൊണ്ടു. സുപ്രീം കോടതിയിൽ ക്ലാരൻസ് തോമസ് നാമനിർദേശ വാദം കേൾക്കലിനിടെ മറ്റു വനിതകൾക്ക് സാക്ഷിമൊഴി നൽകാനോ അനിത ഹില്ലിെൻറ ആരോപണങ്ങളെ പിന്താങ്ങാനോ അവസരം നൽകാത്തതിന് ഏറെ പഴികേട്ടു.
പൗരാവകാശങ്ങൾ സംബന്ധിച്ച വിഷയങ്ങളിലും ബൈഡെൻറ ട്രാക് റെക്കോഡ് അത്ര മികച്ചതെന്നു പറയാനാകില്ല. 'കൂട്ട തടവുശിക്ഷകൾക്ക് വളമായിമാറിയ 1994ലെ ക്രിമിനൽ നിയമം അദ്ദേഹത്തിെൻറ സൃഷ്ടിയായിരുന്നു. ശരിക്കും കറുത്ത വർഗക്കാരെ കൂട്ടമായി ജയിലിലാക്കിയ നിയമമായിരുന്നു.
എന്നിട്ടും ബൈഡന് ജയിച്ചുകയറാൻ അവസരമൊരുക്കിയത് എല്ലാറ്റിൽനിന്നും പഠിച്ച് സ്വയം നവീകരിച്ച് തെറ്റു തിരുത്താൻ കാണിച്ച മനസ്സായിരുന്നു. ചിലപ്പോഴെങ്കിലും അതിൽ ചില വസ്തുതകളുണ്ടായാലും അദ്ദേഹം തിരുത്തി. ഒരു സമ്മേളനത്തിൽ ഹന്ന അരെൻറ്റ് അവതരിപ്പിച്ച പേപ്പറിെൻറ പകർപ്പ് ബൈഡൻ ചോദിച്ചത് ഉദാഹരണമായി ഓസ്നോസ് പുസ്തകത്തിൽ പറയുന്നുണ്ട്. ഒരു പത്രത്തിൽ വന്ന വാർത്ത വായിച്ച ശേഷമായിരുന്നു ഇത്. അടുത്തിടെയാണ് 'How Democracies Die' എന്ന കൃതി ബൈഡൻ വായിച്ചത്. അതിനാൽ തന്നെ ട്രംപും ലോകത്തെ മറ്റു ഏകാധിപ ഭരണാധികാരികളും ചെയ്തുകൂട്ടിയതിനെ പറ്റി അദ്ദേഹം ജാഗ്രത്തായിരിക്കും. മുമ്പ് ചെയ്ത പലതിലും ബൈഡൻ മാപ്പു ചോദിച്ചിട്ടുണ്ട്. പൗരാവകാശ സംരക്ഷണത്തിന് കാര്യമായി ചെയ്യാനാവാത്തതിലും 2003ലെ ഇറാഖ് യുദ്ധത്തിനുമുൾപെടെ. അതുകൊണ്ടുതന്നെ ജനം അദ്ദേഹത്തെ സ്വീകരിച്ച മട്ടാണ്.
ഒരു ടി.വി സംവാദത്തിനു ശേഷം സെനറ്റർ കോറി ബുക്കറെ വിളിച്ച് മാപ്പു ചോദിച്ചിരുന്നു, കറുത്തവരെ 'ബോയ്സ്' എന്നു വിളിച്ചതായിരുന്നു പ്രശ്നം. ''തെറ്റുപറ്റാനുള്ള സാധ്യത ബോധ്യപ്പെടുത്തുകയും ഇനിയും മെച്ചപ്പെടാനുണ്ടെന്ന് വരുത്തുകയുമായിരുന്നു പിന്നിലെന്ന്' ബുക്കർ ഓസ്നോസിന് പറയുന്നുണ്ട്. 'ഏറെയായി രാഷ്ട്രീയത്തിലുള്ളയാളാണ് ഞാൻ. ബൈഡെൻറ പരിവർത്തനത്തിന് അതിനാൽ സാക്ഷിയുമാണ്'' സെനറ്റർ ആമി േക്ലാബൂക്കർ ഓർത്തെടുക്കുന്നു. ''ബൈഡനെ ഇഷ്ടംകൊണ്ട് മൂടുന്ന ഒരുപാട് പേരുണ്ടിപ്പോൾ. അവർക്ക് അദ്ദേഹത്തെ അറിയാം''.
സ്വന്തം പിതാവിനെയും സഹോദരങ്ങളെയും ചെറുപ്പകാലത്ത് നഷ്ടമായതിനെ കുറിച്ച് ബൈഡനുമായി പങ്കുവെച്ച വിഷാദവും വേദനയും ടെലിവിഷൻ അവതാരകനും കൊമീഡിയനുമായ സ്റ്റീഫൻ കോൽബെർട്ട് ഓർത്തെടുക്കുന്നുണ്ട്. ''ജോ ബൈഡന് നല്ലോണം അതുണ്ട്. നോവ് പകരുന്ന ഏകാന്തത അദ്ദേഹം പ്രകടിപ്പിക്കും, എന്നിട്ട് നിങ്ങൾ ഒറ്റക്കല്ലെന്ന് വരുത്തും''.
