28 ചൈനീസ് കമ്പനികളെ കൂടി കരിമ്പട്ടികയിൽ പെടുത്തി ബൈഡൻ
text_fields
വാഷിങ്ടൺ: ഡോണൾഡ് ട്രംപ് ഭരണത്തിലിരിക്കെ 31 ചൈനീസ് കമ്പനികൾക്ക് ഏർപെടുത്തിയ ഉപരോധം വ്യാപിപ്പിച്ച് പുതിയ പ്രസിഡന്‍റ് ജോ ബൈഡൻ. പുതുതായി 28 ചൈനീസ് കമ്പനികളിൽ അമേരിക്കൻ കമ്പനികൾക്കും വ്യക്തികൾക്കും നിക്ഷേപമിറക്കുന്നതിനാണ് വിലക്ക്. ഇവ ചൈനയുടെ സൈനിക വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവയാണെന്നാണ് വിശദീകരണം.
നേരത്തെ, ട്രംപ് വിലക്കേർപെടുത്തിയപ്പോഴും സമാന കാരണമാണ് ഉന്നയിച്ചിരുന്നത്. മുൻനിര ടെലികോം, നിർമാണ, സാങ്കേതിക സ്ഥാപനങ്ങളായ ചൈന മൊബൈൽ, ചൈന ടെലികോം, വിഡിയോ സർവയലൻസ് കമ്പനി ഹിക്വിഷൻ, ചൈന റെയിൽവേ കൺസ്ട്രക്ഷൻ കോർപ് തുടങ്ങിയവക്കായിരുന്നു ട്രംപ് അമേരിക്കയിൽ പൂട്ടിട്ടത്. ഇതിലുൾപെടുത്തിയിരുന്ന ഏവിയേഷൻ ഇൻഡസ്ട്രി കോർപ് ഓഫ് ചൈന, ചൈന മൊബൈൽ കമ്യൂണിക്കേഷൻസ് ഗ്രൂപ്, ചൈന നാഷനൽ ഓഫ്ഷോർ ഓയിൽ കോർപ്, വാവയ് ടെക്നോളജീസ് ആന്‍റ് സെമികണ്ടക്ടർ മാനുഫാക്ചറിങ് ഇന്‍റർനാഷനൽ കോർപ് (എസ്.എം.ഐ.സി) തുടങ്ങിയവ പുതിയ പട്ടികയിലും ഇടംപിടിച്ചിട്ടുണ്ട്. ചിപ് നിർമാണ മേഖലയിൽ ആഗോള തലത്തിൽ ഏറ്റവും പ്രശസ്തമായ കമ്പനികളിെലാന്നാണ് എസ്.എം.ഐ.സി.
ചൈനയുമായി നയതന്ത്ര ചർച്ചകൾ പുനരാരംഭിച്ച ബൈഡൻ ഭരണകൂടം പ്രതിരോധ, സാങ്കേതിക രംഗങ്ങളിൽ നിയന്ത്രണം കടുപ്പിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായാണ് പുതിയ കമ്പനികൾ കൂടി ഉപരോധ പട്ടികയിൽ പെടുത്തിയത്. ഈ മേഖലയിൽ നേരത്തെ നിക്ഷേപമുള്ളവർക്ക് അവ പിൻവലിക്കാൻ സാവകാശം നൽകും. പുതിയ നിയന്ത്രണങ്ങൾക്കെതിരെ ചൈന കടുത്ത വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.
അതേ സമയം, വിമാന നിർമാണ രംഗത്തെ ആഗോള ഭീമന്മാരായ ബോയിങ്, എയർബസ് എന്നിവയോട് കൊമ്പുകോർക്കാൻ ചൈന രൂപം നൽകിയ കൊമേഴ്സ്യൽ എയർക്രാഫ്റ്റ് കോർപ് ഓഫ് ചൈന വിലക്കപ്പെട്ടിട്ടില്ല. യു.എസ് വിലക്കിനെതിരെ നേരത്തെ കോടതി കയറിയ ഗോവിൻ സെമികണ്ടക്ടർ കോർപ്, ലുവോകോങ് ടെക്നോളജി കോർപ് എന്നിവയും ഇടംനേടാതെ ഒഴിവായി. ട്രംപ് നേരത്തെ വിലക്കുകയും പിന്നീട് ഒഴിവാക്കുകകയും ചെയ്ത ഷഓമിയും പട്ടികയിലില്ലെന്നത് ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.