ഒബാമയുടെ ശരിയായ ആരാധകൻ കൂടിയാണ് ബൈഡൻ. രാഷ്ട്രീയക്കാരനായി അദ്ദേഹത്തിെൻറ പുതിയ മാറ്റങ്ങളിൽ ഒബാമ വഹിച്ച പങ്കും നിസ്തുലം. വിദേശ നയ പരിചയവും കോൺഗ്രസിലെ ബന്ധങ്ങളും പരിഗണിച്ച് ചുമതല നൽകിയ വൈസ് പ്രസിഡൻറ് പദവി വലിയ സൗഹൃദത്തിെൻറ ആകാശത്ത് ഇരുവരെയും ഒന്നിപ്പിക്കുകയായിരുന്നു. (അതുകൊണ്ടുതന്നെ ബൈഡൻ ഒബാമ കുടുംബത്തിലെ എല്ലാവരെയും 'ഓണററി ബൈഡൻസ്' എന്നും വിളിച്ചു). എന്നും കടപ്പെട്ടവനായിരുന്നു ബൈഡൻ. റിപ്പബ്ലിക്കൻ ആക്രമണങ്ങളെ ബൈഡൻ ഒറ്റക്ക് ചെറുത്തു. ദേശീയ സുരക്ഷ വിഷയങ്ങളിൽ ഉപദേശവും എതിർപ്പും ഒന്നിച്ച് പ്രകടിപ്പിച്ചു. 'അഫോഡബ്ൾ കെയർ ആക്റ്റ് പോലുള്ളവ നടപ്പാക്കാൻ കൂടെനിന്നു. ഒബാമയെ കുറിച്ച് ബൈഡെൻറ വാക്കുകൾ ഇതായിരുന്നു: ''സത്യനിഷ്ഠയും മര്യാദയും മറ്റുമനുഷ്യരുടെ പ്രശ്നങ്ങളോട് അനുതാപവും ഇത്രക്ക് കാണിച്ച ഒരു പ്രസിഡൻറിനെ ഞാൻ കണ്ടിട്ടില്ല''.
ഒബാമ അച്ചടക്കത്തിന് പേരു കേട്ടയാളാണ്. കൃത്യമായ നയ പ്രക്രിയ പാലിച്ചു അദ്ദേഹം. എല്ലാറ്റിനും മതിയായ ഒരുക്കം നടത്തി. ചിലപ്പോൾ അത് സഹായികളെക്കാൾ മികച്ചുനിന്നു. സമാനമാണ് ബൈഡെൻറയും വഴികൾ. ഏറ്റവും മികച്ച സഹായികളാണ് കൂട്ടുള്ളത്. ദേശീയ സുരക്ഷ ഉപദേശക പദവിയിൽ ജെയ്ക് സുള്ളിവനും ട്രഷറിയിൽ ജാനറ്റ് യെലനും അറ്റോണി ജനറലായി മെറിക് ഗാർലാൻഡും പിന്നെ മറ്റു പലരും. ബൈഡെൻറ സർക്കാറിലുമുണ്ട് വൈവിധ്യം. ലാറ്റിനോ, വനിത പ്രാതിനിധ്യത്തിൽ മുൻഗാമികളെല്ലാം ബൈഡനു മുന്നിൽ സുല്ലിട്ടുകഴിഞ്ഞു. അത്രക്കുണ്ട് അവർക്ക് പ്രാതിനിധ്യം.
തിരിഞ്ഞുനോക്കിയാൽ, ജീവിത പരിചയങ്ങളിൽനിന്ന് ഏറെ പഠിച്ച ബൈഡൻ ഇന്ന് അമേരിക്കക്ക് ഏറ്റവും യോജിച്ച പ്രതിനിധിയാണ്. ഒരിക്കൽ യാഥാസ്ഥിതികനെന്ന് സ്വയം വിശേഷിപ്പിച്ച ഡെമോക്രാറ്റാണ് അദ്ദേഹം. അന്ന് റിപ്പബ്ലിക്കൻ യാഥാസ്ഥിതികരുമായിട്ടായിരുന്നു അദ്ദേഹത്തിന് ബന്ധം. പക്ഷേ, ഒബാമക്കൊപ്പം ജീവിച്ച അദ്ദേഹം നിലപാടുകൾ മാറ്റിയെഴുതിയിരിക്കുന്നു. എല്ലാവരെയും ഉൾക്കൊണ്ടുള്ള ജീവിതമാണിപ്പോൾ ബൈഡേന്റത്.
മുമ്പ് ഒബാമക്കൊപ്പമാകുേമ്പാൾ, 'സ്വന്തം രാജ്യത്തിനായി നിർണായകമായ ചിലതു ചെയ്ത ഒരാൾക്കൊപ്പം വഴിനടന്നവൻ' എന്നായിരുന്നു സംസാരമെങ്കിൽ ഇനി ബൈഡൻ തന്നെ സ്വന്തം ചരിത്രം കുറിക്കും. ലോകത്ത് ലിബറൽ ജനാധിപത്യത്തെ പുനഃസംരചിക്കുകയും ചെയ്യും.
(കടപ്പാട്: thewire.in മൊഴിമാറ്റം: കെ.പി. മൻസൂർ അലി)
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.